പിറന്നാള്‍ ദിനത്തില്‍ സെവാഗിന്റെ നേതൃത്വത്തില്‍ യുവിയ്ക്ക് ട്രോള്‍ മഴ

യുവരാജ് സിംഗ്, സച്ചിന് ശേഷം മറ്റൊരു താരത്തെയും ആാധകര്‍ ഇത്രയേറെ സ്നേഹിച്ചിട്ടില്ല. ഇടംകൈയ്യന്‍ സിക്സടി വീരന്റെ 36-ാമത്തെ പിറന്നാള്‍ ആണ് ഇന്ന്. താരത്തിന് ആശംസയുമായി കായികലോകത്ത് നിന്ന് മാത്രമല്ല വിവിധമേഖലയില്‍ നിന്നുള്ളവര്‍ എത്തിക്കഴിഞ്ഞു.

പതിവ്പോലെ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ആശംസ നേര്‍ന്ന് സെവാഗ് തന്നെയാണ് ആരാധകരുടെ മനം കവര്‍ന്നത്. എ ബി സി ഡി ഒരുപാടുണ്ടാവാം എന്നാല്‍ “യു വി” ഒന്നേ കാണു എന്നാണ് വീരു പറഞ്ഞത്.

എന്നാല്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത്തിന്റെ ആശംസയറിയിച്ചുള്ള ട്വീറ്റ് സോഷ്യല്‍മീഡിയയില്‍ ചിരിയുണര്‍ത്തിരിയ്ക്കുകയാണ്. യുവരാജ് സിക്സ്പാക്ക് വരുത്താന്‍ ശ്രമിയ്ക്കുന്ന ചിത്രത്തിനൊപ്പം സിക്സ്പാക്കിന്റെ കാര്യത്തില്‍ ഉറപ്പൊന്നുമില്ല പക്ഷെ അതിനുമുന്നെ നിങ്ങള്‍ക്ക് ഒരു ഹെയര്‍സ്‌റ്റൈലിസ്റ്റിനെ കണ്ടെത്തേണ്ടിയിരിക്കുന്നു എന്നാണ് രോഹിത്ത് പറഞ്ഞത്.

ഇന്ത്യയുടെ മുന്‍ വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ പാര്‍ഥീവ് പട്ടേലിന്റെ ട്വീറ്റും ഏറെ ശ്രദ്ധിക്കപ്പെട്ടു. പാര്‍ഥ്വിവും യുവരാജും കൂടി നില്‍ക്കുന്ന വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ചിത്രത്തിനൊപ്പം ഇത് കണ്ട് യുവി ചെറുപ്പമാണെന്ന് കരുതിക്കോട്ടെ എന്നായിരുന്നു പട്ടേലിന്റെ ട്വീറ്റ് . യുവരാജിന് ആശംസയുമായി വി.വി.എസ്.ലക്ഷ്മണ്‍,ശിഖര്‍ ധവാന്‍, മൊഹമ്മദ് ഷാമി,കൈഫ്, ആകാശ് ചോപ്ര,കൊല്‍ക്കത്ത മുഖ്യമന്ത്രി മമത ബാനര്‍ജി തുടങ്ങി നിരവധി പ്രമുഖരാണ് ട്വിറ്ററില്‍ എത്തിയത്.

ഇന്ത്യയ്ക്ക് ലോകകപ്പ് നേടുന്നതില്‍ നിര്‍ണായകമായത് യുവരാജിന്റെ ഓള്‍റൗണ്ടര്‍ മികവായിരുന്നു. ടൂര്‍ണമെന്റിലെ താരവും മറ്റാരുമല്ലായിരുന്നു. ആരാധകരുടെ പ്രിയപ്പെട്ട യുവി തന്നെയായിരുന്നു.

2008 ടി-20 ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ യുവിയുടെ പ്രകടനം ക്രിക്കറ്റ്‌ലോകം ഒരുകാലത്തും മറക്കാനിടയില്ല.ഒരോവറിലെ ആറ് ബോളും സിക്‌സര്‍ പറത്തി റെക്കോഡിട്ടു. കൂടാതെ ഏറ്റവും കുറഞ്ഞ പന്തില്‍ 50 നേടിയെന്ന റെക്കോഡും ആ പഞ്ചാബി ബാറ്റ്‌സ്മാനാണ്. 12 ബോളുകളിലായിരുന്നു യുവിയുടെ ഈ നേട്ടം. ഈ ഇടം കൈയ്യന്‍ ബാറ്റ്‌സ്മാന്‍ 40 ടെസ്റ്റുകളില്‍ നിന്നായി 1900 റണ്‍സും 304 ഏകദിനങ്ങളില്‍ നിന്നായി 8701 റണ്‍സും 58 ടി-20 കളില്‍ നിന്ന് 1177 റണ്‍സും നേടിയിട്ടുണ്ട്.