ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരത്തിനു നല്‍കുന്ന ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് സ്ട്രൈക്കര്‍ കരിം ബെന്‍സെമ സ്വന്തമാക്കി. ബാലണ്‍ ഡി ഓര്‍ നേടുന്ന അഞ്ചാമത്തെ ഫ്രഞ്ച് താരമാണ് അദ്ദേഹം. ബാഴ്‌സലോണ താരം അലക്‌സിയ പ്യൂട്ടയ്യസ് വീണ്ടും മികച്ച വനിതാ താരമായി തിരഞ്ഞെടുപ്പെട്ടു.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, സാദിയോ മാനെ, എര്‍ലിംഗ് ഹാളണ്ട്, മുഹമ്മദ് സല, റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി എന്നിവരെ പിന്തള്ളിയാണ് ബെന്‍സെമ ആദ്യമായി പുരസ്‌കാരം സ്വന്തമാക്കിയത്. റയലിനെ ചാമ്പ്യന്‍സ് ലീഗ്, സ്പാനിഷ് ലാലിഗ കിരീടങ്ങളിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത് ബെന്‍സെമയായിരുന്നു.
കഴിഞ്ഞ സീസണില്‍ റയലിനായി 46 കളികളില്‍ നിന്ന് 44 ഗോളുകളാണ് ബെന്‍സെമ അടിച്ചുകൂട്ടിയത്. ക്രിസ്റ്റ്യാനോ റയല്‍ വിട്ടതിനുശേഷമുള്ള അഞ്ചു സീസണുകളിലായി ഇതുവരെ 136 ഗോളുകളാണ് താരം നേടിയത്.
മികച്ച യുവതാരമായി ബാഴ്സലോണയുടെ ഗാവിയെ തെരഞ്ഞെടുത്തു. മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള യാഷിന്‍ ട്രോഫി റയല്‍ മാഡ്രിഡിന്റെ തിബോ കുര്‍ട്ടോയ്ക്കാണ്. മികച്ച സ്ട്രൈക്കര്‍ക്കുള്ള ഗെര്‍ഡ് മുള്ളര്‍ പുരസ്‌കാരം ബാഴ്സലോണയുടെ റോബര്‍ട്ട് ലെവന്‍ഡോസ്‌ക്കിക്കാണ്.