ഓപ്പണറാക്കൂ, പത്ത് വര്‍ഷത്തിനകം അവന്‍ ഒരുപാട് നേട്ടങ്ങള്‍ കൈവരിക്കും; പഞ്ചാബ് താരത്തിനായി വാദിച്ച് യുവരാജ്

തന്റെ മികച്ച കരിയറിന് ശേഷം തന്റെ സംസ്ഥാനത്ത് നിന്ന് നിരവധി കഴിവുറ്റ യുവ പ്രതിഭകളെ വളര്‍ത്തിയെടുത്ത താരമാണ് ഇതിഹാസ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിംഗ്. രണ്ട് തവണ ഐസിസി ലോകകപ്പ് കിരീട നേട്ടത്തില്‍ പങ്കാളിയായ യുവി ഇപ്പോഴിതാ ഇന്ത്യന്‍ ടീമിലെ വളര്‍ന്നുവരുന്ന യുവതാരങ്ങളിലൊരാളായ പഞ്ചാബുകാരന്‍ ശുഭ്മാന്‍ ഗില്ലിനെ പ്രശംസിച്ച് രംഗത്തുവന്നിരിക്കുകയാണ്.

ശുഭ്മാന്‍ വളരെ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്നുണ്ടെന്നും ഞാന്‍ കരുതുന്നു. 2023 ലോകകപ്പില്‍ ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യാനുള്ള ശക്തനായ മത്സരാര്‍ത്ഥിയാണ് അവനെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവനെ ഇന്ത്യ വരുന്ന ലോകകപ്പില്‍ ഓപ്പണറാക്കണം. 10 വര്‍ഷത്തിനുള്ളില്‍ അവന്‍ പ്രത്യേക നേട്ടങ്ങള്‍ കൈവരിക്കും യുവരാജ് പറഞ്ഞു.

2023ലെ ഐസിസി ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കാനുള്ള ശക്തനായ ഒരു മത്സരാര്‍ത്ഥിയാണ് ഗില്‍. ഇന്ത്യയ്ക്കായി ഓപ്പണറായി ഇറങ്ങി മികച്ച പ്രകടനങ്ങള്‍ അദ്ദേഹം കാഴ്ചവെച്ചിട്ടുണ്ട്. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കുമ്പോള്‍ മാത്രമാണ് താരത്തെ ഇന്ത്യ പരിഗണിക്കുന്നത് എന്നതാണ് ദുഃഖകരമായ കാര്യം.

ഇന്ത്യക്ക് വേണ്ടി 11 ടെസ്റ്റുകളും 15 ഏകദിനങ്ങളും ഗില്‍ കളിച്ചിട്ടുണ്ട്. 50 ഓവര്‍ ഫോര്‍മാറ്റില്‍ ഇന്ത്യക്കായി 687 റണ്‍സാണ് 23-കാരന്‍ നേടിയത്. 11 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 579 റണ്‍സും നേടി. 2019 ല്‍ ന്യൂസിലന്‍ഡിനെതിരെ സെഡണ്‍ പാര്‍ക്കിലാണ് ഇന്ത്യക്കായി ഗില്‍ ഏകദിന അരങ്ങേറ്റം നടത്തിയത്.