ഇന്ന് നടന്ന ലോകകപ്പ് യോഗ്യത റൗണ്ടിൽ കരുത്തരായ അർജന്റീന പരാഗ്വെയോട് പരാജയപെട്ടു. പരാഗ്വെയിലെ ഡിഫെൻസോറസ് ഡെൽ ചാക്കോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അർജൻ്റീനയെ 2-1 നാണ് പരാഗ്വെ പരാജയപ്പെടുത്തിയത്. അർജന്റീനയ്ക്ക് വേണ്ടി ലൗട്ടാരോ മാർട്ടിനെസ് ആദ്യം ഗോൾ നേടി ലീഡ് ഉയർത്തിയിരുന്നു. യുവ താരം എൻസോ ഫെർണാണ്ടസിന്റെ അസിസ്റ്റിലാണ് അദ്ദേഹം അത് നേടിയത്.
ലീഡ് ഉയർത്തിയെങ്കിലും മിനിട്ടുകൾക്കകം പരാഗ്വെ തിരിച്ചടിച്ചു. 19-ാം മിനിറ്റിൽ അൻ്റോണിയോ സനാബ്രിയയാണ് സമനില ഗോൾ കണ്ടെത്തിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ അവർ ഒമർ അൽഡെറെറ്റ് എടുത്ത ഫ്രീകിക്കിലൂടെ വിജയ ഗോളും നേടി.
മത്സരത്തിൽ പൂർണ ആധിപത്യം പുലർത്തിയിരുന്നത് അർജന്റീന തന്നെയായിരുന്നു. 77 ശതമാനവും പൊസഷൻ അവരുടെ കൈയിൽ ആയിരുന്നെങ്കിലും മത്സരം വിജയിക്കാനോ സമനില ഗോൾ കണ്ടെത്താനോ താരങ്ങൾക്ക് സാധിച്ചില്ല. ഒരുപാട് മികച്ച മുന്നേറ്റങ്ങൾക്ക് അർജന്റീന ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല. 650 പാസുകൾ അർജന്റീന നൽകിയപ്പോൾ വെറും 184 പാസുകൾ മാത്രമാണ് പരാഗ്വെ മത്സരത്തിൽ നടത്തിയത്.