ഇനിയൊരു ഓസ്‌ട്രേലിയൻ പര്യടനത്തിൽ താൻ ഉണ്ടാകില്ല എന്ന് പറഞ്ഞിരിക്കുകയാണ് സ്റ്റാർ ഇന്ത്യൻ ബാറ്സ്മാൻ വിരാട് കോഹ്‌ലി. കഴിഞ്ഞ നാളുകളിലെ ഓസ്‌ട്രേലിയൻ ടൂറുകളിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ തനിക്ക് സന്തോഷം ഉണ്ടെന്നും അതിനാൽ തന്നെ വളരെ സന്തോഷമായി നിർത്താനാണ് ആഗ്രഹിക്കുന്നത് എന്നാണ് വിരാട് കോഹ്‌ലി പറഞ്ഞിരിക്കുന്നത്.
2024/25 ലെ ബിജിടിയിൽ കോഹ്‌ലിക്ക് മികച്ച പ്രകടനം നടത്താൻ സാധിച്ചിരുന്നില്ല. പരമ്പരയിലെ ആദ്യ മത്സരത്തിൽ കോഹ്‌ലി സെഞ്ച്വറി നേടിയെങ്കിലും ഓസ്‌ട്രേലിയയോട് ഇന്ത്യ 3-1 ന് പരാജയപ്പെട്ടു. അതിനുശേഷം നടന്ന എല്ലാ ടെസ്റ്റ് മത്സരങ്ങളിലും ഒരേ രീതിയിൽ പുറത്തായ കോഹ്‌ലി ശരിക്കും ബുദ്ധിമുട്ടുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. 5 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 23.75 എന്ന മോശം ശരാശരിയിൽ 190 റൺസ് മാത്രമാണ് പരമ്പരയുടെ അവസാനം കോഹ്‌ലിയുടെ സമ്പാദ്യം.
“ഇനിയൊരു ഓസ്‌ട്രേലിയൻ പര്യടനത്തിൽ ഞാൻ ഉണ്ടാകില്ല. കഴിഞ്ഞ കാലങ്ങളിൽ സംഭവിച്ച കാര്യങ്ങളിൽ എനിക്ക് സന്തോഷവും സമാധാനവും ഉണ്ട്” ആർസിബി ഇന്നൊവേഷൻ ലാബ് ഇന്ത്യൻ സ്‌പോർട്‌സ് ഉച്ചകോടിയിൽ വിരാട് കോഹ്‌ലി പറഞ്ഞു.
2025 ഒക്ടോബർ-നവംബർ മാസങ്ങളിലാണ് ഇന്ത്യ അടുത്തതായി ഓസ്‌ട്രേലിയയിലേക്ക് പോകുന്നത്, പക്ഷെ അതൊരു വൈറ്റ് ബോൾ പര്യടനമാണ്. 2026 ലെ ടി 20 ലോകകപ്പിനും 2027 ലെ ഏകദിന ലോകകപ്പിനും വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ആയി കണ്ട് ഇന്ത്യ പരമ്പരയിൽ 3 ഏകദിനങ്ങളും 5 ടി 20 മത്സരങ്ങളും കളിക്കും.
അതേസമയം താൻ ക്രിക്കറ്റ് കളിക്കുന്നത് തുടരുമെന്നും ഉടൻ വിരമിക്കില്ല എന്നും കോഹ്‌ലി പറഞ്ഞു.
“ആരും വിഷമിക്കേണ്ടതില്ല. ഞാൻ വിരമിക്കൽ പ്രഖ്യാപിക്കുകയല്ല. ഇപ്പോഴും എനിക്ക് ക്രിക്കറ്റ് കളിക്കുന്നത് ഇഷ്ടമാണ്. അത് തുടരും. ക്രിക്കറ്റ് കളിക്കുന്നത് ഇഷ്ടപെടുന്നു. പുതിയ വെല്ലുവിളികൾ ആസ്വദിക്കുന്നു. വ്യക്തിഗത നേട്ടം അല്ല ടീം ആണ് എനിക്ക് പ്രധാനം.” അദ്ദേഹം പറഞ്ഞു.