ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന അര്‍ജന്റീന-ബ്രസീല്‍ ലോക കപ്പ് യോഗ്യതാ മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. വിജയം നേടിയാല്‍ ലോക കപ്പ് യോഗ്യത ഉറപ്പിക്കാന്‍ കഴിയുമായിരുന്ന അര്‍ജന്റീനയ്ക്ക് ഇതോടെ അതിനായി ഇനിയും കാത്തിരിക്കേണ്ടി വരും.
ഇരുടീമുകളും ശ്രദ്ധയോടെ കളിച്ച ആദ്യ പകുതിയില്‍ പന്തിലുള്ള ആധിപത്യം അര്‍ജന്റീനക്കായിരുന്നു എങ്കിലും കൂടുതല്‍ മുന്നേറ്റങ്ങളൊന്നും രണ്ടു ടീമുകളുടെയും ഭാഗത്തു നിന്നും കണ്ടില്ല. രണ്ടാം പകുതി ഇരുടീമുകളുടെയും മുന്നേറ്റം കൊണ്ട് ആദ്യ പകുതിയേക്കാള്‍ ആവേശകരമായിരുന്നു എങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു.
കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ മെസ്സിയുടെ ഒരു ലോംഗ് റേഞ്ചര്‍ ബ്രസീല്‍ ഗോളി ആലിസണ്‍ തടുത്തിട്ടത് മത്സരഫലത്തില്‍ നിര്‍ണായകമായി. 61-ാം മിനിറ്റില്‍ ഫ്രെഡിന്റെ ഷോട്ട് ക്രോസ്ബാറിലിടിച്ച് മടങ്ങിയത് ബ്രസീലിനും തിരിച്ചടിയായി.
Read more
ഗ്രൂപ്പില്‍ 13 മത്സരങ്ങളില്‍ നിന്ന് 35 പോയിന്റുമായി ബ്രസീല്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 29 പോയിന്റുമായി അര്‍ജന്റീന രണ്ടാമതുണ്ട്. ബ്രസീല്‍ ഒക്ടോബറില്‍ തന്നെ ലോക കപ്പ് യോഗ്യത ഉറപ്പിച്ചിരുന്നു. അര്‍ജന്റീനയ്ക്ക് ഇനി യോഗ്യത ഉറപ്പാക്കാന്‍ ജനുവരി വരെ കാക്കണം.