അന്താരാഷ്ട്ര ക്രിക്കറ്റിൽ റിങ്കു സിംഗ് വളർന്നു കൊണ്ടിരിക്കുകയാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇന്ത്യ ഏറെ നാളുകൾ ആയി കാത്തിരുന്ന ഒരു ഫിനിഷിങ് പാക്കേജ് ആയി വരാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ബെംഗളൂരുവിൽ അഫ്ഗാനിസ്ഥാനെതിരെ നടന്ന മൂന്നാമത്തെയും അവസാനത്തെയും ടി20യിൽ അദ്ദേഹം തന്റെ ക്ലാസ് കാണിക്കുന്ന പ്രകടനമാണ് താരം നടത്തിയത്. ഇന്ത്യ ഒരു ഘട്ടത്തിൽ 34/4 എന്ന നിലയിൽ തകരുന്ന സമയത്താണ് റിങ്കു ക്രീസിൽ എത്തുന്നത്.
രോഹിത് ശർമ്മയ്‌ക്കൊപ്പം ചേർന്ന് സ്‌കോർ 50 ഓവറിൽ 212/4 എന്ന നിലയിൽ എത്തിക്കുന്നതിൽ താരം അതിനിർണായക പ്രകടനമാണ് നടത്തിയത്. രോഹിത് ടി20യിലെ തന്റെ അഞ്ചാമത്തെ സെഞ്ച്വറി നേടിയപ്പോൾ, സമ്മർദത്തിൻകീഴിൽ റിങ്കു മറ്റൊരു മികച്ച പ്രകടനം നടത്തി. 39 പന്തിൽ 6 സിക്സും 2 ഫോറും സഹിതം 69 റൺസ് നേടി റിങ്കു പുറത്താകാതെ നിന്നു. റിങ്കു നടത്തിയ അസാദ്യ ബാറ്റിംഗ് പ്രകടനം കണ്ട മുൻ പാകിസ്ഥാൻ താരം മുഹമ്മദ് ആമിർ ഇന്ത്യൻ ബാറ്ററെ യുവരാജ് സിങ്ങുമായി താരതമ്യം ചെയ്തു.
“റിങ്കു സിങ്ങിന് ഇന്ത്യയുടെ അടുത്ത യുവരാജ് സിംഗ് ആകാൻ കഴിയും?” അദ്ദേഹം എഴുതി. അതേസമയം റിങ്കു ബാറ്റ് ചെയ്യുന്നത് തന്നെ പോലെയാണെന്ന് നേരത്തെ യുവരാജ് പറഞ്ഞിരുന്നു. റിങ്കു സിങിന്റെ ഫിനിഷിങ് സ്റ്റൈൽ സാക്ഷാൽ എം എസ് ധോണിയെ പോലെ ആണെന്നും അദ്ദേഹത്തിന്റെ ബാറ്റിംഗ് സ്റ്റൈൽ ആണ് റിങ്കുവിന് ഉള്ളതെന്നും ഉള്ള അഭിപ്രായമാണ് നേരത്തെ സൂര്യകുമാർ യാദവ് പറഞ്ഞത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 213 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാൻ ആറ് വിക്കറ്റ് നഷ്ടത്തിൽ 212 റൺസിലൊതുങ്ങിയതോടെയാണ് മത്സരം ആദ്യ സൂപ്പർ ഓവറിലേക്ക് നീണ്ടത്. ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി അഫ്ഗാൻ നേടിയത് 16 റൺസാണ്. മറുപടിയായി ഇന്ത്യയുടെ സൂപ്പർ ഓവർ പോരാട്ടവും 16 റൺസിലൊതുങ്ങിയതോടെ മത്സരം രണ്ടാം സൂപ്പർ ഓവറിലേക്ക് കടന്നു. രണ്ടാം സൂപ്പർ ഓവറിൽ ഇന്ത്യയ്ക്ക് നേടാനായത് 11 റൺസ് മാത്രം. അഞ്ച് പന്തുകൾക്കുള്ളിൽ സൂപ്പർ ഓവറിലെ രണ്ട് വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായി. എന്നാൽ 12 റൺസ് ലക്ഷ്യമിട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്റെ രണ്ട് വിക്കറ്റുകളും വെറും മൂന്ന് പന്തുകൾക്കുള്ളിൽ വീഴ്ത്തി ബിഷ്‌ണോയ് ഇന്ത്യയ്ക്ക് ആവേശ ജയം സമ്മാനിച്ചു.