എന്‍.എസ് മാധവനെയും ഗീവര്‍ഗീസച്ചനെയും പറ്റിച്ച ഹിഗ്വിറ്റ, പുല്‍നാമ്പുകളെ ത്രസിപ്പിച്ച സ്‌കോര്‍പിയോണ്‍ കിംഗ്

ഓര്‍മ്മയിലൊരു 1994 ലോകകപ്പ് ഉണ്ട്. പരസ്യങ്ങള്‍ക്കിടെ കണ്ട ഹിഗ്വിറ്റയുടെ സ്‌കോര്‍പിയോണ്‍കിക്കുണ്ട്.എന്‍.എസ്.മാധവന്റെ കഥയുണ്ട്. ചിരിച്ചു നില്‍ക്കുന്ന ഗീവര്‍ഗീസ് അച്ചനുണ്ട്. ആഗസ്റ്റ് 27, എല്‍ലാക്കോ എന്ന ഹിഗ്വിറ്റയുടെ ജന്‍മദിനമാണ്…

പെനല്‍റ്റി കിക്ക് കാത്തുനില്‍ക്കുമ്പോള്‍ മാത്രമാണോ ഒരു ഗോളിക്ക് ഏകാന്തതനായി ആത്മസംഘര്‍ഷം മനസില്‍ കുത്തി നിറച്ച് നില്‍ക്കേണ്ടി വരുന്നത്? അല്ല….. ഒരു കണക്കിന് അയാള്‍ എന്നും ഏകാന്തനാണ്…. ഗാലറികളികള്‍ ആയിരക്കണക്കിന് കാണികള്‍ അയാളുടെ ഏകാന്തതയെ ശ്രദ്ധിക്കാതിരിക്കുന്ന മുഹൂര്‍ത്തങ്ങളേറെ .തന്റെ ടീം എതിര്‍ മുഖത്തെ ചിലന്തിവലയുടെ കണ്ണികളില്‍ വിള്ളല്‍ വീഴ്ത്തുമ്പോള്‍ തനിക്ക് ലക്ഷ്മണരേഖയായ ആ കുമ്മായ വരക്കുകളില്‍ നിന്ന് മറ്റുള്ളവരുടെ സന്തോഷം കണ്ട് നിര്‍വൃതിയടയുന്ന ഒരു ഗോളിയുടെ ഏകാന്തത ആരും ഓര്‍ക്കാറില്ല.

ഇനി താന്‍ കാത്ത സ്വന്തം ഗോള്‍ വലയിലേക്ക് തന്നെയും നിഷ്പ്രഭനാക്കി പന്ത് പിറകിലോട്ട് സഞ്ചരിക്കുമ്പോള്‍ അയാള്‍ അവിടെയും ഒറ്റപ്പെടുന്നു. അവിടെ എതിര്‍കളിക്കാര്‍ ഉന്‍മാദനൃത്തമാടുമ്പോള്‍ സഹകളിക്കാര്‍ മുഖം തിരിഞ്ഞ് അടുത്ത പന്തിന്റെ പിറകെ പോകുമ്പോള്‍ ബാറിന് കീഴില്‍ അയാള്‍ക്ക് അയാള്‍ മാത്രമാകുന്ന ഏകാന്തത പിന്നെയും സൃഷ്ടിക്കപ്പെടുന്നു. റെനെ ജോസ് ഹിഗ്വിറ്റ സപാറ്റ പക്ഷെ ഏകാന്തത തീര്‍ക്കുന്ന മതില്‍ക്കെട്ടുകളെ സ്വയം തകര്‍ത്തെറിഞ്ഞവനാണ്.

തന്റെ പോസ്റ്റിനെ അയാള്‍ മറക്കുന്നു. കാവലില്ലാത്ത നെറ്റില്‍, ചോരയുടെ മണം സൃഷ്ടിക്കപ്പെടുമ്പോഴും യാഥാസ്തിക ചിന്താഗതിയെ ഉറക്കെ വെല്ലുവിളിച്ച് അയാള്‍ ഗോള്‍ പോസ്റ്റെന്ന ജയില്‍ ചാടിക്കടന്ന് തനിക്ക് അയിത്തമായ പന്തിനെ തൊട്ടും തലോടിയും തഴുകിയും സഹകളിക്കാരനിലേക്ക് പന്തു നല്‍കി വീണ്ടും ആ ജയിലേക്ക് തിരിച്ചിറങ്ങുന്ന വിസ്മയക്കാഴ്ചകളാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്. തികച്ചും അലഞ്ഞു തിരിയുന്ന ഒരു ഭ്രാന്തനെ പോലെ.

ഫുട്‌ബോള്‍ കളിക്കാത്തവരും അറിയാത്തവരും അതിനെ വെറുക്കുന്നവരും പക്ഷെ ഹിഗ്വിറ്റയെ അറിയും. അയാളുടെ ഭ്രാന്തന്‍ സ്വഭാവത്തെ അറിയും. കുറെക്കാലം ഒന്നുമെഴുതാതെ അടങ്ങിയിരുന്ന എന്‍.എസ്.മാധവനെ ഹിഗ്വിറ്റയെന്ന സൃഷ്ടിയെ പുറത്തെടുക്കാന്‍ പ്രേരിപ്പിച്ച ലാറ്റിന്‍ അമേരിക്കയില്‍ ഫുട്‌ബോള്‍ കളങ്ങളില്‍ വ്യത്യസ്തത സൃഷ്ടിച്ച ഹിഗ്വിറ്റ കൊച്ചു കേരളത്തില്‍ പോലും ഒരു താരമാവുകയായിരുന്നു.

താണ്ഡവത്തിന് മുമ്പ് സശ്രദ്ധം ജടയഴിച്ചിട്ട ശിവനെപ്പോലെ നീണ്ട ചുരുളന്‍മുടിയും, കറുത്ത കരിങ്കല്‍ മുഖവും, നേരിയ മീശയുമായി ഹിഗ്വിറ്റയെ പരമശിവന് സമാനം വര്‍ണിച്ച് ഹിഗ്വിറ്റയെ തന്റെ കഥാപാത്രമായ ഗീവര്‍ഗീസ് അച്ചനിലേക്ക് സന്നിവിശേപ്പിക്കുകയായിരുന്നു എഴുത്തുകാരന്‍.

‘മോനേ, ഫുട്ബോള്‍ എന്റെ വിശ്വാസമാണ്. സെവന്‍സ് അതിന്റെ അന്തിക്രിസ്തുവും.’സ്‌കൂള്‍ ടീമിനെ പലതവണ വിജയത്തിലെത്തിച്ച് ശ്രദ്ധേയനായ സെവന്‍സ് ടൂര്‍ണമെന്റില്‍ നിറഞ്ഞാടിയ ഗീവര്‍ഗീസ് അപ്പന്റെ മരണത്തോടെ ഫുട്‌ബോള്‍ കളി നിര്‍ത്തി പുരോഹിതനായെങ്കിലും ളോഹക്കുള്ളിലെ തന്റെ ഓരോ സിരകളിലും ഫുട്‌ബോള്‍ രക്തം ഒഴുക്കിയിരുന്നു. ഏകാന്തതയ്ക്കിടയിലും ആ പുരോഹിതനെ ആവേശം കൊള്ളിച്ചിരുന്നത് ഫുട്‌ബോള്‍ ഓര്‍മ്മകള്‍ ആയിരുന്നു.

ഒടുവില്‍ ക്ലൈമാക്‌സില്‍ കഥയുടെ അവസാനം, ഹിഗ്വിറ്റയെപ്പോലെ തന്റെ കാവല്‍മാടം മറന്ന് പന്തുമായി മുന്നോട്ട് കുതിക്കുമ്പോള്‍ പൗരോഹിത വസ്ത്രമോ തന്റെ കര്‍മപഥമോ കുരിശുമാലയോ ഗീവര്‍ഗീസ് ചിന്തിച്ചതു പോലുമില്ലായിരുന്നു . ആരോരുമില്ലാത്ത ലൂസിയെ ക്രൂരനായ ജബ്ബാറില്‍ നിന്നും രക്ഷപ്പെടുത്തുന്നതിലും ഒരു സ്‌കോര്‍പിയോണ്‍ ടച്ച് കാണാം .

‘ഗീവര്‍ഗീസ് കാലുയര്‍ത്തി അടിച്ചു. വിരിനെഞ്ചില്‍ പന്തെടുത്ത് തലകൊണ്ടടിച്ചു. അടുത്ത അടി കാലുപൊക്കിയായിരുന്നു. പിന്നെയും പിന്നെയും….
പിന്നെ സ്ലോമോഷനില്‍ ആ അടി ആവര്‍ത്തിച്ചു.
നിലത്തുവീണ ജബ്ബാറിന്റെ മൂക്കില്‍ നിന്ന് ചോര പടര്‍ന്നു.
വലിയ അക്ഷരത്തില്‍ ഓക്ലഹാമ എന്നെഴുതിയ ബനിയന്‍ കൂട്ടിപ്പിടിച്ച് എഴുന്നേല്പിച്ച് ഗീവര്‍ഗീസച്ചന്‍ പറഞ്ഞു: ‘നാളെ സൂര്യോദയം എന്നൊന്നുണ്ടെങ്കില്‍ നിന്നെ ദില്ലിയില്‍ കണ്ടുപോകരുത്.’

ഒടുവില്‍ ലക്ഷ്യം പൂര്‍ത്തിയാക്കി സഹകളിക്കാരന് പന്ത് പാസ് ചെയ്തതിനു ശേഷം തന്റെ ഗോള്‍ പോസ്റ്റിലേക്ക് തിരിച്ചു യാത്രയാകുന്ന ഹിഗ്വിറ്റയെ പോലെ ഒന്നും സംഭവിക്കാത്ത മട്ടില്‍ തന്റെ പൗരോഹിതവേഷത്തിലേക്ക് മടങ്ങുന്ന ഗീവര്‍ഗീസ് അച്ചന്റെ ചിത്രം ഓരോ വായനക്കാരിലും അവശേഷിപ്പിക്കുന്നത് ഗോള്‍ പോസ്റ്റ് വിട്ട് ഏകാന്തതയില്‍ നിന്നും പുറത്തിറങ്ങുന്ന കൊളംബിയന്‍ ഗോളിയെ തന്നെയാണ്. ഹിഗ്വിറ്റ എന്ന ഒരു കളിക്കാരനെ ഒരു കഥാപാത്രത്തിലേക്ക് സന്നിവിശേപ്പിച്ച് വായനയെ ഹൃദ്യമാക്കിയതില്‍ എന്‍.എസ്.മാധവന്‍ പരിപൂര്‍ണ വിജയം കണ്ടുവെന്ന് തന്നെ പറയാം.

എന്നാല്‍ യഥാര്‍ത്ഥ ഹിഗ്വിറ്റ മാധവനേയും സൃഷ്ടിയായ ഗീവര്‍ഗീസിനേയും അക്ഷരാര്‍ത്ഥത്തില്‍ ചതിക്കുകയാണ് ചെയ്തത് .ഗീവര്‍ഗീസ് ലൂസിയെന്ന അനാഥയെ സംരക്ഷിച്ചപ്പോള്‍ ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പിടിയിലാകുകയും കോടതിയില്‍ വിചാരണ നേരിടുകയും ചെയ്യുന്ന അവസ്ഥയിലെത്തി ഹിഗ്വിറ്റയുടെ കാര്യം.

ഗോള്‍കീപ്പര്‍മാരില്‍ അതു വരെ വിലക്കപ്പെട്ട എല്ലാ ചങ്ങലക്കെട്ടുകളെയും പൊട്ടിച്ചെറിഞ്ഞു എന്നത് തന്നെയാണ് ഹിഗ്വിറ്റയെ വ്യത്യസ്തനാക്കുന്നത്. തന്നിലേക്ക് വരുന്ന പന്തുകളെ മറ്റ് ഗോളിമാര്‍ തട്ടിത്തെറിപ്പിക്കാനും കൈപ്പിടിയിലൊതുക്കാനും മാത്രം മറ്റുള്ള ഗോളിമാര്‍ ശ്രമിച്ചപ്പോള്‍ ഹിഗ്വിറ്റ ബോക്‌സിനു പുറത്തിറങ്ങി മൈതാനമധ്യം വരെ സഞ്ചരിച്ച് എതിരാളികളെ ഡ്രിബിള്‍ ചെയ്യുന്നതിലും ഫ്രീ കിക്കുകളും പെനാല്‍റ്റികളും ഗോളാക്കുന്നതിലും ആനന്ദം കണ്ടെത്തി.

ഒരു മത്സരത്തില്‍ ആ സ്വീപ്പര്‍ കീപ്പര്‍ തനിക്ക് കിട്ടിയ പന്തിനെ തന്റെ ഗോള്‍ പോസ്റ്റിന്റെ പരിധിയിലേക്ക് തിരിച്ചു വിട്ട് പന്ത് കൈ കൊണ്ട് എടുക്കുന്നത് പോലും കണ്ടു. #Dhanam
പന്ത് കൈ കൊണ്ട് പിടിക്കുന്നതിനപ്പുറം ഗോളികള്‍ ചിന്തിക്കാതിരുന്ന ഒരു കാലത്ത് 5 അടി 9 ഇഞ്ചുകാരനായ ഹിഗ്വിറ്റ കുറിച്ചത് 44 കരിയര്‍ ഗോളുകളായിരുന്നു. തന്റെ അത്‌ലറ്റിക് മികവും , ഡൈവിങ് പ്രാഗത്ഭ്യവും, ഒന്നാന്തരം രക്ഷപ്പെടുത്തലുകളും കൊണ്ട് ബാറിന് കീഴില്‍ അത്ഭുതം കാട്ടിയ ഹിഗ്വിറ്റ കോപ്പ അമേരിക്കയില്‍ കൊളംബിയ 1-0 ന് ജയിച്ച മത്സരത്തിലടക്കം രാജ്യത്തിനായി നേടിയത് 3 ഗോളുകള്‍. 380 ക്‌ളബ് മത്സരങ്ങളിലായി നേടിയത് 41 ഗോളുകള്‍.

ഹിഗ്വിറ്റ ഒരു ഭ്രാന്തനെപ്പോലെ കളത്തില്‍ അലഞ്ഞു തിരിയുന്നവനായിരുന്നു. കൊളംബിയക്കാര്‍ അയാളെ വിളിക്കുന്നതു തന്നെ ഭ്രാന്തന്‍ എന്നര്‍ത്ഥമുള്ള ‘എല്‍ലോക്കോ’ എന്നാണ്. ഹിഗ്വിറ്റയിലെ യഥാര്‍ത്ഥ ഭ്രാന്തനെ കണ്ടത് 1989 ല്‍ വെംബ്ലിയിലായിരുന്നു. സ്വീപ്പര്‍ കീപ്പറായാണ് അറിയപ്പെടുന്നതെങ്കിലും ലോകം മുഴുവന്‍ നെഞ്ചോട് ചേര്‍ക്കുന്ന ഒരു ചിത്രം ഹിഗ്വിറ്റ സമ്മാനിക്കുന്നത് അയാളുടെ യഥാര്‍ത്ഥ റോളിലൂടെ തന്നെയാണ്. ഇംഗ്‌ളണ്ടുമായുള്ള ആ പ്രദര്‍ശന മത്സരത്തില്‍ ലോകം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിത്തരിച്ചു.

ജോണ്‍ ഹാര്‍ക്ക്‌സിന്റെ ബൂട്ടില്‍ നിന്നും തന്റെ നേരെ വന്ന ഒരു ലോങ് ബോളിനെ തന്റെ പൊസിഷനില്‍ നിലയുറപ്പിച്ച് ഒരു സര്‍ക്കസ് അഭ്യാസിയെപ്പോലെ നിന്ന നില്‍പ്പില്‍ നിന്നും ചാടി പിന്‍കാലുകൊണ്ട് പന്തിനെ കുത്തിയകറ്റുമ്പോള്‍ ആ ദൃശ്യം ഒരു തേള്‍ വാലിലെ വിഷം കൊണ്ട് കുത്തുന്നതു പോലെയാണ് തോന്നിച്ചത്. അന്നേ വരെ ലോക ഫുട്ബോള്‍ ദര്‍ശിച്ച ഏറ്റവും വിസ്മയകരമായ നിമിഷം സ്‌കോര്‍പിയോണ്‍ കിക്ക് ആയി കൊത്തി വെക്കപ്പെട്ടു.താന്‍ വര്‍ഷങ്ങളായി പരിശീലനം നടത്തി വികസിപ്പിച്ചെടുത്ത ആ വൈഭവം കൃത്യസമയത്ത് അതിന്റെ പൂര്‍ണതയോടെയാണ് ഹിഗ്വിറ്റ ലോകത്തിന് സമ്മാനിച്ചത്.

കരിയറിന്റെ തുടക്കകാലത്ത് സ്‌ട്രൈക്കറുടെ റോളില്‍ കളിച്ച ഹിഗ്വിറ്റ സ്വന്തം ടീമിലെ ഗോള്‍കീപ്പര്‍ക്ക് പരിക്ക് പറ്റിയതു കൊണ്ടു മാത്രം ഗോളിയായി അസാധ്യ പ്രകടനം പുറത്തെടുത്ത് പുതുവഴി തിരഞ്ഞെടുത്തെങ്കിലും തന്നിലെ ഔട്ട്ഫീല്‍ഡറുടെ ഡ്രിബ്‌ളിങ്ങ് കഴിവുകളെ അത് പോലെ നിലനിര്‍ത്തി ഗോളടിക്കും ഗോളിയായതിനൊപ്പം ഫ്രീകിക്കുകളും പെനാള്‍ട്ടി കിക്കുകളുമെടുക്കുന്ന സ്‌പെഷ്യലിസ്റ്റ് ആയി മാറി. ഹിഗ്വിറ്റയുടെ താരമൂല്യം മുതലെടുക്കാന്‍ യൂറോപ്യന്‍ ക്ലബ്ബുകള്‍ മത്സരിച്ചപ്പോഴും ലാറ്റിനമേരിക്കന്‍ ജനതയെ ആനന്ദിക്കുന്നതില്‍ ആഘോഷം കണ്ടെത്തിയ അദ്ദേഹം മെക്സിക്കന്‍ ലീഗിലും കൊളംബിയന്‍ ലീഗിലുമാണ് കളിച്ചത്.

1989 ല്‍ എല്‍വര്‍ദെയെ തങ്ങളുടെ ആദ്യ കോപ്പ ലിബര്‍ട്ടഡൊറസ് കപ്പ് വിജയം നേടിക്കൊടുത്തപ്പോള്‍ രണ്ടാം ലീഗ്ഫൈനലില്‍ 4-3 ല്‍ നില്‍ക്കെ അവസാന കിക്കെടുത്ത ഹിഗ്വിറ്റ മാച്ച് സഡന്‍ ഡെത്തിലേക്ക് നീട്ടുകയും ഒളിംപിയ ക്‌ളബിന്റെ 3 കിക്കുകള്‍ രക്ഷിച്ച് ഹീറോ ആകുകയും ചെയ്തതോടെ അയാളുടെ താരമൂല്യം കുത്തനെ ഉയരുകയും ഏറ്റവുമധികം ശ്രദ്ധാകേന്ദ്രമാവുകയും ചെയ്തു. ഹിഗ്വിറ്റയുടെ കാലത്ത് കൊളംബിയന്‍ ഫുട്‌ബോളിന്റെ സുവര്‍ണ കാലമായിരുന്നു. 1990 ഇറ്റാലിയ ലോകകപ്പിലേക്ക് ഹിഗ്വിറ്റ കടന്ന് വന്നത് വന്‍താരമൂല്യത്തോടെയായിരുന്നു. 23 കാരനായ ഹിഗ്വിറ്റക്കൊപ്പം ഡിഫണ്ടര്‍ ആന്ദ്രേ എസ്‌കോബാറും പ്രതിഭാശാലിയായ റിംഗണും ഒപ്പം മിഡ്ഫീല്‍ഡില്‍ കളം ഭരിക്കുന്ന കാര്‍ലോസ് വാള്‍ഡര്‍റമയും ആസ്‌റിയേഗയും അണിനിരന്നപ്പോള്‍ ഏത് ഘട്ടത്തിലേക്കും പ്രവേശിക്കാന്‍ മാത്രം കെല്‍പുള്ള ഒരു ടീമിലേക്കുള്ള യാത്രയിലായിരുന്നു അവര്‍ .ഒപ്പം ചാള്‍സ് മട്ടുരാന എന്ന തന്ത്രശാലിയായ കോച്ചും.

ജര്‍മ്മനിക്കും യൂഗോസ്ലാവ്യക്കും ഒപ്പം കൊളംബിയ അവസാന 16 ടീമുകള്‍ ഉള്‍പ്പെടുന്ന നോക്കൗട്ട് റൗണ്ടിലേക്കെത്തുമ്പോള്‍ സ്വന്തം പരിധി വിട്ട് സഞ്ചരിക്കുന്ന ഗോള്‍കീപ്പര്‍ കൊളംബിയ ടീമിന്റെ തന്നെ പ്രതീകമായിരുന്നു. എന്നാല്‍ പൊടുന്നനെയാണ് ഹീറോ വില്ലനായത്. തന്നെ വ്യത്യസ്തനാക്കിയ അതേ കഴിവ് ഹിഗ്വിറ്റയെ തിരിച്ചു കടിച്ചു. കോര്‍ണര്‍ ഫ്ളാഗിന് സമീപം റോജര്‍ മില്ല തന്റെ സ്വതസിദ്ധമായ നൃത്തമാടുമ്പോള്‍ ഹിഗ്വിറ്റ തനിക്ക് സംഭവിച്ച വലിയ വിഡ്ഢിത്തമോര്‍ത്ത് അപഹാസ്യനായി തല താഴ്ത്തി നില്‍ക്കുകയായിരുന്നു. കൊളംബിയ ക്വാര്‍ട്ടര്‍ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ച അവസരത്തില്‍ തന്റെ പോസ്റ്റിലേക്ക് വന്ന പന്ത് തട്ടിയകറ്റുക മാത്രമേ ഹിഗ്വിറ്റയ്ക്ക് ചെയ്യാനുണ്ടായിരുന്നുള്ളൂ.എന്നാല്‍ പന്ത് പാസ് ചെയ്ത് മറ്റൊരു കളിക്കാരന് മറിച്ചു കൊടുക്കാനായിരുന്നു ഹിഗ്വിറ്റ ശ്രമിച്ചത്. പക്ഷെ സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങിയ 38 കാരനായ റോജര്‍മില്ല ഒരു പൂച്ചയെ പോലെ പതുങ്ങി ആ പന്ത് തട്ടിയെടുത്ത് ഗോളിലേക്ക് പായിക്കുമ്പോള്‍ നിസ്സഹായനായി പിറകെ ഓടി വൃഥാ ശ്രമം നടത്തുന്ന ഹിഗ്വിറ്റയുടെ ചിത്രം ഓരോ കൊളംബിയക്കാരന്റെയും നെഞ്ചിലെ നെരിപ്പോടായി ഇന്നും അവശേഷിക്കുന്നു.

മില്ലയുടെ 2 ഗോളില്‍ കാമറൂണ്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറുമ്പോള്‍ അതു വരെ ഫുട്‌ബോള്‍ പ്രേമികള്‍ വര്‍ണാഭമായി കൊണ്ടുവന്ന ഹിഗ്വിറ്റയുടെ വ്യത്യസ്തത മണ്ടത്തരത്തിലേക്ക് വഴി മാറി. കൊളംബിയയുടെ ലോകകപ്പ് സ്വപ്നങ്ങളെ തല്ലിക്കെടുത്തിയ വില്ലന്‍ പരിവേഷമായി അയാള്‍ക്ക് 2020 ല്‍ കോവിഡ്- 19 വ്യാപക വേളയില്‍ സോഷ്യല്‍ മീഡിയയില്‍ ഈ ദൃശ്യം പരസ്യവാചകം പോലുമായി. ഫോട്ടോയുടെ കാപ്ഷന്‍ ഇതായിരുന്നു.
”If you’re told not to go out, don’t go out!’

താന്‍ അപഹാസ്യനായ ലോകകപ്പിലും പക്ഷെ അതുവരെ ടീമിനെ ചുമലിലേറ്റിയ ഹിഗ്വിറ്റ 165 മിനിറ്റുകള്‍ ഗോള്‍ വഴങ്ങാതെ ഇന്നും തകര്‍ക്കാത്ത ഒരുകൊളംബിയന്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. മയക്കുമരുന്ന് മാഫിയ കൈയ്യാളുന്ന കൊളംബിയന്‍ ഫുട്‌ബോളില്‍ ഒരു പിഴവിന്റെ പ്രതിഫലം മരണമാണെന്ന് 4 വര്‍ഷത്തിനു ശേഷം ആന്ദ്രേ എസ്‌കോബാറിന്റെ കാര്യത്തില്‍ ലോകം കണ്ടതാണ്. എന്നാല്‍ മെഡലനിലെ മയക്കുമരുന്ന് മാഫിയയുടെ ഇഷ്ടക്കാരനും ലോകം കണ്ട മയക്ക് മരുന്ന് രാജാവ് പാബ്ലോ എസ്‌കോബാറുമായുള്ള ബന്ധവും ഹിഗ്വിറ്റയ്ക്ക് പക്ഷെ ഒരു രക്ഷാകവചമായി.

90 ലോകകപ്പിന് ശേഷം കൊളംബിയ പ്രതീക്ഷകള്‍ ആളിക്കത്തിച്ച് അടുത്ത ലോകകപ്പിന് വന്ന് ഒന്നുമില്ലാതെ മടങ്ങുന്നതിന് മുന്‍പെ കൊളംബിയയിലെ മയക്ക് മരുന്ന് മാഫിയക്കൊപ്പം ഹിഗ്വിറ്റ കൂട്ടുകൂടിയിരുന്നു. ഒടുവില്‍ ഒരു തട്ടിക്കൊണ്ടു പോകല്‍ കുറ്റകൃത്യം കൂടി പേരില്‍ ചാര്‍ത്തപ്പെട്ടതോടെ ജയില്‍ ശിക്ഷ കൂടി അനുഭവിക്കേണ്ടി വന്നതോടെ USA ലോകകകപ്പിലേക്കുള്ള ഹിഗ്വിറ്റയുടെ വഴി അടഞ്ഞു. സാക്ഷാല്‍ പെലെ ചാംപ്യന്‍മാരാകുമെന്ന് പ്രവചിച്ച കൊളംബിയക്ക് ജോര്‍ജ്ഹാഗിയുടെ റുമാനിയയോട് തോറ്റ ശേഷം ആതിഥേയരായ USA യോട് വിജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കാന്‍ പറ്റില്ലായിരുന്നു.ഒന്നാം പകുതിയുടെ ഏതാണ്ട് മധ്യത്തില്‍ പന്തിനെ വകമാറ്റാന്‍ ശ്രമിച്ച എസ്‌കോബാറിന്റെ ശ്രമം സ്വന്തം വലയില്‍ പതിച്ചതു മുതല്‍ മയക്ക് മരുന്ന് മാഫിയ അയാള്‍ക്ക് വേണ്ടി വലവിരിച്ചു തുടങ്ങിയിരുന്നു .

യു.എസ്. മിഡ്ഫീല്‍ഡര്‍ ജോണ്‍ ഹാര്‍ക്സിന്റെ ഇടതുഭാഗത്തുനിന്നുള്ള ഒരു ക്രോസ് ക്ലിയര്‍ ചെയ്യാനുള്ള ആന്ദ്രേയുടെ ശ്രമം ഗോളിയുടെ ശ്രദ്ധ തെറ്റിച്ച് സ്വന്തം വലയിലേക്കാണ് കയറിയത്. #Dhanam

ഏര്‍ണി സ്റ്റുവര്‍ട്ടിന്റെ രണ്ടാം ഗോളിന് വലന്‍ഷ്യയിലൂടെ അവസാനസമയത്ത് ഒരു മറുപടി നല്‍കിയെങ്കിലും രണ്ടാം മത്സരവും തോറ്റ് മടങ്ങിയ എസ്‌കോബാറിന്റെ മുഖത്തിന് മേലെ മരണം ഉമ്മ വെക്കുന്നത് പോലെ തോന്നിച്ചു.

ഇരുകൈ കൊണ്ടും മുഖം പൊത്തി തലകുനിച്ച് നടന്ന എസ്‌കോബാര്‍ സെല്‍ഫ് ഗോളിന് ശേഷം ഉറങ്ങിയത് 10 ദിവസങ്ങള്‍ മാത്രം. 11 -ാം ദിവസം ജൂലെെ രണ്ടിന് തെരുവില്‍ തോക്കിനിരയായി ആന്ദ്രേ എന്നെന്നേക്കുമായി കണ്ണുകളടക്കുമ്പോള്‍ കൊളംബിയ എന്ന രാജ്യത്തെ ഓരോ ഫുട്‌ബോള്‍ പ്രേമിയും വെറുക്കുകയായിരുന്നു. 3 തവണ തുടര്‍ച്ചയായി ലോകകപ്പ് യോഗ്യത നേടുകയും 94 ലോകകപ്പിന് വരുമ്പോള്‍ ലോക 4 ആം നമ്പറും ആയ കൊളംബിയ 98 ആയപ്പോഴേക്കും റാങ്കിങ്ങില്‍ 34 ലേക്ക് തരം താണു.10 വര്‍ഷങ്ങള്‍ക്കപ്പുറം സ്വപ്നങ്ങള്‍ നഷ്ടപ്പെട്ട കൊളംബിയയില്‍ 18 ക്ലബ്ബുകളില്‍ 14 ഉം പാപ്പരായപ്പോള്‍ കാണികള്‍ ഒഴിഞ്ഞ ഗാലറിക്കൊപ്പം ഉള്‍ഭയം കാരണം കളിക്കാരും ഫുട്‌ബോളിനെ ഉപേക്ഷിച്ചപ്പോള്‍ പ്രതാപം വീണുടഞ്ഞ ടീം പിന്നീട് ലോകകപ്പ് യോഗ്യത നേടിയത് തന്നെ ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം.

നാട്ടില്‍ തിരിച്ചെത്തിയ എസ്‌കോബാറിന് കൊടുത്ത ശിക്ഷ സത്യത്തില്‍ ഹിഗ്വിറ്റയേയാകും ഏറ്റവുമധികം ഞെട്ടിപ്പിച്ചിട്ടുണ്ടാവുക. ഡിഫണ്ടറായിരുന്ന എസ്‌കോബാറിന്റെ കൂടെ എത്രയോ തവണ ഒന്നിച്ച് കളിച്ച ഹിഗ്വിറ്റക്ക് എസ്‌കോബാറിന്റെ ശ്വാസം പോലും അറിയാമായിരുന്നു. ആ ശ്വാസം നിലച്ചത് കേട്ടപ്പോ ഹിഗ്വിറ്റയുടെ ശ്വാസം കൂടി നിലച്ചിട്ടുണ്ടാകാം.കാരണം 4 വര്‍ഷം മുന്‍പ് അയാള്‍ കാണിച്ച ആന മണ്ടത്തരത്തരം രാജ്യത്തിന് ഒരു ക്വാര്‍ട്ടര്‍ ബര്‍ത്ത് ആണ് നഷ്ടപ്പെടുത്തിയത്.

യഥാര്‍ത്ഥത്തില്‍ എസ്‌കോബാറിനെ ഇല്ലാതാക്കിയവര്‍ ഹിഗ്വിറ്റയെയും മരണത്തിലേക്ക് തള്ളി വിടേണ്ടതായിരുന്നു.എന്നാല്‍ മൈതാനത്തില്‍ ഓരോ നിമിഷവും പോരാടുന്ന ആന്ദ്രേ എസ്‌കോബാറുമാരേക്കാള്‍ രക്തം മണക്കുന്ന കൊളംബിയന്‍ തെരുവുകള്‍ എങ്ങനെയാകണമെന്ന് തീരുമാനിച്ചിരുന്നത് കോടിക്കണക്കിന് ഡോളറുകള്‍ ചുറ്റുന്നതിന് ലക്ഷക്കക്കിന് റബര്‍ ബാന്‍ഡുകള്‍ സ്റ്റോക്ക് ചെയ്തിരുന്ന പാബ്‌ളോ എസ്‌കോബാറിനെ പോലുള്ളവരായിരുന്നു.കൊളംബിയന്‍ ഭരണകൂടത്തെ തീര്‍ത്തും വെല്ലുവിളിച്ച പാബ്ലോ 1993 ഡിസംബര്‍ രണ്ടിന് വെടിയേറ്റു മരിച്ചെങ്കിലും അയാളുടെ പ്രേതം അവിടെ തന്നെയുണ്ടായിരുന്നു.

കൊളംബിയയിലെ തെരുവുകളെയും ഫുട്‌ബോളിനെയും വരച്ചു കാട്ടാന്‍ ‘The two Escobars ‘എന്ന കൊളംബിയന്‍ ഡോക്യുമെന്ററി മതിയാകും. അതില്‍ ഫുട്‌ബോളുണ്ട്. മയക്കുമരുന്ന് മാഫിയയുടെയും അവിശുദ്ധ കൂട്ടുകെട്ടുകളുടെ കഥകളുണ്ട്.

തന്റെ കള്ളപ്പണം വെളുപ്പിക്കാന്‍ ഫുട്‌ബോളിലേക്ക് പണമൊഴുക്കിയ പാബ്ലോ കൊളംബിയന്‍ ഫുട്‌ബോളിന്റെ രക്ഷകനായി വാഴ്ത്തപ്പെട്ടപ്പോഴും അന്ന് ഒരു ദിവസം 5 കോടി ഡോളറിന്റെ സമ്പാദ്യമുണ്ടായിരുന്ന പാബ്‌ളോ അറിയാതെ ഫുട്‌ബോള്‍ കളത്തില്‍ ഒരു ഈച്ച പോലും പറക്കാത്ത സ്ഥിതിയായിരുന്നു. 1989 ല്‍ ഒരു മാച്ചില്‍ പാബ്‌ളോയുടെ ക്‌ളബ് തോറ്റപ്പോള്‍ കളി നിയന്ത്രിച്ച റഫറിയെ പരലോകത്തേക്ക് അയച്ചത് ഒരു സൂചനയായിരുന്നു.

യൂറോപ്പിലേക്കും അമേരിക്കയിലേക്കും കൊക്കെയിന്‍ കയറ്റി അയച്ച് കോടികള്‍ സമ്പാദിച്ച് സുഖലോലുപനായി ഒരു രാജ്യത്തെ ഉള്ളം കൈയിലിട്ട് അമ്മാനമാടിയ പാബ്‌ളോയും ഫുട്‌ബോളിനെ മാത്രം മനസില്‍ സൂക്ഷിച്ച ആന്ദ്രേയുടെയും സ്വഭാവസവിശേഷതകള്‍ വ്യത്യസ്തമായിരുന്നെങ്കിലും ശ്വാസം നിലച്ചത് ഒരു വെടിയുണ്ടയിലായിപ്പോയി.2 പേരുടെയും മരണത്തോടെ അവിടത്തെ ഫുട്‌ബോള്‍ സഞ്ചരിച്ചതാകട്ടെ മരണക്കയത്തിന്റെ വക്കിലേക്കും .

” ഞാന്‍ ഉടനെ തിരിച്ചുവരും. കാരണം, ജീവിതം ഇവിടെ അവസാനിക്കുന്നില്ല. ”
ആന്ദ്രേയുടെ വാക്കുകളായിരുന്നു.പക്ഷെ ആന്ദ്രേ തിരിച്ചു വന്നില്ല. ഒപ്പം രാജ്യത്തിന്റെ ഫുട്‌ബോള്‍ വസന്തത്തിലെ കടും നിറമുള്ള പൂക്കളും .

1994 ന് ശേഷം ദേശീയ ജഴ്‌സിയില്‍ ഹിഗ്വിറ്റയേയും അധികം കണ്ടില്ല.1985 മുതല്‍ പ്രൊഷണല്‍ ഫുട്‌ബോളര്‍ ആയി തുടങ്ങിയ .ഹിഗ്വിറ്റ 43 ആം വയസില്‍ 2010ലാണ് ബൂട്ടഴിച്ചത്.1997 ല്‍ കൊളംബിയ ദേശീയ ടീമിന് വേണ്ടി കളിച്ച ഹിഗ്വിറ്റ കൊളംബിയയെ കൂടാതെ മെക്‌സിക്കോ, ഇക്വഡോര്‍, വെനിസ്വലെ തുടങ്ങിയ രാജ്യങ്ങളിലായി 9 ഓളം ടീമുകള്‍ക്ക് വേണ്ടി കളിച്ചു.
2004ല്‍ കൊക്കെയ്ന്‍ ഉപയോഗിച്ചതിന്റെ പേരിലും പ്‌ളാസ്റ്റിക് സര്‍ജറി ചെയ്തതിന്റെ പേരിലും ഹിഗ്വിറ്റ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

വിരമിച്ച ശേഷം രാഷ്ട്രീയത്തിലേക്ക് കടന്ന് ജന്‍മനാടായ മെഡലിനനു സമീപത്തെ മുനിസിപ്പാലിറ്റി മേയര്‍ ആയ ഹിഗ്വിറ്റ കൊളംബിയയുടെ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന പ്രചാരണമുണ്ടായെങ്കിലും പിന്‍മാറുകയാണുണ്ടായത്.പിന്നീട് ഫുട്‌ബോളിലേക്ക് തന്നെ മടങ്ങിയ ഹിഗ്വിറ്റ കോച്ചിന്റെ റോളില്‍ വേഷമിട്ടു.

ചെറുപ്പത്തിലേ മാതാവ് നഷ്ടപ്പെട്ട ശേഷം അമ്മൂമ്മയോടൊപ്പം വളര്‍ന്ന ഹിഗ്വിറ്റപത്രവില്പന നടത്തിയും മറ്റ് ജോലികള്‍ ചെയ്തും മുന്നോട്ട് പോകുന്നതിനൊപ്പമാണ് ഫുട്‌ബോള്‍ സ്വപ്നങ്ങളും നെയ്തുകൂട്ടിയത്. ഗോള്‍കീപ്പര്‍ വേഷം അണിഞ്ഞതു മുതല്‍ സ്വന്തം പോസ്റ്റിനെ മറന്ന് ഗ്രൗണ്ടിന്റെ മധ്യഭാഗത്തേക്കും അതിനപ്പുറവും എതിരാളികളെ ഡ്രിബിള്‍ ചെയ്ത് ഒരു മീഡ് ഫീല്‍ഡറെ പോലെ മുന്നേറുന്ന ആ എല്‍ ലാക്കോയെ ഗാലറിയില്‍ കാണികള്‍ പേരെടുത്ത് വിളിച്ച് അലറുമായിരുന്നു.

ഹിഗ്വിറ്റ ബൂട്ടഴിച്ചിട്ട് വര്‍ഷങ്ങളേറെ ആയെങ്കിലും ഗോള്‍കീപ്പര്‍ എന്ന് കേള്‍ക്കുമ്പോള്‍ ഓര്‍മ്മകള്‍ ആദ്യം സഞ്ചരിക്കുന്നത് അയാളിലേക്കായിരിക്കും. അയാള്‍ ലാറ്റിനമേരിക്കയിലും ലോകഫുട്‌ബോളിലും തീര്‍ത്ത ആവേശം നിറഞ്ഞ നിമിഷങ്ങളായിരിക്കും. ഒപ്പം ഇന്നും അത്ഭുതകരവും വേറിട്ട് നില്‍ക്കുന്നതുമായ സ്‌കോര്‍പിയോണ്‍ കിക്കിന്റെ അത്ഭുത കാഴ്ചയും.20 ആം നൂറ്റാണ്ടില്‍ കലാപങ്ങളും അരാജകത്വവും മാത്രം കണ്ടു മടുത്ത കൊളംബിയന്‍ ജനതക്ക് ചില നിമിഷങ്ങളിലെങ്കിലും സ്വയം മറക്കാന്‍ ഹിഗ്വിറ്റ ഒരു പ്രേരകമായിരുന്നു.

ലോകഫുട്‌ബോളിലെ ഏറ്റവുംമികച്ച ഗോള്‍കീപ്പര്‍മാരുടെ പേരെടുത്താല്‍ ലെവ് യാഷിനും ഗോര്‍ഡണ്‍ബാങ്ക്‌സിനും ഒലിവര്‍ ഖാനും എത്രയോ പിറകിലായിരിക്കാം ഹിഗ്വിറ്റയുടെ സ്ഥാനം.എന്നാല്‍ അയാള്‍ മൈത്രാത്ത് കൊണ്ടുവന്ന സൗന്ദര്യവും സ്പന്ദനവും മറ്റൊരാള്‍ക്കും അവകാശപ്പെടാനാകില്ലെന്ന് തറപ്പിച്ചു പറയാം. സത്യത്തില്‍ അയാള്‍ കാണികളില്‍ ആവേശം നിറക്കുന്നതിനൊപ്പം വലിയ ഒരു ഉത്തരവാദിത്തവും പേറിയിരുന്നതായി കാണാം.

2014ലും 2018 ലും കൊളംബിയ പിന്നീട് ലോകകപ്പിനെത്തി. ഒരു പാട് കളിക്കാര്‍ കൊളംബിയയില്‍ ഹിഗ്വിറ്റക്ക് മുന്‍പും പിന്‍പും ഉദയം ചെയ്തുവെങ്കിലും കൊളംബിയ എന്ന് കേള്‍ക്കുമ്പോള്‍ ഇന്നും ഒരേയൊരു പേര് …… ഹിഗ്വിറ്റ.

Latest Stories

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം