അര്‍ജന്റീന കളിക്കുന്നത് തുറന്ന ലാറ്റിന്‍ അമേരിക്കന്‍ ഫുട്‌ബോളല്ല, അവര്‍ യുറോപ്പ്യന്‍ സ്‌റ്റൈല്‍ ഓഫ് ടെക്‌നിക്കല്‍ ഫുട്‌ബോളിലേക്ക് ഗംഭീരമായി അടാപ്റ്റ് ചെയ്തു!

നിധിന്‍ രാജു

‘In South America, football is not as advanced as in Europe, that’s why when you look at the last World Cups it’s always Europeans who win, The advantage we have here in Europe is that we always play matches at a high level..’ ഇക്കഴിഞ്ഞ ഖത്തര്‍ ലോകകപ്പിലെ ഗോള്‍ഡന്‍ ബൂട്ട് ജേതാവ് ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെ ടൂര്‍ണമെന്റിനു മുന്‍പ് നടത്തിയ ഒരു പ്രസ്താവനയാണ് ഇത്.

പറഞ്ഞ സാഹചര്യത്തെക്കാള്‍ ഈ പരാമര്‍ശം ചൂടന്‍ ചര്‍ച്ചയായത് ടൂര്‍ണമെന്റിനു ശേഷമാണ്. അതിന് പ്രധാന കാരണക്കാര്‍ അര്‍ജന്റീന ആരാധകരാണ്. ലോകകിരീടാവകാശി-
ടൂര്‍ണമെന്റിലെ ഗോള്‍ഡന്‍ ഗ്ലൗ ജേതാവ് എമിലിയാനോ മാര്‍ട്ടിനസ് വിജയാഘോഷങ്ങളില്‍ എംബാപ്പെയെ ടാര്‍ഗറ്റ് ചെയ്ത് നടത്തിയ തെറ്റായ പ്രകടനങ്ങളെ കൗണ്ടര്‍ ചെയ്യുന്നതിന് എംബാപ്പെയുടെ മുന്‍ പ്രസ്താവനയെ അര്‍ജന്റീന ആരാധകര്‍ ലൈംലൈറ്റില്‍ കൊണ്ടുവന്നു.
അതോടൊപ്പം തന്നെ അര്‍ജന്റീന ലോകകപ്പ് നേടിയതുകൊണ്ട് എംബാപ്പെയുടെ പ്രസ്താവന ക്രൂരമായി പരിഹസിക്കപ്പെട്ടു.

അതുകൂടാതെ ചില ബുദ്ധിജീവികള്‍ പല തിയറികളുടെ ഭൂതകണ്ണാടിയില്‍ക്കൂടി ആ പ്രസ്താവന വ്യാഖ്യാനിക്കാനും വളച്ചൊടിക്കാനുമൊക്കെ ശ്രെമിച്ചു. പരേറ്റോ നിയമത്തിന്റെ അടിസ്ഥാനത്തില്‍ യൂറോപ്പ് കേന്ദ്രീകൃതവാദാധിഷ്ഠിതമായിട്ടാണ് എംബാപ്പെയുടെ പ്രസ്താവന വന്നത് എന്നൊക്കെയുള്ള വിലയിരുത്തലുകള്‍ ഇതിനെ പിന്‍പറ്റി ഉണ്ടായി. അര്‍ത്ഥശൂന്യമായ ഇത്തരം വാദഗതികളില്‍ ചിലത് പറയാനുണ്ട്.

ഇവിടെ ഫുട്‌ബോളിലെ യൂറോപ്പ് – ലാറ്റിന്‍ അമേരിക്ക എന്ന തിരിവിനു കാരണം ഭൂഖണ്ഡങ്ങളുടെ വ്യത്യാസമല്ല. കളി രീതിയുടെ, അല്ലെങ്കില്‍ കേളീശൈലിയുടെ ഭിന്നതയാണ്. പൊതുവായി അംഗീകരിക്കപ്പെട്ടിട്ടുള്ള ചില വ്യത്യാസങ്ങള്‍ ലാറ്റിന്‍ അമേരിക്കക്കും യൂറോപ്പിനും തമ്മിലുണ്ടെങ്കിലും മിക്കവാറും ചിലത് സ്റ്റീരിയോടൈപ്പുകളായി മാറിയിരിക്കുന്നുവെന്നതാണ് സത്യം. നിരന്തരം മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ആധുനിക ഫുട്‌ബോളില്‍ പോലും യൂറോപ്പ് – ലാറ്റിന്‍ അമേരിക്ക എന്നിങ്ങനെയുള്ള വ്യത്യസ്ത സാംസ്‌കാരിക പ്രദേശങ്ങളില്‍ ഫുട്‌ബോളിന്റെ അടിസ്ഥാന തത്ത്വചിന്തകളില്‍ വ്യത്യാസം ഉണ്ടെന്നാണ് പണ്ഡിതരുടെ മതം.
പരമ്പരാഗതമായി തുറന്ന ശൈലിയാണ് ലാറ്റിന്‍ അമേരിക്കയുടേത്. ആക്രമണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന, സ്വതന്ത്രമായി ഒഴുകി വികസിക്കുന്ന രീതിശാസ്ത്രം.

യൂറോപ്പിന്റേതാവട്ടെ കൂടുതല്‍ കര്‍ശനവും ജാഗ്രതയുമുള്ള സമീപനമാണ്. റിസള്‍ട്ട് മാത്രം പരിഗണിച്ചുകൊണ്ടുള്ള കാര്യക്ഷമമായ രീതിയാണ് അവര്‍ അവലംബിക്കുന്നത്. ലാറ്റിന്‍ അമേരിക്കന്‍ ഫുട്‌ബോളില്‍ വ്യക്തിഗതമായ മികവുകള്‍ കൊണ്ട് കളിയില്‍ സ്വാധീനം ചെലുത്തുന്ന നിലയില്‍ കളി ആവിഷ്‌കരിക്കാറുണ്ട്. പരിശീലനത്തിലൂടെ നേടിയെടുക്കുന്ന സാങ്കേതിക തികവിനോപ്പം സ്വാഭാവികമായ കഴിവിനും സ്‌കില്ലിനും പേരുകേട്ടവരാണ് ലാറ്റിന്‍ അമേരിക്കന്‍ കളിക്കാര്‍. ചരിത്രപരമായി പരിശോധിച്ചാല്‍ താരങ്ങളും താരാരാധനകളും ലാറ്റിന്‍ അമേരിക്ക കേന്ദ്രീകൃതമായാണ് ഏറിയും സംഭവിച്ചിട്ടുള്ളതെന്ന് കാണാം.
പെലെയും മറഡോണയും റൊണാള്‍ഡോയും റൊണാള്‍ഡീഞ്ഞോയും മെസ്സിയും നെയ്മറുമൊക്കെ ബിംബവത്ക്കരിക്കപ്പെടുന്നത് ഇവിടെയാണ്. യൂറോപ്പാവട്ടെ വ്യക്തിഗത പ്രകടനത്തേക്കാള്‍ ടീം ഗെയിമിന് പ്രാധാന്യം കൊടുക്കുന്നു.

ഈ വ്യത്യാസങ്ങളൊക്കെ നേരിയപാടപോലെ നിലനില്‍ക്കുമ്പോള്‍ തന്നെ,
21-ാം നൂറ്റാണ്ടില്‍ എത്തിയപ്പോളേക്കും ഫുട്‌ബോള്‍ = യൂറോപ്പ് എന്ന സമവാക്യത്തിലേക്ക് ലോകഫുട്‌ബോള്‍ മാറിയെന്നു പറയാതെ വയ്യ. അതിന് സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നിരവധി കാരണങ്ങള്‍ ഉണ്ട്.

അതവിടെ നില്‍ക്കട്ടെ, ലാറ്റിന്‍ അമേരിക്കയുടെ തുറന്ന ശൈലിക്ക് ബദലായി യൂറോപ്പ് സാങ്കേതികമായി മെച്ചപ്പെട്ട ഫുട്‌ബോള്‍ കളിക്കാന്‍ തുടങ്ങി. യൂറോപ്പ്യന്‍ രാജ്യങ്ങളിലെ മെച്ചപ്പെട്ട ലീഗുകള്‍ ഇതിന് വലിയ തോതില്‍ സംഭാവന ചെയ്തിട്ടുണ്ട്. ഓര്‍ഗനൈസ്ഡായ, അച്ചടക്കവും കാര്‍ക്കശ്യവും പുലര്‍ത്തുന്ന, കളിയുടെ ടെമ്പോ നിയന്ത്രിക്കുന്ന ഒരു രീതി ആകെ അംഗീകരിക്കപ്പെട്ടു.

ഇന്റിവിജ്വല്‍ പെര്‍ഫോമന്‍സിനും റോള്‍ എക്‌സ്‌ചേഞ്ച് ചെയ്യുന്നത് പോലെയുള്ള ബാലിശമായ എററുകള്‍ (ഇന്നത്തെ സാങ്കേതിക ഫുട്‌ബോളിനോട് താരതമ്യപ്പെടുത്തുമ്പോള്‍) വരുത്തുന്ന കളി ശൈലിയും വിന്യാസവും കാലഹരണപ്പെട്ടു. ഫുട്‌ബോള്‍ ഒരു ടോട്ടല്‍ ടീം ഗെയിമായി മാറി, അവിടെ ഓരോ പൊസിഷനും ഓരോ പ്ലയേഴ്സിനും കളിയില്‍ വ്യക്തമായ റോളും ധനാത്മകമായി കളിയില്‍ സ്വാധീനം ചെലുത്താനുള്ള ഉത്തരവാദിത്തവും നല്കപ്പെട്ടു. കളിയിലുടനീളം ഒരു ഫോര്‍മേഷന്‍ എന്നതില്‍ നിന്നും ഒഫന്‍സിവ് ഫോര്‍മേഷന്‍ ഡിഫെന്‍സിവ് ഫോര്‍മേഷന്‍ എന്നിങ്ങനെ തിരിക്കപ്പെട്ടു. കളി ഗതിക്കനുസരിച്ച് സ്വിച്ച് ചെയ്യുന്ന ഒഫെന്‍സിവ് ഷെയ്പ്പിനും ഡിഫെന്‍സിവ് ഷെയ്പ്പിനും പ്രാധാന്യം വന്നു. സുന്ദരമായ ഫുട്‌ബോള്‍ എന്നതിലുപരി വിജയിക്കുന്നതിനുള്ള ഫോര്‍മുലകള്‍ മാത്രമുള്ള സാങ്കേതിക ഫുട്‌ബോളിനെ യൂറോപ്പ് നട്ടുനനച്ചു .

യൂറോപ്പിന്റെ സോക്കര്‍ തത്ത്വങ്ങള്‍ നിരന്തരം പുതുക്കികൊണ്ടിരിക്കുകകൂടി ചെയ്യുന്നു. ഡച്ചുകാര്‍ അവതരിപ്പിച്ച ടോട്ടല്‍ ഫുട്‌ബോളും, ഇറ്റലിയുടെ കാറ്റെനാച്യോയും, സ്‌പെയിനിന്റെ ടിക്കി ടാക്കയും പോലുള്ള ശൈലികളും, പോരാതെ ഗെഗന്‍പ്രെസ്സിങ്ങും പാര്‍ക്ക് ദി ബസ് പോലുള്ള രീതികളുമൊക്കെ യൂറോപ്പ് അവതരിപ്പിക്കുന്നു. ആ ലോകത്ത് യൂറോപ്പ് ഇതര ഫുട്‌ബോള്‍ ഏറെക്കുറെ മരണശയ്യയിലാണെന്നു പറയാം.

‘എന്നിട്ടും എങ്ങനെ അര്‍ജന്റീന ജയിച്ചു’ എന്നു ചില കക്ഷികള്‍ ചോദിക്കാന്‍ ഇടയുണ്ട്. അതിനുത്തരം അവര്‍ യുറോപ്പ്യന്‍ സ്‌റ്റൈല്‍ ഓഫ് ടെക്‌നിക്കല്‍ ഫുട്‌ബോളിലേക്ക് ഗംഭീരമായി അടാപ്റ്റ് ചെയ്തു എന്നതാണ്. അതായത് അര്‍ജന്റീന കളിക്കുന്നത് തുറന്ന ലാറ്റിന്‍ അമേരിക്കന്‍ ഫുട്‌ബോളല്ല എന്നുതന്നെ. അത് സ്‌കലോണിയോ സാമ്പോളിയോ കൊണ്ടുവന്ന മാറ്റമല്ല അതിനൊക്കെ മുന്‍പേ തുടങ്ങിയതാണ്. അതിന്റെ ഏറ്റവും മുന്തിയ ഫലം 2022 ലോകകപ്പിലാണ് ലഭിച്ചതെന്ന് വേണമെങ്കില്‍ പറയാം. ബ്രസീല്‍ ആവട്ടെ ലാറ്റിന്‍ അമേരിക്കയില്‍ നിന്നും പോരുകയും ചെയ്തു യൂറോപ്പിലൊട്ട് എത്തിയതുമില്ല എന്ന രീതിയിലുള്ള ഒരു ശൈലിയിലാണ് കുറെ കാലമായി കളിച്ചുകൊണ്ടിരിക്കുന്നത്.

അര്‍ജന്റീന ലോകകപ്പ് നേടിയതുകൊണ്ട് റദ്ദായി പോവുന്നതല്ല യൂറോപ്പിന് നിലവിലുള്ള ആധിപത്യം. ലീഗുകളുടെ ക്വാളിറ്റിയും ടാക്ടിക്കല്‍ ഫുട്‌ബോളിന്റെ അടച്ചുറപ്പുള്ള രീതികളും ലാറ്റിന്‍ അമേരിക്കയുടേതിനേക്കാള്‍ പതിന്‍മടങ്ങ് മെച്ചമാണ് യൂറോപ്പില്‍. യൂറോപ്പിന്റെ ഈ സാങ്കേതിക ഫുട്‌ബോളിനെ മറികടന്നുകൊണ്ട് മറ്റൊരു രീതി സമീപഭാവിയില്‍ ഉണ്ടാവാനും ഇടയില്ല. അതുകൊണ്ടൊക്കെ തന്നെ എംബാപ്പെയുടെ പരാമര്‍ശത്തോട് യോജിക്കാതെ തരമില്ല.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും, ലാ ലിഗയും, സീരി എയും, ബുന്ദസ് ലിഗയും, സ്‌കോട്ടീഷ് പ്രീമിയര്‍ ലീഗും ഒക്കെ കണ്ടു നിര്‍വൃതി അടയുന്ന ഇവിടുത്തെ കടുത്ത സോ കോള്‍ഡ് ലാറ്റിന്‍ അമേരിക്കന്‍ ആരാധകര്‍ എന്തുകൊണ്ടാണ് ബ്രസീലിലെയും അര്‍ജന്റീനയിലെയും ഉറുഗ്വായിലെയുമൊക്കെ ലീഗുകള്‍ കാണാന്‍ മെനക്കെടാത്തതെന്നും മെസ്സിയും നെയ്മറും സുവാരസുമൊക്കെ എന്തുകൊണ്ടാണ് യൂറോപ്പില്‍ കളിക്കുന്നതെന്നും ചിന്തിക്കുന്നത് നന്നായിരിക്കും.

കടപ്പാട്: സ്പോര്‍ട്സ് പാരഡിസോ ക്ലബ്ബ്

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്