ചരിത്രം പിറന്നു; അപൂര്‍വ്വ നേട്ടം സ്വന്തമാക്കി അഫ്ഗാന്‍ താരം

ക്രിക്കറ്റ് ചരിത്രത്തില്‍ ഒരാള്‍ക്കും തകര്‍ക്കാനാകാത്ത അപൂര്‍വ്വ റെക്കോര്‍ഡ് സ്വന്തം പേരിലാണ് അഫ്ഗാനിസ്ഥാന്‍ താരം മുജീബ് സദ്രാന്‍. 21ാം നൂറ്റാണ്ടില്‍ ജനിച്ച ആദ്യ പുരുഷ അന്താരാഷ്ട്ര ക്രിക്കറ്റ് താരം എന്ന ചരിത്ര നേട്ടമാണ് മുജീബ് സദ്രാന്‍ സ്വന്തമാക്കിയത്.

അയര്‍ലന്‍ഡിനെതിരെ ഏകദിന പരമ്പരയില്‍ കളത്തിലിറങ്ങിയതോടെയാണ് ഈ 16കാരന്‍ അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത്. 2001 മാര്‍ച്ച് 21നാണ് സദ്രാന്‍ ജനിച്ചത്. അയര്‍ലണ്ടിന്റെ ഗേബി ല്യൂവിസ് ആണ് 21-ാം നൂറ്റാണ്ടില്‍ ജനിച്ച വനിതാ അന്താരാഷ്ട്ര ക്രിക്കറ്റ് താരം.

അരങ്ങേറ്റ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഇടംകൈയ്യന്‍ ഓഫ് ബ്രേക്കര്‍ സ്വന്തമാക്കിയത്. 10 ഓവര്‍ എറിഞ്ഞ താരം 24 റണ്‍സ് മാത്രം വഴങ്ങി നാല് ഐറിഷ് വിക്കറ്റുകളാണ് വീഴ്ത്തിയത്.

മത്സരത്തില്‍ അഫ്ഗാന്‍ 138 റണ്‍സിന് ജയിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ 238 റണ്‍സാണ് സ്വന്തമാക്കിയത്. അയര്‍ലന്‍ഡ് ആകട്ടെ 31.4 ഓവറില്‍ 100 റണ്‍സിന് തകര്‍ന്നടിയുകയായിരുന്നു.