ഇന്ത്യൻ സൂപ്പർ ലീഗിൽ ജനുവരി ട്രാസ്‌ഫർ വിൻഡോ പുരോഗമിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് വിട്ട് മറ്റൊരു താരം കൂടി. ഡിഫൻഡർ പ്രീതം കോട്ടാലാണ് ഇത്തവണ ക്ലബ് വിട്ട് പോകുന്ന താരം. ഒരു മാസത്തിനുള്ളിൽ ലോണിൽ മൂന്ന് പേർ ഉൾപ്പെടെ ആറ് കളിക്കാരെ ബ്ലാസ്റ്റേഴ്സ് വിറ്റഴിച്ചിട്ടുണ്ട് എന്നാൽ ഒരു കളിക്കാരനെ മാത്രമാണ് പകരം സൈൻ ചെയ്യാൻ സാധിച്ചത്. അലക്‌സാണ്ടർ കോയിഫ്, രാഹുൽ കെപി അടക്കമുള്ള താരങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
എന്നാൽ അതേസമയം സീസണിലെ ബാക്കിയുള്ള കളികളിൽ ടീമിനെ ഇടക്കാല പരിശീലകർ തന്നെ കൈകാര്യം ചെയ്യുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് സ്ഥിരീകരിച്ചു. ആരാധക സംഘവുമായുള്ള തർക്കങ്ങൾ പരിഹരിക്കാനുള്ള യോഗത്തിന് ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെൻ്റ് തീരുമാനം മഞ്ഞപ്പട അംഗങ്ങളെ അറിയിച്ചത്. ക്ലബ് പറയുന്നതനുസരിച്ച്, ഈ സീസണിലെ ശേഷിക്കുന്ന എട്ട് ലീഗ് മത്സരങ്ങൾക്കും പ്ലേ ഓഫ് സാധ്യതയുള്ള ഗെയിമുകൾക്കും ഇടക്കാല ഹെഡ് കോച്ച് ടിജി പുരുഷോത്തമനും അസിസ്റ്റൻ്റ് കോച്ച് ടോമാസ് ടോർസും തന്നെയാണ് ചുമതലയിൽ തുടരും.
ഡിസംബർ പകുതിയോടെ ഹെഡ് കോച്ച് മൈക്കൽ സ്റ്റാഹ്റെയുമായി ക്ലബ് വേർപിരിഞ്ഞതിന് ശേഷമാണ് അസിസ്റ്റൻ്റുമാർ രംഗത്തെത്തിയത്. സ്വീഡിഷ് മാനേജർക്ക് കീഴിൽ 12 ഐഎസ്എൽ മത്സരങ്ങളിൽ ഏഴിലും ബ്ലാസ്റ്റേഴ്സ് തോറ്റിരുന്നു. ഈ സീസണിന് മുന്നോടിയായി ആരാധകരുടെ പ്രിയപ്പെട്ട ഇവാൻ വുകോമാനോവിച്ചിനെ മാറ്റിയാണ് സ്റ്റാഹ്രെയെ മാനേജർ സ്ഥാനത്ത് നിയമിച്ചത്.