ലാ ലിഗ കിരീടം നഷ്ടപ്പെട്ടതിന് പിന്നാലെ പരിശീലകന്‍ സെറ്റിയനെ മാറ്റാന്‍ ബാഴ്‌സയില്‍ രഹസ്യനീക്കം. സെറ്റിയനെ മാറ്റി ക്ലബ്ബിന്റെ മുന്‍താരം പാട്രിക് ക്ലൈവര്‍ട്ടിനെ പരിശീലകനായി നിയമിക്കണമെന്ന ആവശ്യപ്പെട്ട് ബാഴ്‌സ താരങ്ങള്‍ മാനേജ്‌മെന്റിനെ സമീപിച്ചതായാണ് സൂചന. സെറ്റിയനുമായുള്ള പലതാരങ്ങളുടെയും അകല്‍ച്ചയും ടീമിന്റെ ദയനീയ പ്രകടനവുമാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെന്നാണ് വിവരം.
ക്ലൈവര്‍ട്ടിന് താരങ്ങളെ ഓരോരുത്തരുടെയും അടുത്തറിയാമെന്നും ചാമ്പ്യന്‍സ് ലീഗിനായുള്ള പ്രയാണത്തില്‍ അദ്ദേഹത്തിന്റെ പരിശീലനവും സാമീപ്യവും ഏറെ ഗുണകരമാകുമെന്നുമാണ് ബാഴ്‌സ താരങ്ങളുടെ വിലയിരുത്തല്‍. നേരത്തെ ബാഴ്സയുടെ മറ്റൊരു ഇതിഹാസതാരം സാവിയുടെ പേര് പരിശീലക സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു. എന്നാല്‍ സാവി നിലവിലെ ക്ലബ്ബായ അല്‍ സാദില്‍ കരാര്‍ നീട്ടിയിരിക്കുകയാണ്.
ഒരു ഘട്ടത്തില്‍ ലീഗ് കിരീടത്തിലേക്ക് അടുത്തു കൊണ്ടിരുന്ന ബാഴ്സ അവിശ്വസീനയമാം വിധമാണ് തകര്‍ന്നടിഞ്ഞത്. കോവിഡ് ഇടവേളയ്ക്കു ശേഷമുള്ള മത്സരങ്ങളില്‍ മൂന്ന് സമനിലയും ഒരു തോല്‍വിയും ടീം വഴങ്ങി. ഒസാസുനയോട് സ്വന്തം തട്ടകമായ നൗകാമ്പില്‍ തോറ്റത് ബാഴ്സയുടെ പതനം പൂര്‍ണമാക്കി.
Read more
ഒസാസുനയോട് തോറ്റതോടെ ടീമിന്റെ ദയനീയ പ്രകടനത്തെ കുറ്റപ്പെടുത്തി സാക്ഷാല്‍ മെസി തന്നെ രംഗത്ത് വന്നിരുന്നു. ബാഴ്സ ടീം ദുര്‍ബലമാണെന്നും ഇങ്ങനെ കളിച്ചാന്‍ ക്ലബ് ചാമ്പ്യന്‍സ് ലീഗ് ജയിക്കാന്‍ യാതൊരു സാദ്ധ്യതയുമില്ലെന്നും മെസി തുറന്നടിച്ചു. ഇത് ശരിവെച്ച് സെറ്റിയനും രംഗത്ത് വന്നിരുന്നു.