വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സിന്റെ (ഡബ്ല്യുസിഎൽ) രണ്ടാം സീസണിൽ ഇന്ത്യ ചാമ്പ്യൻസിന്റെ ക്യാപ്റ്റനായി താൻ ഉണ്ടാകുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗ് സ്ഥിരീകരിച്ചു. അടുത്തിടെ പ്രഖ്യാപിച്ചതുപോലെ ജൂലൈയിൽ യുണൈറ്റഡ് കിംഗ്ഡത്തിലാണ് ടൂർണമെന്റ് നടക്കുക.
ടൂർണമെന്റിന്റെ ആദ്യ സീസണിൽ കിരീടം നേടിയപ്പോഴും യുവി തന്നെ ആയിരുന്നു നായകൻ. ഇനി ആ വിജയം ആവർത്തിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. കഴിഞ്ഞ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം ടൂർണമെന്റിൽ അരങ്ങേറ്റം കുറിക്കുന്ന ശിഖർ ധവാനും ഇത്തവണ അദ്ദേഹത്തോടൊപ്പം ചേരും.
ടീമിനെ വീണ്ടും നയിക്കാൻ കഴിയുന്നതിൽ യുവരാജ് സിംഗ് ആവേശം പ്രകടിപ്പിച്ചു. “ഇന്ത്യയെ വീണ്ടും പ്രതിനിധീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ആദ്യ പതിപ്പിലെ നമ്മുടെ വിജയത്തിന്റെ ഓർമ്മകൾ എപ്പോഴും സവിശേഷമായിരിക്കും,” അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സീസണിൽ സുരേഷ് റെയ്‌ന, റോബിൻ ഉത്തപ്പ, പത്താൻ സഹോദരന്മാർ (ഇർഫാൻ & യൂസഫ്) തുടങ്ങിയ താരങ്ങൾ എല്ലാവരും കഴിഞ്ഞ സീസണിൽ മികവ് കാണിച്ചിരുന്നു. ഈ സീസണിലും ഇതിഹാസതാരങ്ങളിൽ പലരും ടീമിനൊപ്പം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
അതേസമയം ഇന്ത്യ ചാമ്പ്യൻസ് ടീമിന്റെ ഉടമകൾ സുമന്ത് ബഹൽ, സൽമാൻ അഹമ്മദ്, ജസ്പാൽ ബഹ്‌റ എന്നിവരാണ്. ഓസ്‌ട്രേലിയ, വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട്, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക ടീമുകളാണ് നടത്തിയിരിക്കുന്നത്.
ഇന്ത്യ ചാമ്പ്യൻസിന്റെ സഹ ഉടമയായ സുമന്ത് ബഹൽ ആദ്യ സീസണിലെ അവരുടെ ചരിത്ര വിജയം അനുസ്മരിച്ചു. “പാകിസ്ഥാനെ പരാജയപ്പെടുത്തി കിരീടം നേടിയത് ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു. സീസൺ 2 നായി ആവേശത്തോടെ നോക്കി ഇരിക്കുന്നു. ശക്തമായ ഒരു ടീമിനൊപ്പം വീണ്ടും വിജയിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” അദ്ദേഹം പറഞ്ഞു.
ക്രിക്കറ്റ് ഇതിഹാസങ്ങൾ വീണ്ടും പോരാട്ടത്തിനിറങ്ങുമ്പോൾ, ആരാധകർക്ക് വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സിന്റെ മറ്റൊരു ആവേശകരമായ സീസൺ പ്രതീക്ഷിക്കാം.