ഇന്ന് കോപ്പ അമേരിക്കയിലെ ആദ്യ ക്വാട്ടർ ഫൈനൽ മത്സരത്തിൽ കരുത്തരായ ഇക്വഡോറിനെ തോല്പിച്ച് അര്ജന്റീന രാജകീയമായി സെമി ഫൈനലിലേക്ക് പ്രവേശിച്ചു. പെനാൽറ്റി ഷൂട്ട് ഔട്ടിലാണ് അര്ജന്റീന വിജയം കരസ്ഥമാക്കിയത്. ഗോൾ കീപ്പർ എമിലാനോ മാർട്ടിനെസിന്റെ മികവിലാണ് പെനാൽറ്റിയിൽ അർജന്റീനയ്ക്ക് കാര്യങ്ങൾ അനുകൂലമായത്. ഇക്വഡോർ താരങ്ങളുടെ അടുപ്പിച്ച് രണ്ട് ഷോട്ടുകളാണ് എമി ഗോൾ കയറ്റാതെ തടഞ്ഞിട്ടത്. ഇതോടെ കോപ്പയിലെ അടുത്ത ഘട്ടമായ സെമി ഫൈനലിലേക്ക് യോഗ്യത നേടിയിരിക്കുകയാണ് അര്ജന്റീന.
ഡി പോൾ എമി മാർട്ടിനെസിനെ പറ്റി പറഞ്ഞത് ഇങ്ങനെ:
” എമി ഒരു മനുഷ്യൻ അല്ല അവൻ ഒരു മൃഗമാണ്. അദ്ദേഹം ചെയ്യുന്ന കാര്യം അവിശ്വസനീയമാണ്. എമിക്ക് അർജന്റീനൻ കുപ്പായത്തിൽ കളിക്കുന്നതാണ് ഏറ്റവും കൂടുതൽ ഇഷ്ടം. അദ്ദേഹം പോസ്റ്റിന്റെ മുൻപിൽ ഉള്ളപ്പോൾ ഞങ്ങൾക്ക് ആത്മവിശ്വാസം കൂടുകയാണ്. ആവശ്യമായ ഘട്ടങ്ങളിൽ അദ്ദേഹം ടീമിന് വേണ്ടി സാഹചര്യം അനുസരിച്ച് നിൽക്കാറുണ്ട്” ഡി പോൾ പറഞ്ഞു.
ഇന്നത്തെ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ ലയണൽ മെസിക്ക് സാധിച്ചില്ല. പെനാൽറ്റി ഷൂട്ട് ഔട്ടിലെ അർജന്റീനയുടെ ആദ്യത്തെ കിക്ക് മെസി പാഴാക്കിയിരുന്നു. എന്നാൽ ഇക്വഡോറിനു ആദ്യ രണ്ട് പെനാൽറ്റിയും സേവ് ചെയ്യ്തു കൊണ്ട് എമി അർജന്റീനയുടെ രക്ഷകനായി. ഇന്നത്തെ മത്സരത്തിൽ 51 ശതമാനവും പോസ്സെഷൻ മാത്രമായിരുന്നു അർജന്റീനയുടെ കൈയിൽ. ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു നടത്തിയത്.
അർജന്റീനയുടെ സെമി ഫൈനൽ മത്സരം ജൂലൈ 10 ആണ് ക്രമീകരിച്ചിരിക്കുന്നത്. നാളെ നടക്കുന്ന കാനഡയും വെനിസ്വേലയും തമ്മിൽ വിജയിക്കുന്ന ടീം ആയിരിക്കും അര്ജന്റീനയായി സെമി ഫൈനലിൽ പോരാടുക. ഇന്നത്തെ മത്സരത്തിലെ പ്രകടനം പോലെ ആണ് സെമി ഫൈനലും അര്ജന്റീന കളിക്കുന്നതെങ്കിൽ ഫൈനലിലേക്ക് പ്രവേശിക്കാനുള്ള സാധ്യത കുറയും എന്നാണ് ആരാധകരുടെ വിലയിരുത്തൽ. 4 മത്സരങ്ങൾ കഴിഞ്ഞിട്ടും ഇത് വരെ ആയിട്ടും ലയണൽ മെസിക്ക് ഗോൾ അക്കൗണ്ട് തുറക്കാൻ സാധിച്ചിട്ടില്ല എന്നതാണ് അർജന്റീനയുടെ ആശങ്ക.