ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് നിർണായക പോരാട്ടം. പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ശ്രമിക്കുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഈസ്റ്റ് ബംഗാളിനെ നേരിടും. പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ ജയം മാത്രം ലക്ഷ്യമിട്ടാണ് ബ്ലാസ്റ്റേഴ്സ് എതിരാളികളുടെ തട്ടകത്തിലിറങ്ങുന്നത്. പശ്ചിമ ബംഗാളിലെ സാൾട്ട് ലേക്ക് സ്‌റ്റേഡിയത്തിൽ വൈകിട്ട് 7.30നാണ് കിക്കോഫ്.
നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ കഴിഞ്ഞ മത്സരത്തിൽ പത്തുപേരുമായി പൊരുതി ഗോൾരഹിത സമനില നേടാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ്. അവസാന മൂന്ന് മത്സരങ്ങളിൽ രണ്ട് വിജയവും ടീം നേടിയിട്ടുണ്ട്. പതിനേഴ് മത്സരങ്ങളിൽ 21 പോയിന്റുമായി നിലവിൽ എട്ടാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്.
ഈസ്റ്റ് ബംഗാളിനെതിരെ കൊച്ചിയിൽ നേടിയ വിജയം ആവർത്തിക്കാനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ലക്ഷ്യം. ഇന്നത്തെ മത്സരത്തിൽ മികച്ച മത്സരഫലം സ്വന്തമാക്കിയാൽ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് സാധ്യതകൾ വർധിപ്പിക്കാൻ സാധിക്കും. ഏഴ് മത്സരങ്ങൾ ബാക്കി നിൽക്കെ എട്ടാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫ് സാധ്യതകൾ ഇപ്പോഴും സജീവമാണ്.
നിലവിൽ 37 പോയിന്റുമായി മോഹൻ ബഗാൻ ആണ് ലീഗിൽ ഒന്നാമത് നിൽക്കുന്നത്. 30 പോയിന്റുള്ള എഫ് സി ഗോവയാണ് രണ്ടാമത്. ലീഗിൽ ആദ്യ രണ്ട് സ്ഥാനത്തുള്ളവർ നേരിട്ട് സെമി ഫൈനൽ യോഗ്യത നേടുമ്പോൾ മൂന്ന് മുതൽ ആറ് സ്ഥാനത്തുള്ളവർ പ്ലേ ഓഫ് കളിക്കണം. അവശേഷിക്കുന്ന ഏഴ് മത്സരങ്ങളിൽ നാലോ അഞ്ചോ ജയം നേടിയാൽ ആദ്യ ആറുസ്ഥാനങ്ങളിൽ ഇടം നേടി പ്ലേ ഓഫിന് യോഗ്യത നേടാൻ ടീമിന് സാധ്യത തെളിഞ്ഞേക്കും. 16 മത്സരങ്ങളിൽ 14 പോയിന്റുമായി 11-ാം സ്ഥാനത്താണ് ഈസ്റ്റ് ബംഗാൾ.