ചഹലും ധനശ്രീ വര്‍മയും വിവാഹമോചിതരായി; കാരണമായി പറഞ്ഞത് ഇത്

ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹലും നര്‍ത്തകിയും നടിയുമായ ധനശ്രീ വര്‍മയും ഔദ്യോഗികമായി വിവാഹമോചിതരായി. വ്യാഴാഴ്ച്ച ബാന്ദ്രയിലെ കുടുംബ കോടതിയില്‍ ഹാജരായ ഇരുവരും നാല് വര്‍ഷത്തെ ദാമ്പത്യജീവിതത്തിനാണ് വിരാമമിട്ടത്.

വിവാമോചനത്തില്‍ ഒപ്പിടുന്നതിന് മുമ്പ് ഇരുവര്‍ക്കും 45 മിനിറ്റോളം കൗണ്‍സിലിംഗ് ഉണ്ടായിരുന്നു. എന്നാല്‍ അതിനുശേഷവും ഇരുവരും വേര്‍പിരിയുകയാണെന്ന തീരുമാനത്തില്‍ ഉറച്ചുനിന്നു. പൊരുത്തക്കേടുകളുണ്ടാകുന്നുവെന്നും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലെന്നുമാണ് വിവാഹമോചനത്തിനുള്ള കാരണമായി രണ്ടു പേരും ചൂണ്ടിക്കാണിച്ചിരിക്കുന്നത്. തുടര്‍ന്ന് വൈകുന്നേരം 4.30-ഓടെ ജഡ്ജി ഇരുവര്‍ക്കും വിവാഹമോചനം അനുവദിച്ചുകൊടുത്തു.

2020 ഡിസംബറിലാണ് ചഹലും ധനശ്രീയും വിവാഹിതരായത്. 2023 ജനുവരിയില്‍ തന്റെ അവസാന ഏകദിനവും അതേ വര്‍ഷം ഓഗസ്റ്റില്‍ അവസാന ടി20യും കളിച്ച അദ്ദേഹം നിലവില്‍ ഫോര്‍മാറ്റുകളിലുടനീളം ഇന്ത്യന്‍ ടീമിന് പുറത്താണ്. എന്നിരുന്നാലും, ആഭ്യന്തര ക്രിക്കറ്റില്‍ പ്രത്യേകിച്ച് ഐപിഎല്ലില്‍ അദ്ദേഹം പ്രകടനം തുടരുന്നു. നര്‍ത്തകിയും കൊറിയോഗ്രാഫറുമാണ് ധനശ്രീ.

ജീവനാംശമായി ചഹല്‍ ധനശ്രീക്ക് 60 കോടി രൂപ നല്‍കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ 18 മാസമായി ചഹലും ധനശ്രീയും വേര്‍പിരിഞ്ഞാണ് താമസിച്ചിരുന്നത്. ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോയും ചെയ്തിരുന്നു. ധനശ്രീയ്ക്കൊപ്പമുള്ള എല്ലാ ചിത്രങ്ങളും ചഹല്‍ നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും വേര്‍പിരിയുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നത്.

Read more