ഖത്തര്‍ മിക്കവാറും ലോകഫുട്‌ബോളിലെ രാജാക്കന്മാരായ ലിയോണേല്‍ മെസ്സിയുടേയും ക്രിസ്ത്യാനോ റൊണാള്‍ഡോയുടേയും അവസാന ലോകകപ്പ് ആയിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. വന്‍കരകളിലെ ജേതാക്കളാക്കിയിട്ടുണ്ടെങ്കിലും ലോകകപ്പ് ഇതുവരെ സ്വന്തം നാട്ടില്‍ എത്തിക്കാന്‍ ക്രിസ്ത്യാനോയ്ക്കും മെസ്സിക്കും കഴിഞ്ഞിട്ടില്ല. ഇത്തവണ ഇവരില്‍ ആരെങ്കിലും കപ്പുയര്‍ത്തുമോ എന്ന ആകാംഷയിലാണ് രണ്ടുടീമിന്റെയും താരങ്ങളുടെയും ആരാധകര്‍. എന്നാല്‍ ലോകകപ്പിന് മുമ്പ് തന്നെ ഇവര്‍ തമ്മില്‍ ബലാബലം പരീക്ഷിച്ചേക്കും.
അര്‍ജന്റീനയുടെ സന്നാഹ മത്സരങ്ങള്‍ യൂറോപ്യന്‍ ടീമുകള്‍ക്ക് എതിരേ വരുന്നതാണ് ഇതിന് കാരണം. അര്‍ജന്റീനിയന്‍ മാധ്യമമായ ടിഎന്‍ടി സ്‌പോര്‍ട്ടിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ലോകകപ്പിനു മുന്‍പ് അര്‍ജന്റീനയ്ക്ക് ബെല്‍ജിയം, ഡന്മാര്‍ക്ക്, പോര്‍ച്ചുഗല്‍ ടീമുകള്‍ക്കെതിരേ കളി വരുന്നുണ്ട്. ബെല്‍ജിയവും ഡെന്മാര്‍ക്കും അര്‍ജന്റീനയും ലോകകപ്പിലേക്ക് നേരിട്ട് ടിക്കറ്റ് എടുത്തവരാണ്. എന്നാല്‍ പോര്‍ച്ചുഗലിന് യോഗ്യത കിട്ടുമെന്ന് പോലും ഉറപ്പില്ല. തുര്‍ക്കിക്കെതിരേ നടക്കുന്ന പ്‌ളേ ഓഫ് മറികടക്കേണ്ടി വരും.
Read more
നിലവില്‍ ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള ടീമാണ് ബെല്‍ജിയം. ലോകകപ്പിനു മുന്നോടിയായി യൂറോപ്പിലുള്ള ടീമുകളുമായി സൗഹൃദ മത്സരം കളിക്കാനുള്ള ആഗ്രഹം അര്‍ജന്റീന പരിശീലകന്‍ സ്‌കലോണി പ്രകടിപ്പിച്ചിരുന്നു. യൂറോ കപ്പ്, കോപ്പ അമേരിക്ക കിരീടം വിജയിച്ച ടീമുകള്‍ തമ്മില്‍ ജൂണിലാണ് മത്സരം നടക്കുന്നത്. അതിന് മുമ്പായി ലാറ്റിനമേരിക്ക യിലെ ലോകകപ്പ് ഫേവറിറ്റുകളില്‍ ഒന്നായ ബ്രസീലുമായും അര്‍ജന്റീനയ്ക്ക് കളിയുണ്ട്. അതിന് പിന്നാലെയാണ് പോര്‍ച്ചുഗലിന് എതിരേ അര്‍ജന്റീനയ്ക്ക് സൗഹൃദ മത്സരം വരുന്നത്.