ബാഴ്‌സയുടെ അത്ഭുത തിരിച്ചുവരവ് ചരിത്ര നേട്ടത്തിലേക്ക്

ലോക ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും ത്രില്ലിങ് മത്സരമായിരുന്നു ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബാഴ്‌സലോണ-പിഎസ്ജി രണ്ടാം പാദം. സ്വന്തം തട്ടകമായ പാര്‍ക്ക് ഡെ പ്രിന്‍സില്‍ നടന്ന ആദ്യ പാദത്തില്‍ ബാഴ്‌സലോണയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് പിഎസ്ജി കെട്ടുകെട്ടിച്ചത്. ഇതോടെ, ചാംപ്യന്‍സ് ലീഗില്‍ നിന്നും ബാഴ്‌സയുടെ പുറത്താകല്‍ ഫുട്‌ബോള്‍ ലോകം വിലയിരുത്തി.

എന്നാല്‍, രണ്ടാം പാദത്തിലായിരുന്നു കളി. കളിയെന്നു പറഞ്ഞാല്‍ പൊടിപാറും കളി. ഫുട്‌ബോളിലെ ഏറ്റവും മികച്ച തിരിച്ചുവരവുകളില്‍ ഒന്നു കണ്ട മത്സരത്തില്‍ ബാഴ്‌സലോണ പിഎസ്ജിയെ തൂത്തെറിഞ്ഞു. ക്യാംപ് നൗവില്‍ ഒന്നിനെതിരേ ആറ് ഗോളുകള്‍ക്കാണ് ബാഴ്‌സലോണ ജയം സ്വന്തമാക്കിയത്. ഇതോടെ, രണ്ട് പാദങ്ങളിലായി 6-5 എന്ന സ്‌കോറിന് ബാഴ്‌സ ചാംപ്യന്‍സ് ലീഗ് സെമിയിലെത്തുകയും ചെയ്തു.

ചരിത്രം സൃഷ്ടിച്ച മത്സരം മറ്റൊരു നേട്ടത്തിനരികെയാണ്.ലോറേഴ്സ് വേള്‍ഡ് സ്പോര്‍ട്സ് അവാര്‍ഡിലെ ഏറ്റവും മികച്ച തിരിച്ചുവരവിനുള്ള പുരസ്‌ക്കാരത്തിന് ബാഴ്‌സലോണ നാമനിര്‍ദേശം ചെയ്യപ്പെട്ടു. റോജര്‍ ഫെഡറര്‍, മോട്ടോ ജിപി റൈഡര്‍ വാലെന്റിനോ റോസ്സി, അത്‌ലറ്റുകളായ ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍, സാലി പേര്‍സണ്‍, ബ്രസീലിയന്‍ ഫുട്‌ബോള്‍ ക്ലബ് ചാപ്പക്യുന്‍സേ എന്നിവരാണ് ഈ വിഭാഗത്തില്‍ ബാഴ്‌സയോടൊപ്പം മത്സരിക്കാനുള്ളത്.

അതേസമയം, ലോറേഴ്സ് വേള്‍ഡ് സ്പോര്‍ട്സ് അവാര്‍ഡിലെ ഏറ്റവും മികച്ച കായിക താരത്തിനുള്ള നാമനിര്‍ദേശം ചെയ്യപ്പെട്ടവരില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇടം നേടിയിട്ടുണ്ട്.