Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FOOTBALL

റഷ്യൻ ലോകകപ്പിലെ വില്ലൻ താരം ഇനി അത്ലറ്റികോ മാഡ്രിഡിനു വേണ്ടി ബൂട്ടണിയും

, 1:35 pm

റഷ്യൻ ലോകകപ്പിൽ ക്രൊയേഷ്യയുടെ അവിസ്മരണീയമായ കുതിപ്പിനൊപ്പം ഉയർന്നു കേട്ട പേരാണ് നികോളോ കലിനാച്ചിന്റെത്. എന്നാൽ ക്രൊയേഷ്യയുടെ ഫൈനൽ വരെയുള്ള ഐതിഹാസികമായ കുതിപ്പിനു കാരണക്കാരനായ താരമെന്ന രീതിയിലല്ല, ടൂർണമെന്റിലെ ആദ്യ മത്സരം കഴിഞ്ഞപ്പോൾ തന്നെ ക്രൊയേഷ്യൻ ടീമിൽ നിന്നും ഒഴിവാക്കപ്പെട്ട താരമെന്ന രീതിയിലാണ് കലിനാച്ച് വാർത്തകളിൽ ഇടം നേടിയത്. നൈജീരിയക്കെതിരെ ക്രൊയേഷ്യ 2-0ത്തിന്റെ വിജയം നേടിയ മത്സരത്തിൽ പകരക്കാരനായി ഇറങ്ങാൻ വിസമ്മതിച്ചതിനെ തുടർന്ന് താരത്തെ ടീമിൽ നിന്നും പുറത്താക്കുകയായിരുന്നു. ലോകകപ്പിൽ മോശം പരിവേഷം ലഭിച്ച ക്രൊയേഷ്യൻ സ്ട്രൈക്കറെ സ്പാനിഷ് വമ്പന്മാരായ അത്ലറ്റികോ മാഡ്രിഡ് സ്വന്തം കൂടാരത്തിലെത്തിച്ചതാണ് ഫുട്ബോൾ ലോകത്തെ പ്രധാന വാർത്ത.

എസി മിലാൻ താരമായിരുന്ന കലിനാച്ച് ഒരു സീസൺ മാത്രം ഇറ്റാലിയൻ ക്ലബിനൊപ്പം ചിലവഴിച്ചതിനു ശേഷമാണ് സ്പെയിനിലെത്തുന്നത്. പതിനഞ്ചു ദശലക്ഷം യൂറോയുടെ ട്രാൻസ്ഫറിലാണ് മുപ്പതുകാരനായ താരം അത്ലറ്റികോ മാഡ്രിഡിലെത്തുന്നത്. യുവന്റസിന്റെ അർജൻറീന സ്ട്രൈക്കർ ഗോൺസാലോ ഹിഗ്വയ്ൻ എസി മിലാനിലെത്തിയതോടെയാണ് കലിനാച്ച് ടീം വിടാൻ തീരുമാനിച്ചത്. ഫിയോറന്റിനയിൽ നിന്നും ലോണിൽ എസി മിലാനിലെത്തിയ താരത്തിന് കഴിഞ്ഞ സീസണിൽ ഫോം കണ്ടെത്താനായില്ലായിരുന്നു. ആകെ ആറു ഗോളുകളാണ് കഴിഞ്ഞ സീസണിൽ താരം എസി മിലാനു വേണ്ടി നേടിയത്.

ലോകകപ്പ് ഫൈനൽ മത്സരത്തിൽ ഫ്രാൻസിനെതിരെ ക്രൊയേഷ്യ തോറ്റതിനു ശേഷം രണ്ടാം സ്ഥാനക്കാരായ ടീമംഗങ്ങൾക്കുള്ള മെഡൽ കലിനാച്ച് നിരസിച്ചിരുന്നു. ടൂർണമെന്റിൽ കളിക്കാത്തതു കൊണ്ട് താൻ മെഡൽ അർഹിക്കുന്നില്ലെന്നാണ് താരം ഫൈനലിനു ശേഷം പറഞ്ഞത്. ഗ്രീസ്മാൻ, ഡീഗോ കോസ്റ്റ, തോമസ് ലെമർ എന്നിവരടങ്ങിയ അത്ലറ്റികോ മുന്നേറ്റനിരയിൽ ഇടം പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് താരം അത്ലറ്റികോയിലെത്തുന്നത്. അത്ലറ്റികോ ജഴ്സിയിൽ കലിനാച്ചിന്റെ ആദ്യ കളി ഇന്റർമിലാനുമായുള്ള ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പ് മത്സരമായിരിക്കും. അതിനു ശേഷം നടക്കുന്ന യുവേഫ സൂപ്പർ കപ്പ് മത്സരത്തിൽ റയൽ മാഡ്രിഡുമായാണ് അത്ലറ്റികോയുടെ മത്സരം.

Advertisement