അടിസ്ഥാനകാര്യങ്ങൾ ശരിയായി ചെയ്യുന്നതിൽ മിടുക്കനായത് കൊണ്ടാണ് എംഎസ് ധോണി ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളായി മാറിയതെന്ന് അടുത്തിടെ വിരമിച്ച ടീം ഇന്ത്യയുടെ ഓഫ് സ്പിന്നർ വിചന്ദ്രൻ അശ്വിൻ കണക്കാക്കുന്നു. ധോനി ബൗളറെ പൂർണ്ണഹൃദയത്തോടെ പിന്തുണയ്ക്കുമെന്നും എന്നാൽ ചില തെറ്റുകൾ ക്ഷമിക്കുക ഇല്ലെന്നും പറഞ്ഞിരിക്കുകയാണ്.
ബ്രിസ്‌ബേനിൽ നടന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിന് ശേഷം 38-കാരൻ അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ചെന്നൈ സൂപ്പർ കിംഗ്‌സിനായി (സിഎസ്‌കെ) ധോണിയുടെ ക്യാപ്റ്റൻസിക്ക് കീഴിലാണ് തമിഴ്‌നാട് സ്പിന്നർ ആദ്യം ശ്രദ്ധ നേടിയത്. .
ഇന്ത്യക്ക് വേണ്ടിയും ഫ്രാഞ്ചൈസി തലത്തിലും ധോണിയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ ഒരുപാട് കളിച്ചിട്ടുള്ള അശ്വിൻ, ധോണിയെ പോലെ ബേസിക്ക് കാര്യങ്ങളിൽ ശ്രദ്ധിക്കുന്ന നായകന്മാർ ഇന്ന് കുറവാണെന്ന് പറഞ്ഞിരിക്കുകയാണ്. മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻമാരായ നാസർ ഹുസൈൻ, മൈക്കൽ ആതർട്ടൺ എന്നിവരോട് സ്കൈ സ്പോർട്സിൽ സംസാരിച്ച അശ്വിൻ ധോണിയെ പുകഴ്ത്തി പറഞ്ഞു.
“ഇത് ഉത്തരം നൽകാൻ വളരെ ലളിതമായ ഒരു ചോദ്യമാണ്. അവൻ അടിസ്ഥാന കാര്യങ്ങളിൽ ഭൂരിഭാഗവും ശരിയായി ചെയ്യുന്നുവെന്ന് ഞാൻ കരുതുന്നു, മറ്റ് മിക്ക ക്യാപ്റ്റൻമാർക്കും അടിസ്ഥാന പ്രാഥമിക കാര്യങ്ങൾ നഷ്‌ടപ്പെടുന്നു, ഇത് അവർക്ക് കളി കൂടുതൽ ബുദ്ധിമുട്ടാക്കുന്നു.”
ബൗളർമാർക്ക് ധോണി പൂർണ സ്വാതന്ത്ര്യം നൽകിയതെങ്ങനെയെന്ന് 38-കാരൻ വിശദീകരിച്ചു.
” അവൻ എപ്പോഴും അടിസ്ഥാന കാര്യങ്ങൾ ശരിയായി ചെയ്യാൻ ഇഷ്ടപെടുന്ന താരമാണ്. ഒരു ബോളർ പന്തെറിയാൻ എത്തിയാൽ അദ്ദേഹം അയാളോട് തന്നെ ആവശ്യമുള്ള ഫീൽഡ് സെറ്റ് ചെയ്യാൻ പറയും. ലൂസ് ഡെലിവറികൾ എറിയുന്നത് അവൻ ഇഷ്ടപ്പെട്ടില്ല. നല്ല പന്ത് എറിഞ്ഞിട്ടും അടി കിട്ടിയാൽ അവൻ ബോളർക്ക് പിന്തുണ നൽകും ” അശ്വിൻ പറഞ്ഞു.
” പുതിയ ഒരു ബാറ്റർ വരുമ്പോൾ നമ്മൾ അവനു അടിക്കാൻ പാകത്തിന് പന്ത് ഇട്ട് കൊടുക്കുന്നത് ധോണി വെറുത്തിരുന്നു. അപ്പോൾ അവൻ നമ്മളിലെ മാറ്റി മറ്റൊരു ബോളർക്ക് അവസരം കൊടുക്കും. ഇതൊക്കെ ബേസിക്ക് കാര്യങ്ങളാണ്. ഇന്ന് പല താരങ്ങൾക്കും ഇതൊന്നും അറിയില്ല.” അശ്വിൻ പറഞ്ഞു.
എന്തായാലും ഇരുവരും ഒന്നിച്ച് ഈ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ഭാഗമായി കളിക്കും എന്നതിൽ ആരാധകർ സന്തോഷത്തിലാണ്.