Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FOOTBALL

ഇംഗ്ലീഷ് പ്രീമിയർ ലീഗ് പൂരത്തിന് ഇന്നു കൊടിയേറ്റം, ഈ സീസണിലെ വിജയികളെ പ്രഖ്യാപിച്ച് സൂപ്പർ കമ്പ്യൂട്ടർ

, 3:07 pm

2018/19 വർഷത്തെ ക്ലബ് ഫുട്ബോൾ സീസണു തുടക്കമിട്ട് ഇന്നു ഇംഗ്ലണ്ടിലെയും ഫ്രാൻസിലെയും ലീഗ് മത്സരങ്ങൾ ആരംഭിക്കുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നു രാത്രി 12.30ന് മുൻ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ യൂണൈറ്റഡും ലീസസ്റ്റർ സിറ്റിയും ഏറ്റുമുട്ടുമ്പോൾ ഫ്രാൻസിൽ മാഴ്സലിയും ടുളോസും തമ്മിലുള്ള മത്സരം രാത്രി 12.15നാണ്. മാഞ്ചസ്റ്റർ യുണൈറ്റഡും ലിസസ്റ്റർ സിറ്റിയും തമ്മിലുള്ള ആദ്യ മത്സരത്തിനു പുറമേ ഞായറാഴ്ച നടക്കുന്ന ആഴ്സനൽ-മാഞ്ചസ്റ്റർ സിറ്റി പോരാട്ടമാണ് ഈയാഴ്ചയിലെ പ്രധാന പ്രീമിയർ ലീഗ് മത്സരം. കഴിഞ്ഞ തവണ കിരീടമുയർത്തിയ മാഞ്ചസ്റ്റർ സിറ്റിയും ഇരുപത്തിരണ്ടു വർഷം പരിശീലകനായിരുന്ന ആഴ്സൻ വെങ്ങർ ടീം വിട്ടതോടെ പുതിയ മാറ്റങ്ങളോടെയെത്തുന്ന ആഴ്സനലും തമ്മിലുള്ള പോരാട്ടത്തിനാണ് ഈയാഴ്ചയിൽ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്‌.

അതിനിടയിൽ ഈ സീസണിലെ പ്രീമിയർ ലീഗിൽ ആരു കിരീടം നേടുമെന്ന് ടോക്സ്പോർടിന്റെ സൂപ്പർ കമ്പ്യൂട്ടർ പ്രവചനം നടത്തി. നിലവിൽ ലീഗിലുള്ള ടീമുകളിലെ കളിക്കാരെയും ടീമിന്റെ സമീപകാലത്തെ പ്രകടനവും കണക്കാക്കിയാണ് വിജയികളെ കണ്ടെത്തുന്നത്. സൂപ്പർ കമ്പ്യൂട്ടറിന്റെ പ്രവചനപ്രകാരം കഴിഞ്ഞ സീസണിലേതു പോലെ ഇത്തവണവും മാഞ്ചസ്റ്റർ സിറ്റി തന്നെ പ്രീമിയർ ലീഗ് കിരീടമുയർത്തും. ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുമ്പോൾ ചെൽസി നാലാം സ്ഥാനത്തെത്തി വീണ്ടും ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുമെന്നുമാണ് പ്രവചനം. എമറിയുടെ കീഴിലുള്ള ആഴ്സനൽ അഞ്ചാം സ്ഥാനത്തും ടോട്ടനം ഹോസ്പർ ആറാം സ്ഥാനത്തുമായിരിക്കുമെന്നാണ് സൂപ്പർ കമ്പ്യൂട്ടർ പറയുന്നത്.

ഈ സീസണിൽ ഒരു ടീമിനെയും എഴുതിത്തള്ളാനാവില്ലെന്നതാണ് പ്രീമിയർ ലീഗിന്റെ അവസ്ഥ. പ്രധാന ടീമുകളായ മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി, ആഴ്സനൽ, ടോട്ടനം എന്നിവർക്കു പുറമേ എവർട്ടൺ, വെസ്റ്റ് ഹാം, ബേൺലി എന്നിവരെല്ലാം കരുത്തുറ്റ ടീമുകളുമായാണ് പ്രീമിയർ ലീഗിനെത്തുന്നത്. എവർട്ടൺ മൂന്നു ബാഴ്സ താരങ്ങളെയാണ് ഇത്തവണ ടീമിലെത്തിച്ചിരിക്കുന്നത്. ഇതിനു പുറമേ ഈ വർഷം പ്രീമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ഫുൾഹാം, വോൾവറാംപ്ടൺ എന്നിവരും കരുത്തുറ്റ നിരയെയാണ് ഇത്തവണ ഇറക്കുന്നത്. ലീസസ്റ്റർ സിറ്റി കാണിച്ചതു പോലൊരു അട്ടിമറി കിരീട നേട്ടം സ്വന്തമാക്കിയില്ലെങ്കിലും മറ്റു ടീമുകളുടെ വഴിമുടക്കാനുള്ള കരുത്ത് ഈ ക്ലബുകൾക്കുണ്ടെന്നത് പ്രീമിയർ ലീഗ് പോരാട്ടം ഇത്തവണ കടുക്കുമെന്ന സൂചനകളാണ് നൽകുന്നത്.

Advertisement