കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിനിടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബോളറായി ചരിത്രപുസ്തകങ്ങളില്‍ ഇടംനേടി രാജസ്ഥാന്‍ റോയല്‍സ് താരം യുസ്വേന്ദ്ര ചാഹല്‍. കെകെആര്‍ നായകന്‍ നിതീഷ് റാണയെ തന്റെ ആദ്യ ഓവറില്‍ തന്നെ പുറത്താക്കിയാണ് ചാഹല്‍ നാഴികക്കല്ല് സ്വന്തമാക്കിയത്.
കഴിഞ്ഞ മത്സരത്തില്‍ ഡ്വെയ്ന്‍ ബ്രാവോയ്ക്കൊപ്പം സമനില പാലിച്ച ചാഹല്‍ ഐപിഎല്‍ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്താണ്. ഐപിഎലില്‍ ഇതുവരെ 143 മത്സരങ്ങള്‍ കളിച്ച താരത്തിന്റെ പേരില്‍ 184 വിക്കറ്റുകളാണ് ഉള്ളത്.161 മത്സരങ്ങള്‍ കളിച്ച് 183 വിക്കറ്റ് വീഴ്ത്തിയ ബ്രാവോയാണ് രണ്ടാമത്. 174 വിക്കറ്റ് വീഴ്ത്തിയ പിയൂഷ് ചൗളയാണ് മൂന്നാം സ്ഥാനത്ത്.
മുംബൈ ഇന്ത്യന്‍സിലൂടെയാണ് ലെഗ് സ്പിന്നര്‍ ഐപിഎല്‍ കരിയര്‍ ആരംഭിച്ചത്. 2014-ല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിലേക്ക് മാറിയ അദ്ദേഹം ഏഴ് സീസണുകള്‍ അവരോടൊപ്പം ചെലവഴിച്ചു. 2022ലാണ് ചാഹല്‍ രാജസ്ഥാനിലെത്തുന്നത്.
കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഐപിഎല്‍ 56-ാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് രാജസ്ഥാന്‍ റോയല്‍സുമായി ഏറ്റുമുട്ടുകയാണ്. ആരാധകരെ വിസ്മയിപ്പിക്കുന്ന അവിശ്വസനീയമായ പ്രകടനമാണ് രാജസ്ഥാന്‍ നടത്തുന്നത്. ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ആദ്യം ബാറ്റ് ചെയ്യാന്‍ ക്ഷണിച്ചു.
Read more
പ്ലേ ഓഫ് പ്രതീക്ഷ കാക്കാന്‍ രണ്ട് ടീമിനും ജയം അനിവാര്യമാണ്. കൊല്‍ക്കത്തയുടെ തട്ടകത്തിലാണ് മത്സരം. അവസാന മൂന്ന് പോരാട്ടങ്ങളും തോറ്റെത്തുന്ന രാജസ്ഥാന് ഇന്നത്തെ മത്സരം ഏറെ നിര്‍ണ്ണായകമാണ്.