ലോക കപ്പ് കിരീടം സ്വന്തമാക്കിയതിനു പിന്നിലെ വിജയരഹസ്യം വെളിപ്പെടുത്തി അര്‍ജന്റീന കോച്ച് ലയണല്‍ സ്‌കലോണി. 2021ല്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുമായി നടത്തിയ സംഭാഷണമാണ് കിരീട നേട്ടത്തിന് ഊര്‍ജ്ജമായതെന്ന് സ്‌കലോണി പറഞ്ഞു.
ഞാന്‍ ഒരു കാര്യം പറയാന്‍ പോകുകയാണ്. സാന്‍ ഹുവാനില്‍ ബ്രസീലുമായി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ ശേഷം മെസിയുമായി നടത്തിയ സംഭാഷണത്തെക്കുറിച്ചാണത്. വരും ദിവസങ്ങളില്‍ കാര്യം കൂടുതല്‍ ദുഷ്‌ക്കരമാകുമെന്ന് എനിക്ക് തോന്നി. ആ നിരാശ കൂടുതല്‍ ശക്തമാകാനിടയുള്ളതിനാല്‍ മെസി പാരിസിലേക്ക് തിരിക്കുംമുന്‍പ് ഞാന്‍ അദ്ദേഹത്തോടൊപ്പം ഇരുന്ന് സംസാരിച്ചു.
ഞാന്‍ വിഷയങ്ങളെല്ലാം പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു: ‘നമ്മള്‍ മുന്നോട്ടുപോകും. കാര്യങ്ങള്‍ നന്നായി വരാനിടയുണ്ട്. അങ്ങനെയുണ്ടായിട്ടില്ലെങ്കിലും നമ്മള്‍ ശ്രമിച്ചുനോക്കും’ മെസിയുടെ ആ വാക്കുകളാണ് എനിക്ക് ഊര്‍ജ്ജം നല്‍കിയത്- സ്‌കലോണി പറഞ്ഞു.
36 വര്‍ഷത്തിനു ശേഷമാണ് അര്‍ജന്റീന ലോക കപ്പ് നേടിയത്. തുടര്‍ച്ചയായി 36 മത്സരങ്ങളില്‍ പരാജയം അറിയാതെയായിരുന്നു അര്‍ജന്റീന ലോകകപ്പിനെത്തിയത്. ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോട് തോറ്റെങ്കിലും പിന്നീട് അര്‍ജന്റീന ശക്തമായി തിരിച്ചുവരികയായിരുന്നു.