ഹരാരെ സ്പോര്‍ട്സ് ക്ലബ്ബില്‍ നടന്ന സിംബാബ്‌വെയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യ 13 റണ്‍സിന് പരാജയപ്പെട്ടു. മത്സരത്തില്‍ ടി20യില്‍ അരങ്ങേറ്റം കുറിച്ച ധ്രുവ് ജുറേലിനെ പുറത്താക്കിയ ശേഷം സിംബാബ്‌വെ പേസര്‍ ലൂക്ക് ജോങ്വെ ‘ഷൂ കോള്‍ ആഘോഷം’ നടത്തി. എന്തുകൊണ്ടാണ് താന്‍ അങ്ങനെ ആഘോഷിച്ചത് എന്ന് മത്സരത്തിന് ശേഷം ജോങ്വെ വെളിപ്പെടുത്തി.
എന്റെ കാമുകി ബൃന്ദയുമായി (ജാസി) ഒരു കോളില്‍ ഇരിക്കുമ്പോഴാണ് ആഘോഷത്തിനായുള്ള ആശയം ഞാന്‍ കണ്ടെത്തിയത്. അടുത്ത ദിവസം എന്റെ ഹോട്ടല്‍ മുറിയില്‍ ഒരു വിക്കറ്റ് കിട്ടിയാല്‍ ഞാന്‍ ചെയ്യുന്ന ഒരു ആഘോഷത്തെ കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്യുകയായിരുന്നു, അതിനാല്‍ ഞാന്‍ ഷൂ ആഘോഷവുമായി പോയി. ഓരോ തവണയും എനിക്ക് വിക്കറ്റ് ലഭിക്കുമ്പോള്‍ ഞാന്‍ നിങ്ങളെ വിളിക്കുമെന്ന് ഞാന്‍ അവളോട് പറഞ്ഞു- താരം വെളിപ്പെടുത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെ നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സെടുത്തു. രവി ബിഷ്‌ണോയ് ഇന്ത്യക്കായി നാല് വിക്കറ്റുകള്‍ നേടി മികച്ച പ്രകടനം കാഴ്ചവെച്ചു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ, 19.5 ഓവറില്‍ 102 റണ്‍സിന് പുറത്തായി. 9 പന്തില്‍ അഞ്ച് ഫോര്‍ ഉള്‍പ്പെടെ 31 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്‍ ആണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും.