ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തകർപ്പൻ പ്രകടനത്തിന്റെ മികവിൽ ഇന്നലെ നടന്ന യുവേഫ നേഷൻസ് ലീഗിൽ ക്രൊയേഷ്യയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കരുത്തരായ പോർച്ചുഗൽ പരാജയപ്പെടുത്തി. ടീമിന് വേണ്ടി ഡിയോഗോ ഡാലോട്ട്, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരാണ് ഗോളുകൾ നേടിയത്. ബ്രൂണോ ഫെർണാണ്ടസ്, നുനോ മെന്റസ് എന്നിവർ അസിസ്റ്റുകളും സ്വന്തമാക്കി.
മത്സരത്തിൽ ഗോൾ നേടിയതോടെ തന്റെ പ്രൊഫെഷണൽ കരിയറിൽ 900 ഗോളുകൾ ആണ് റൊണാൾഡോ പൂർത്തിയാക്കിയത്. ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു താരം 900 ഗോളുകൾ പൂർത്തിയാകുന്നത്. ഇതിനെ കുറിച്ച് പരിശീലകനായ റോബർട്ടോ മാർട്ടിനെസ് സംസാരിച്ചു.
റോബർട്ടോ മാർട്ടിനെസ്സ് പറഞ്ഞത് ഇങ്ങനെ:
”ആദ്യമായി 900 ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോയെ ഞാൻ അഭിനന്ദിക്കുന്നു. ഈയൊരു പ്രധാനപ്പെട്ട നിമിഷത്തിന് സാക്ഷിയാവുക എന്നുള്ളത് ആരാധകരെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട കാര്യമായിരുന്നു. മാത്രമല്ല പെപേ ആദരിക്കപ്പെട്ട ദിവസം കൂടിയാണ് ഇത്. ഇത് ഞങ്ങളെ വളരെയധികം അഭിമാനിതരാക്കുന്നു. എപ്പോഴും ആളുകളെ സംസാരിപ്പിക്കാൻ റൊണാൾഡോക്ക് സാധിക്കും. ഏറ്റവും പ്രധാനപ്പെട്ട കാര്യം ടീമിനോടുള്ള അദ്ദേഹത്തിന്റെ ആത്മാർത്ഥത തന്നെയാണ്. മറ്റുള്ള എല്ലാ താരങ്ങൾക്കും അദ്ദേഹം ഒരു ഉദാഹരണമാണ്. ഒരു ഗോൾ സ്കോററാണ് അദ്ദേഹം. പെനാൽറ്റി ഏരിയയിൽ റൊണാൾഡോ വളരെയധികം ഇന്റലിജന്‍റ് ആണ്. ഇന്നത്തെ ഗോൾ അത് തെളിയിക്കുന്നുണ്ട്. ഞങ്ങൾക്ക് എപ്പോഴും ആവശ്യമുള്ള ഒരു താരമാണ് റൊണാൾഡോ” റോബർട്ടോ മാർട്ടിനെസ്സ് പറഞ്ഞു.
അന്താരാഷ്ട്ര മൽസരങ്ങളിൽ റൊണാൾഡോ പോർച്ചുഗലിന് വേണ്ടി 131 ഗോളുകളാണ് നേടിയിരിക്കുന്നത്. കൂടാതെ ക്ലബ് ലെവലിൽ 450 ഗോളുകൾ റയൽ മാഡ്രിഡിനും, 145 ഗോളുകളും, 68 ഗോളുകൾ അൽ നാസറിനും 5 ഗോളുകൾ സ്പോർട്ടിങ്ങിന് വേണ്ടിയും അദ്ദേഹം നേടിയിട്ടുണ്ട്.