Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FOOTBALL

അപൂർവ്വരോഗം ബാധിച്ച കുഞ്ഞാരാധകർക്ക് അൻപതുലക്ഷം രൂപ, ബ്രസീലിയൻ താരത്തിനു കയ്യടിച്ച് ഫുട്ബോൾ ലോകം

, 2:22 pm

പ്രീമിയർ ലീഗ്‌ ക്ലബുകളെ നേരിടുമ്പോൾ ഒരു ദയയുമില്ലാതെ ഗോളടിച്ചു കൂട്ടുന്ന ലിവർപൂൾ താരമായ ഫിർമിനോ താൻ ഫുട്ബോളിലെ ഏറ്റവും മനുഷ്യത്വമുള്ള താരമാണെന്നു തെളിയിച്ചു. അപൂർവ്വ രോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്ന രണ്ടു കുഞ്ഞാരാധകരുടെ ചികിത്സക്കു വേണ്ടിയുള്ള പണം മുടക്കിയാണ് ബ്രസീലിയൻ താരം തന്റെ മനസിന്റെ വലിപ്പം കാണിച്ചു തന്നത്. സ്പൈനൽ മസ്കുലർ അസ്ട്രോഫിയെന്ന അപൂർവ്വ രോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്ന സഹോദരങ്ങളായ ജോവ ഡെ അമോറിം, മിഗ്വൽ ഡെ അമോറിം എന്നീ ബ്രസീലിയൻ ആരാധകർക്കു വേണ്ടിയാണ് ലിവർപൂൾ സ്ട്രൈക്കർ അറുപതിനായിരം പൗണ്ട് (അൻപത്തിനാലു ലക്ഷം രൂപ) സംഭാവനയായി നൽകിയത്. താരവും താരത്തിന്റെ ഭാര്യയും ചേർന്നാണ് ഇത്രയും തുക നൽകിയത്.

രോഗം ബാധിച്ചു കഴിയുന്ന കുട്ടികളുടെ മാതാപിതാക്കൾ ട്വിറ്ററിലും ഫേസ് ബുക്കിലും ചികിത്സക്കുള്ള സഹായം അഭ്യർത്ഥിച്ച് രംഗത്തെത്തിയത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഫിർമിനോ അവർക്കുള്ള ധനസഹായം നൽകിയത്. എട്ടു ലക്ഷത്തിലധികം പൗണ്ട് ചെലവു വരുന്ന ചികിത്സക്ക് അറുപതിനായിരം പൗണ്ടിനടുത്ത് കുറവാണെന്നു പറഞ്ഞാണ് കുട്ടികളുടെ മാതാപിതാക്കൾ സോഷ്യൽ മീഡിയയിൽ സഹായ ഹസ്തമഭ്യർത്ഥിച്ച് രംഗത്തെത്തിയത്. വാർത്ത ശ്രദ്ധയിൽ പെട്ട ഫിർമിനോ അവർക്കു ബാക്കി വേണ്ട മുഴുവൻ തുകയും നൽകുകയായിരുന്നു. കുട്ടികളും അവരുടെ കുടുംബവും ഒന്നടങ്കം ഫിർമിനോയുടെ ജേഴ്സി ധരിച്ച് താരത്തോടുള്ള നന്ദിയും കടപ്പാടും അറിയിക്കുകയും ചെയ്തു.

ജർമൻ ലീഗിൽ ഹോഫൻഹൈമിന്റെ താരമായിരുന്ന ഫിർമിനോ 2015ലാണ് ലിവർപൂളിലെത്തുന്നത്. ഇപ്പോൾ ലിവർപൂളിന്റെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് ബ്രസീലിയൻ താരം. കഴിഞ്ഞ തവണ ലിവർപൂൾ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇടം നേടിയപ്പോൾ ടൂർണമെൻറിൽ പത്തു ഗോളുകൾ നേടിയ ഫിർമിനോയുടെ പ്രകടനം നിർണായകമായിരുന്നു. ലോകകപ്പിനുള്ള ബ്രസീലിയൻ ടീമിൽ ഇടം നേടിയിരുന്നെങ്കിലും ഗബ്രിയേൽ ജീസസിന്റെ സാന്നിദ്ധ്യത്തിൽ വളരെ കുറച്ചു സമയം മാത്രമാണ് താരം കളത്തിലിറങ്ങിയത്. ഈ സീസണിൽ കൂടുതൽ കരുത്തോടെ വരുന്ന ലിവർപൂളിനൊപ്പം മികച്ച പ്രകടനം പുറത്തെടുക്കാമെന്ന പ്രതീക്ഷയിലാണ് ബ്രസീലിയൻ താരം.

Advertisement