Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FOOTBALL

ഇതു കേരളത്തിന്റെ സ്വന്തം ക്ലബ്, ഗോകുലത്തിനു വേണ്ടി കളിക്കാനിറങ്ങിയത് അഞ്ചു മലയാളികൾ

, 2:35 pm

മലയാളികളുടെ സ്വന്തം ക്ലബ് തങ്ങൾ തന്നെയെന്നു തെളിയിച്ച് ഐ ലീഗ് ക്ലബ് ഗോകുലം കേരള. ഇന്നലെ നടന്ന മത്സരത്തിൽ അഞ്ചു മലയാളി താരങ്ങളെയാണ് ഗോകുലം ആദ്യ ഇലവനിൽ ഇറക്കിയത്. ഇതിനു പുറമേ രണ്ടാം പകുതിയിൽ പകരക്കാരനായും ഒരു മലയാളി താരം കൂടി കളിക്കാനിറങ്ങിയിരുന്നു. മത്സരത്തിൽ ഷില്ലോങ്ങ് ലജോങ്ങിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കു തകർത്ത് ഈ സീസൺ ഐ ലീഗിലെ ആദ്യ ജയവും ഗോകുലം സ്വന്തമാക്കി. നിലവിൽ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് ഗോകുലം.

ഗനി അഹമ്മദ് (കോഴിക്കോട്), വിപി സുഹൈർ (പാലക്കാട്), രാജേഷ് എസ് (തിരുവനന്തപുരം), ഷിബിൻ രാജ് (കോഴിക്കോട്), മുഹമ്മദ് റാഷിദ് (വയനാട്) എന്നിവരാണ് ഗോകുലത്തിനു വേണ്ടി ബൂട്ട് കെട്ടിയ മലയാളി താരങ്ങൾ. ഇതിനു പുറമേ രണ്ടാം പകുതിയിൽ പകരക്കാരനായി മലപ്പുറം സ്വദേശി സൽമാനും ഇറങ്ങിയിരുന്നു.
എല്ലാ കളിക്കാരും മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ചവെയ്ക്കുകയും ചെയ്തു.

ഗനിയും, രാജേഷും ഗോകുലത്തിനു വേണ്ടി ഗോളുകൾ നേടിയപ്പോൾ ഗോളി ഷിബിൻ രാജ് എന്നത്തെയും പോലെ അടിപൊളി സേവുകളുമായ് ഗോൾ വലക്കു കീഴിൽ മിന്നി. ഈ സീസണിൽ ഗോകുലത്തിന്റെ മത്സര ഫലങ്ങളിലെല്ലാം ഷിബിന്റെ പ്രകടനം നിർണായകമായിരുന്നു. ഭാഗ്യം തുണച്ചെങ്കിൽ കഴിഞ്ഞ മത്സരത്തിൽ ചെന്നൈക്കെതിരെ ലോകോത്തര നിലവാരമുള്ള ഗോൾ നേടിയ സുഹൈറും സ്കോർ ഷീറ്റിൽ ഇടം പിടിക്കുമായിരിന്നു. ബ്രസീലിയൻ തരാം കാസ്ട്രോയുടെ കൂടെ റാഷിദ് മിഡ്‌ഫീൽഡ് നിറഞ്ഞു കളിക്കുന്നതിനും മത്സരം സാക്ഷിയായി.

കഴിഞ്ഞ സീസണിൽ ഐ ലീഗിൽ ആദ്യമായി കളിച്ച ഗോകുലം ടൂർണമെന്റിന്റെ രണ്ടാം പകുതിയിലാണ് ഫോമിലെത്തിയത്. ഈ സീസണിൽ ചെന്നൈക്കെതിരെ തോൽവിയേറ്റു വാങ്ങിയ മത്സരത്തിൽ പോലും തകർപ്പൻ പ്രകടനമാണ് ടീം കാഴ്ച വെച്ചത്. കഴിഞ്ഞ സീസണിൽ നിന്നും വ്യത്യസ്തമായി മികച്ച ആരാധക പിന്തുണയും ടീമിനുണ്ട്. പതിനയ്യായിരത്തിലധികം കാണികളാണ് ഗോകുലത്തിന്റെ ഓരോ ഹോം മത്സരങ്ങൾക്കുമെത്തുന്നത്.
18നു ഐ ലീഗ് ചാമ്പ്യന്മാരായ മിനർവ പഞ്ചാബിനെതിരെയാണു ഗോകുലത്തിന്റെ അടുത്ത ഹോം മത്സരം

Advertisement