'മെസിയുടെ കാര്യത്തിൽ ആശങ്ക'; ആരാധകർക്ക് മറുപടിയുമായി പരിശീലകൻ രംഗത്ത്

ഇന്നലെ അമേരിക്കൻ ലീഗിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് കരുത്തരായ ടോറോന്റോ എഫ്സിയെ പരാജയപെടുത്തിയിരിക്കുകയാണ് ഇന്റർ മിയാമി. മത്സരത്തിന്റെ അവസാനത്തിൽ കംപാന നേടിയ ഗോളാണ് അവർക്ക് വിജയം സമ്മാനിച്ചത്. ക്യാപ്റ്റൻ ലയണൽ മെസ്സി മത്സരത്തിന്റെ അവസാനത്തെ 30 മിനിറ്റ് മാത്രമാണ് കളിച്ചിട്ടുള്ളത്.

മത്സരത്തിന്റെ തുടക്കത്തിൽ മെസിയുടെ അഭാവം ടീമിന് അറിയാൻ സാധിച്ചിരുന്നു. അതിന് ശേഷം അവസാനത്തെ 30 മിനിറ്റുകൾ ഉള്ളപ്പോഴാണ് അദ്ദേഹത്തെ പരിശീലകൻ ഇറക്കിയത്. എന്നാൽ മെസി മുഴുവൻ സമയവും കളിക്കാതെ ഇരുന്നതിൽ ആരാധകർ ആശങ്കയിലാണ്. അതിനെ കുറിച്ച് പരിശീലകനായ ഗെറാർഡോ മാർട്ടീനോ സംസാരിച്ചു.

ഗെറാർഡോ മാർട്ടീനോ പറയുന്നത് ഇങ്ങനെ:

”ചില താരങ്ങൾക്ക് വിശ്രമം നൽകണം എന്നുള്ളത് നേരത്തെ തന്നെ ഞങ്ങൾ തീരുമാനിച്ചിരുന്നു. നിരവധി മത്സരങ്ങൾ കളിക്കേണ്ടി വരുന്നതു കൊണ്ട് തന്നെ റൊട്ടേഷൻ അനിവാര്യമാണ്. രണ്ട് ലക്ഷ്യങ്ങൾ ആയിരുന്നു ഞങ്ങൾക്ക് ഈ മത്സരത്തിൽ ഉണ്ടായിരുന്നത്. ചില താരങ്ങൾക്ക് വിശ്രമം നൽകുക, അതോടൊപ്പം തന്നെ വിജയം നേടിക്കൊണ്ടു മൂന്ന് പോയിന്റുകൾ സ്വന്തമാക്കുക. ഇത് രണ്ടും പൂർത്തിയാക്കാൻ ഞങ്ങൾക്ക് സാധിച്ചു. മെസ്സിക്ക് വിശ്രമം നൽകിയതും അതിന്റെ ഭാഗമാണ് ” ഗെറാർഡോ മാർട്ടീനോ പറഞ്ഞു.

ഇനി മെസി അർജന്റീനൻ ദേശിയ ടീമിനോടൊപ്പമാണ് കളിക്കുന്നത്. ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ അർജന്റീന ഇനി നേരിടാൻ പോകുന്നത് വെനിസ്വേലയാണ്. പതിനൊന്നാം തീയതി പുലർച്ചെയാണ് ഈ മത്സരം നടക്കുക. പിന്നീട് ബൊളീവിയയെ ഒക്ടോബർ പതിനാറാം തീയതിയാണ് അർജന്റീന നേരിടുക. ഈ രണ്ട് മത്സരങ്ങളിലും മെസ്സി കളിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Read more