മെസിയെ കൈവിട്ട ബാഴ്‌സ മുങ്ങുന്നു; കുറ്റക്കാരന്‍ ഒരാളെന്ന് കണ്ടെത്തല്‍

സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് ഇതിഹാസ താരം ലയണല്‍ മെസിയെ കൈവിടാന്‍ പ്രേരിതരായ സ്പാനിഷ് ക്ലബ് ബാഴ്‌സലോണയുടെ കടം പെരുകുന്നു. ക്ലബ് പ്രസിഡന്റ് യുവാന്‍ ലപോര്‍ട്ടയാണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.

1.35 ബില്യണ്‍ യൂറോയുടെ (പതിനൊന്നായിരം കോടിയിലേറെ രൂപ) ബാദ്ധ്യതയാണ് ബാഴ്‌സയ്ക്കുള്ളത്. വരുമാനത്തിന്റെ 103 ശതമാനമാണ് ബാഴ്‌സയുടെ ശമ്പള ബില്‍. മെസിയെ നിലനിര്‍ത്തിയിരുന്നെങ്കില്‍ അതു 110 ശതമാനമായി ഉയര്‍ന്നേനെയെന്ന് ലപോര്‍ട്ടെ പറഞ്ഞു. തന്റെ മുന്‍ഗാമി ജോസഫ് ബാര്‍ത്തമ്യൂവാണ് ബാഴ്‌സയുടെ കടക്കെണിക്ക് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Read more

മറ്റു ക്ലബ്ബുകള്‍ കളിക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ വിനിയോഗിക്കുന്ന തുകയുടെ 20-25 ശതമാനം അധികമാണ് ബാഴ്‌സയ്ക്ക് ചെലവിടേണ്ടി വരുന്നത്. 80 മില്യണ്‍ യൂറോ വായ്പയെടുത്താണ് ബാഴ്‌സ താരങ്ങളുടെ ശമ്പള ആവശ്യങ്ങള്‍ നിറവേറ്റുന്നത്. ബാര്‍ത്തമ്യൂവിന്റെ കാലത്ത് കടുത്ത കെടുകാര്യസ്ഥതയാണ് അരങ്ങേറിയതെന്നും മുന്‍ ഭരണസമിതി പറഞ്ഞതെല്ലാം നുണയാണെന്നും ലപോര്‍ട്ട ആരോപിച്ചു.