സ്പാനിഷ് ക്ലബ്ബ് ബാഴ്സലണോയുമായി നിന്ന് സൂപ്പർ താരം ലയണൽ മെസി പിരിയുന്നത് സംബന്ധിച്ച ചർച്ചകൾ ഫുട്ബോൾ വൃത്തങ്ങളിൽ ചൂടുപിടിക്കുകയാണ്. മെസി ബാഴ്സ വിടാൻ ആരാണ് കാരണമായതെന്ന ചോദ്യവും ആരാധകർ ഉന്നയിക്കുന്നു. എന്നാൽ ബാഴ്സയെ കൈവിടാൻ മെസി തീരുമാനിച്ചിരുന്നോ എന്ന സംശയം ഉയരുകയാണ് ഇപ്പോൾ. മെസി ടീമിനൊപ്പം ഇനിയുണ്ടാകില്ലെന്ന ബാഴ്സ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് 24 മണിക്കൂറിന് മുൻപ് പുറത്തുവന്ന ചിത്രമാണ് ഈ സന്ദേഹത്തിന് പിന്നിൽ.
ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയുടെ താരങ്ങൾക്കൊപ്പം മെസി നിൽക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. എയ്ഞ്ചൽ ഡി മരിയ, നെയ്മർ, ലിയനാർഡോ പരേഡസ്, മാർക്കോ വെറാറ്റി എന്നിവരാണ് ചിത്രത്തിലുള്ളത്. പിഎസ്ജിയിലെ സുഹൃത്തുക്കൾക്കൊപ്പം തീൻമേശ പങ്കിട്ടതോടെയാണ് മെസി മനസ്സ് മാറ്റിയതെന്ന് ആരോപണമുണ്ട്.
കരാർ ചർച്ചകൾക്കിടെ ബാഴ്സ വിട്ടുപോകുമെന്ന സൂചന മെസി നൽകിയതായും പറയപ്പെടുന്നു. ബാഴ്സലോണയിൽ മെസിയുടെ സഹതാരമായിരുന്ന ബ്രസീലിയൻ സ്ട്രൈക്കർ നെയ്മർ താരത്തെ കുറച്ചുകാലമായി പിഎസ്ജിയിലേക്ക് ക്ഷണിക്കുന്നുണ്ട്. അർജന്റീന ടീമിലെ കളിക്കൂട്ടുകാരൻ ഡി മരിയയുടെ പ്രേരണയും മെസിയുടെ നിലപാട് മാറ്റത്തിന് പിന്നിലുണ്ടെന്ന് പറയപ്പെടുന്നു.
Read more
അടുത്തകാലത്തായി മനസ്സില്ലാമനസോടെയാണ് മെസി ബാഴ്സക്കായി കളിച്ചിരുന്നത്. കഴിഞ്ഞ സീസണിൽ ബാഴ്സലോണ വിടാൻ മെസി സന്നദ്ധ പ്രകടിപ്പിച്ചിരുന്നു. എന്നാൽ താരം ഫ്രീ ട്രാൻസ്ഫറിന് അർഹനായിരുന്നില്ല. 700 മില്യൺ യൂറോ കെട്ടിവെച്ചാൽ ക്ലബ്ബ് വിടാൻ അനുവദിക്കാമെന്നായിരുന്നു ബാഴ്സ അധികൃതർ അന്ന് മെസി അറിയിച്ചത്. അതിനുശേഷം ബാഴ്സ മാനെജ്മെന്റുമായി രസത്തിലല്ലായിരുന്നു മെസി.