റിയാൻ പരാഗിന് സിംബാബ്‌വെയ്‌ക്കെതിരായ 5 മത്സരങ്ങളുടെ ടി20 ഐ പരമ്പരയിലേക്ക് ഉള്ള ടീമിൽ അവസരം കിട്ടിയത് അദ്ദേഹത്തിന്റെ ഇന്ത്യൻ പ്രീമിയർ ലീഗ് പ്രകടനങ്ങൾക്ക് കിട്ടിയ അംഗീകാരമായി കാണാം. തൻ്റെ കരിയറിലെ പ്രയാസകരമായ ഘട്ടത്തിൽ തനിക്ക് ലഭിച്ച വിമർശനം യഥാർത്ഥത്തിൽ താൻ അർഹിച്ചിരുന്നില്ല എന്നാണ് താരം ഇപ്പോൾ പറയുന്നത്. ന്യൂസിലാൻഡിൽ നടന്ന 2018 അണ്ടർ 19 ലോകകപ്പ് ടീമിനായി നടത്തിയ മികച്ച പ്രകടനമാണ് താരത്തെ രാജസ്ഥാൻ ടീമിൽ എത്തിച്ചത്.
2019-ലെ മികച്ച അരങ്ങേറ്റത്തിന് ശേഷം പരാഗിൻ്റെ കരിയറിന് അപ്രതീക്ഷിത വഴിത്തിരിവുണ്ടായി. അടുത്ത നാല് സീസണുകളിൽ, തൻ്റെ ഫോം നിലനിർത്താൻ അദ്ദേഹം പാടുപെട്ടു, ഇത് ടീമിലെ അദ്ദേഹത്തിൻ്റെ സ്ഥാനത്തെക്കുറിച്ചുള്ള ചോദ്യങ്ങളിലേക്ക് നയിച്ചു. ഈ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിൽ, ആരാധകരിൽ നിന്ന് കടുത്ത വിമർശനങ്ങളും തിരിച്ചടികളും അദ്ദേഹം നേരിട്ടു. എന്നിരുന്നാലും, ഐപിഎൽ 2024 ൽ പരാഗിൻ്റെ തലവര മാറി. ലീഗിലെ മുൻനിര റൺ സ്കോറർമാരിൽ ഒരാളായി താരം ഈ കാലയളവിൽ മാറുകയും ചെയ്തു. ഈ തകർപ്പൻ പ്രകടനം അദ്ദേഹത്തിന് ഇന്ത്യയെ പ്രതിനിധീകരിക്കാൻ ഏറെ നാളായി കാത്തിരുന്ന അവസരം നേടിക്കൊടുത്തു.
“കഴിഞ്ഞ വർഷം എനിക്ക് വെല്ലുവിളികളുടേത് ആയിരുന്നു. പക്ഷേ അതിനുശേഷം ഞാൻ എന്നോട് തന്നെ ഒരു പ്രധാന സംഭാഷണം നടത്തി. ചില മേഖലകളിൽ എനിക്ക് തയ്യാറെടുപ്പ് കുറവ് ഉണ്ടെങ്കിൽ ഞാൻ അതിനെ ഒകെ മാറ്റി തിരിച്ചുവരാൻ ശ്രമിച്ചു. ഞാൻ എല്ലായ്‌പ്പോഴും എൻ്റെ പൂർണ്ണ പരിശ്രമം നൽകിയിട്ടുണ്ട്, ”പരാഗ് ESPN Cricinfo-യോട് പറഞ്ഞു.
“ഞാൻ ഒരുപാട് ട്രോളുകൾ ഈ കാലയളവിൽ നേരിട്ടു. ആളുകൾ അവർക്കാവശ്യമുള്ളത് എന്തും പറയും. കഴിഞ്ഞ വർഷം, ഐപിഎല്ലിൽ കളിക്കാനുള്ള കഴിവ് എനിക്കില്ലെന്ന് അവർ അവകാശപ്പെട്ടു, എന്നാൽ ഇപ്പോൾ അവർ എന്നെ ഇന്ത്യൻ ദേശീയ ടീമിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നു. പൊതുജനാഭിപ്രായത്തിൻ്റെ ചഞ്ചല സ്വഭാവം അങ്ങനെയാണ്. ഒരു സ്വിച്ച് ഫ്ലിപ്പിംഗ് പോലെ ഏത് നിമിഷവും ഇത് മാറാം. ”അദ്ദേഹം കൂട്ടിച്ചേർത്തു.
“ ദശലക്ഷക്കണക്കിന് ആരാധകർ ഐപിഎൽ കാണുന്നു, ഞാൻ മികച്ച പ്രകടനം നടത്താത്തപ്പോൾ എനിക്ക് ഭയങ്കര വിഷമം തോന്നുന്നു. ഒരുപാട് ആളുകൾ നമ്മളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പറയുന്നു. ഈ മോശം നാളുകളിൽ എൻ്റെ കളി നന്നായി മനസ്സിലാക്കാൻ ഞാൻ ശ്രമിച്ചു, ഒരിക്കൽ ഞാൻ അത് ചെയ്യാൻ തുടങ്ങിയപ്പോൾ, ക്രിക്കറ്റിനോടുള്ള എൻ്റെ സ്നേഹവും അഭിനിവേശവും ഞാൻ വീണ്ടും കണ്ടെത്തി.” അദ്ദേഹം തുടർന്നു.
Read more
ഐപിഎൽ 2024-ൽ ഏറ്റവും കൂടുതൽ റൺസ് നേടിയ മൂന്നാമത്തെ താരമായിരുന്നു പരാഗ്. 16 മത്സരങ്ങളിൽ നിന്ന് 573 റൺസ് സ്‌കോറുചെയ്‌ത അദ്ദേഹം 52.09 എന്ന മികച്ച ശരാശരിയും 149.21 എന്ന സ്‌ട്രൈക്ക് റേറ്റും നിലനിർത്തി. 4 അർധസെഞ്ചുറികളും അദ്ദേഹം ടൂർണമെന്റിൽ നേടി.