എന്തുകൊണ്ട് എടികെ ഈ സീസണില്‍ ഇങ്ങനെ? ഉത്തരം നല്‍കി ഗാംഗുലി

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ചരിത്രത്തിലെ മികച്ച ടീമുകളിലൊന്നായിരുന്നു എടികെ. രണ്ട് തവണ കൊല്‍ക്കത്ത ഐഎസ്എല്‍ കിരീടം ചൂടുകയും ചെയ്തു. എന്നാല്‍ ഈ സീസണ്‍ ടീമിന് അത്ര സുഖകരമല്ല. മികച്ച കളിക്കാരുടെ പരിക്കും ടീമില്‍ ഒത്തിണക്കമില്ലാത്തതും ടീമിന് തിരിച്ചടികളാണ് സമ്മാനിക്കുന്നത്. ടീമിന് എവിടാണ് വീഴ്ച്ച പറ്റിയെന്ന കാര്യം ടീമിന്റെ സഹഉടമയായ ഗാംഗുലി വെളിപ്പെടുത്തി.

“എടികെയുടെ തോല്‍വിക്ക് കാരണം കോച്ചിനെ ഇടയ്ക്കു മാറ്റിയതാണെന്നാണ് ഗാംഗുലി പറയുന്നത്. പുതിയ കോച്ച് വന്നതോടെ അവരുടെ ഐഡിയയ്ക്ക് അനുസരിച്ചാണ് കാര്യങ്ങള്‍ നീക്കിയത്. ടീമിലുള്ള കളിക്കാരും പുതിയതായിരുന്നു. അതുകൊണ്ട് തന്നെ ഉദേശിച്ച ഫലം ഉണ്ടാക്കാനായില്ല. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ രണ്ടു തവണ കിരീടം ചൂടാന്‍ എടികെയ്ക്കായി. എല്ലാത്തവണയും ജയിക്കുകയെന്നത് നടക്കുന്ന കാര്യമല്ല. എന്നാല്‍ ടീമിന്റെ ഘടന ശരിയാകാത്തതാണ് ഇത്തവണ തിരിച്ചടിയായത്” ഗാംഗുലി പറഞ്ഞു.

ആദ്യ മൂന്നു സീസണുകളില്‍ സ്പാനിഷ് ക്ലബ് അത്ലറ്റിക്കോ മാഡ്രിഡുമായി ഉണ്ടായിരുന്ന ബന്ധം വിഛേദിച്ചതും എടികെയെ തളര്‍ത്തിയിട്ടുണ്ട്. ഈ സീസണിന്റെ അവസാനം സഹഉടമ സഞ്ജീവ് ഗോയങ്കയുമായി ടീമിന്റെ മാറ്റത്തെ സംബന്ധിച്ച് സംസാരിക്കുമെന്നും ഗാംഗുലി വ്യക്തമാക്കി.