ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ് ചെൽസി. ഇന്നലെ നടന്ന മത്സരത്തിൽ ഇത് വരെ ഉള്ള ടൂർണമെന്റിലെ ഗംഭീര വിജയമാണ് അവർ കരസ്ഥമാക്കിയത്. രണ്ടിനെതിരെ ആറ് ഗോളുകൾക്കാണ് ചെൽസി വോൾവ്സിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ഹാട്രിക് നേടിയ നോനി മധുവേക്കയാണ് പ്രധാന താരമായത്. കൂടാതെ ടീമിൽ കോൾ പാൽമർ ഒരു ഗോളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ഫെലിക്സ്, ജാക്ക്സൺ എന്നിവർ ഓരോ ഗോളുകൾ വീതം നേടുകയും ചെയ്തു.
എന്നാൽ സൂപ്പർ താരമായ നോനി മധുവേക്ക മത്സരത്തിന് മുൻപ് ഒരു വിവാദത്തിൽ ഏർപ്പെട്ടു. എതിർ ടീമിനെയും അവരുടെ നഗരത്തെയും മോശമായ രീതിയിൽ ആണ് അധിക്ഷേപിച്ചത്. വോൾവ്സിന്റെ മൈതാനത്ത് വച്ചുകൊണ്ടായിരുന്നു ഈ മത്സരം നടന്നത്. വോൾവർഹാംപ്റ്റൺ ഒരു നശിച്ച സ്ഥലമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറഞ്ഞത്. സംഭവം വലിയ വിവാദങ്ങളിലേക്ക് പോവുകയും ചെയ്യ്തു. അതിന് ശേഷം താരം മാപ്പും പറഞ്ഞു.
നോനി മധുവേക്ക പറഞ്ഞത് ഇങ്ങനെ:
”അത് വേദനിപ്പിച്ചവരോട് ഞാൻ മാപ്പ് പറയുന്നു. മാനുഷികപരമായ ഒരു തെറ്റ് മാത്രമാണ് അത്. ഞാൻ ഒരിക്കലും മോശമായ രീതിയിൽ ഉദ്ദേശിച്ചിട്ടില്ല. അതൊരു ആക്സിഡന്റ് ആയിരുന്നു. വോൾവ്ർഹാംറ്റൻ ഒരു മികച്ച നഗരമാണ് എന്ന് എനിക്കുറപ്പാണ്. കൂവലുകൾ ഞാൻ പ്രതീക്ഷിച്ചതാണ്. അത് മത്സരത്തിന്റെ ഭാഗമാണ്. ഇത്തരം സമ്മർദ്ദങ്ങൾക്കിടയിലും കളിക്കാൻ നമ്മൾ പഠിക്കേണ്ടതുണ്ട് ” നോനി മധുവേക്ക പറഞ്ഞു.
മത്സരത്തിൽ പൂർണ ആധിപത്യം സ്ഥാപിച്ചിരുന്നത് ചെൽസി ആയിരുന്നെങ്കിലും മികച്ച മുന്നേറ്റങ്ങൾ ഒരുപാട് എതിർ ടീമായ വോൾവ്സും നടത്തിയിരുന്നു. കൂടുതൽ ഗോളുകൾ നേടാൻ അവർക്ക് ഒരുപാട് അവസരങ്ങൾ ഉണ്ടായിരുന്നു. അത് വേണ്ട രീതിയിൽ ഉപയോഗിക്കാൻ താരങ്ങൾക്ക് സാധിക്കാതെ പോയി. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ അടുത്ത മത്സരത്തിൽ ചെൽസി ക്രിസ്റ്റൽ പാലസ്സായിട്ടാണ് ഏറ്റുമുട്ടുന്നത്.