മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ സ്വന്തം സോഷ്യൽ മീഡിയ ടീം പോലും മത്സരം ഏതാണ്ട് ഉപേക്ഷിച്ച മട്ടിൽ, റെഗുലർ ടൈമിന്റെ 80 മിനിറ്റുകൾക്ക് ശേഷം യുണൈറ്റഡിന് സ്വന്തം തട്ടകത്തിൽ വിജയം നേടാൻ അത്ഭുതങ്ങൾ സൃഷ്ട്ടികേണ്ടിയിരുന്നു. ആ അത്ഭുതത്തിന്റെ പേരാണ് അമാദ് ഡിയാലോ. 43 ആം മിനുട്ടിൽ സ്വന്തം പിഴവ് കൊണ്ട് ഏറ്റുവാങ്ങേണ്ടി വന്ന സെൽഫ് ഗോളിനെ മറികടക്കാൻ ചില്ലറ പരിശ്രമങ്ങളൊന്നുമല്ല യുണൈറ്റഡിന് വേണ്ടിയിരുന്നത്. പ്രീമിയർ ലീഗിൽ വ്യാഴാഴ്‌ച നടന്ന മത്സരത്തിൽ സതാംപ്‌ടണിനെ അമാദ് ഡിയാലോയുടെ മൂന്ന് ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് 3-1ന് പരാജയപ്പെടുത്തി.
നിർണായകമായ വിജയം കണ്ടെത്താൻ റൂബൻ അമോറിമിന്റെ കളിക്കാർ കഴിവതും ശ്രമിച്ചെങ്കിലും ഗോൾ മാത്രം അന്യം നിന്നു. കളിയിലെ ദുർബല താരങ്ങളെ കണ്ടെത്തി കൃത്യമായ സബ്സ്റ്റിട്യൂഷൻസ് നടത്തുന്നതിൽ റൂബൻ വിജയിച്ചു. രണ്ടാം പകുതി മുതലുള്ള എല്ലാ സബുകളും ഫലപ്രദമായി എന്ന് വേണം പറയാൻ. എങ്കിലും ആദ്യ ഇലവനിൽ ഒളിച്ചിരുന്ന പ്രതിഭ ആയിരുന്നു അമാദ്. പൊരുതിക്കളിക്കുന്ന സെയിൻ്റ്‌സിനെതിരെ വിജയവഴിയിലേക്ക് തിരിച്ചുവരാനുള്ള തങ്ങളുടെ സാധ്യതകൾ യുണൈറ്റഡ് വിഭാവനം ചെയ്തിട്ടുണ്ടായിരുന്നു.
മറ്റൊരു ഹോം തോൽവിയുടെ തൊട്ടരികിൽ നിൽക്കേ ഇടവേളയ്ക്ക് ശേഷം യുണൈറ്റഡ് തങ്ങളുടെ മുൻതൂക്കം മെച്ചപ്പെടുത്തി. പുതിയ കോച്ച് റൂബൻ അമോറിമിൻ്റെ കീഴിൽ സമീപകാലത്ത് പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും, 1934 ന് ശേഷം ആദ്യമായി തുടർച്ചയായ നാലാമത്തെ ഹോം ലീഗ് തോൽവി ഒഴിവാക്കാനാണ് യുണൈറ്റഡ് വ്യാഴാഴ്ച കളത്തിലിറങ്ങിയത്. രണ്ടാം പകുതിയിൽ ഉണർന്ന് കളിച്ച യുണൈറ്റഡിന് വേണ്ടിയിരുന്നത് ഒരു ഹോം വിജയം മാത്രമായിരുന്നു. ക്രിസ്റ്റ്യൻ എറിക്സൺ, ആന്റണി തുടങ്ങിയവരുടെ വരവ് യുണൈറ്റഡ് അറ്റാക്കിന് കൃത്യമായി ഒഴുക്ക് നൽകി.
അവസാന നിമിഷത്തിലും വിജയിക്കാം എന്ന പഴയ യുണൈറ്റഡിന്റെ വിജയമന്ത്രയെ ഒരിക്കൽ കൂടെ ആവർത്തിക്കാൻ യുണൈറ്റഡ് തുടർച്ചയായി കഠിനമായി ശ്രമിച്ചു കൊണ്ടിരുന്നു. തുടർന്നാണ് ഡിയാലോയുടെ വൈകിയ ഇടപെടൽ ഉണ്ടാവുന്നത്. 22-കാരൻ്റെ സമനില ഗോളിൽ ഭാഗ്യത്തിൻ്റെ ഒരു ഘടകമുണ്ടായിരുന്നു. എന്നാൽ ക്രിസ്റ്റ്യൻ എറിക്‌സണിൽ നിന്നുള്ള സൃഷ്ടിയിൽ 90-ാം മിനിറ്റിലെ രണ്ടാം ഗോൾ ഗംഭീരമായിരുന്നു. കൂടാതെ ഡിയാലോയുടെ ആദ്യത്തെ യുണൈറ്റഡ് ഹാട്രിക്കും പൂർത്തീകരിച്ചത് മികച്ചരീതിയിലായിരുന്നു. പ്രീമിയർ ലീഗ് ചരിത്രത്തിൽ ഒരു കളിയുടെ അവസാന 10 മിനിറ്റിൽ ഹാട്രിക്ക് സ്‌കോർ ചെയ്യുന്ന മൂന്നാമത്തെ മാത്രം കളിക്കാരനാണ് ഡിയാലോ. യുണൈറ്റഡിനായി വെയ്ൻ റൂണി മാത്രമേ ഇതിന് മുന്നേ പ്രീമിയർ ലീഗ് ഹാട്രിക് നേടിയിട്ടുള്ളൂ.
“ഫുട്ബോളിൽ നിങ്ങൾ വിശ്വസിക്കണം.” മത്സര ശേഷം ഡിയാലോ ടിഎൻടി സ്പോർട്സിനോട് പറഞ്ഞു. “ഇത് വിജയിച്ചതിൽ വളരെ സന്തോഷമുണ്ട്. ഞങ്ങൾക്ക് നിലവാരമുള്ള കളിക്കാർ ഉണ്ടെന്ന് ഞങ്ങൾക്കറിയാം. അമാദ് കൂട്ടിച്ചേർത്തു.