ഇന്ത്യൻ പ്രീമിയർ ലീഗ് 2024 മാർച്ച് 22 ന് ചെന്നൈ സൂപ്പർ കിംഗ്‌സും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള ഏകപക്ഷീയമായ മത്സരത്തോടെയാണ് ആരംഭിച്ചത്. എംഎസ് ധോണി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിന് ശേഷം റുതുരാജ് ഗെയ്‌ക്‌വാദാണ് സിഎസ്‌കെയെ നയിച്ചത്. ചെന്നൈയിൽ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാർ ആറ് വിക്കറ്റിന് ജയിച്ചു.
മകൻ്റെ ജനനത്തെത്തുടർന്ന് മാസങ്ങളോളം ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്ന വിരാട് കോഹ്‌ലിയുടെ തിരിച്ചുവരവ് കൂടിയായിരുന്നു ഈ കളി. അകായ് കോഹ്‌ലിയുടെ ജനനത്തിന് ശേഷം കളത്തിൽ ഇറങ്ങിയ താരത്തിന് ബാറ്റിംഗിൽ അത്ര മികച്ച ദിവസം ആയിരുന്നില്ല. 20 പന്തിൽ 21 റൺസ് നേടിയ ശേഷം കോഹ്‌ലി പുറത്താക്കുക ആയിരുന്നു.
കോഹ്‌ലിയുടെ മടങ്ങിവരവ് എന്തായാലും സോഷ്യൽ മീഡിയ ആഘോഷമാക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. കൂടാതെ മറ്റ് താരങ്ങൾ അദ്ദേഹത്തിന് കൊടുക്കുന്ന ആദരവ് എത്രത്തോളമുണ്ടെന്നും കാണാൻ സാധിച്ചു. സിഎസ്‌കെയുടെ വിജയത്തിന് ശേഷം, അരങ്ങേറ്റക്കാരൻ സമീർ റിസ്‌വി വിരാട് കോഹ്‌ലിക്ക് കൊടുത്ത ബഹുമാന രീതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷമാക്കുന്നത്. മത്സരശേഷം ആദരസൂചകമായി വിരാടുമായി ഹസ്തദാനം ചെയ്യുന്നതിനുമുമ്പ് അദ്ദേഹം തൻ്റെ തൊപ്പി നീക്കി.
ലോക ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾക്ക് താരം കൊടുത്ത ബഹുമാനം എന്തായാലും ആരാധകർക്കും ഇഷ്ടമായി. ഈ വിനയവും എളിമയും എന്നും വേണം ഉൾപ്പടെ നിരവധി അഭിപ്രായങ്ങളാണ് ഇപ്പോൾ വരുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ വിരാട് 7284 റൺസ് നേടിയിട്ടുണ്ട്, അഞ്ച് തവണ ചാമ്പ്യന്മാർക്കെതിരായ മത്സരത്തിൽ, ഏറ്റവും കുറഞ്ഞ ഫോർമാറ്റിൽ 12,000 റൺസ് കടക്കുന്ന ആദ്യ ഇന്ത്യൻ ബാറ്ററായി വിരാട് മാറി.
സ്വന്തം തട്ടകത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് ആർസിബി അടുത്ത മത്സരം കളിക്കുന്നത്. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ നൈറ്റ് റൈഡേഴ്‌സ് തങ്ങളുടെ ആദ്യ മത്സരത്തിൽ നാല് റൺസിന് ജയിച്ചു.