വിശ്വരൂപം കാട്ടി ബെന്‍ സ്റ്റോക്‌സും; സിക്‌സുകള്‍ ചറപറ

ബാറില്‍ തല്ലുണ്ടാക്കി ഇംഗ്ലീഷ് ക്രിക്കറ്റ് ടീമില്‍ നിന്നും പുറത്തായ ബെന്‍ സ്റ്റോക്‌സ് തകര്‍പ്പന്‍ വെടിക്കെട്ടുമായി വീണ്ടും ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധയിലേക്ക്. ന്യൂസിലന്‍ഡില്‍ നടക്കുന്ന മക്‌ഡൊണാള്‍ഡ്‌സ് സൂപ്പര്‍ സ്മാഷ് ടി20 സിരിയസിലാണ് ബെന്‍ സ്‌റ്റോക്‌സ് വെടിക്കെട്ട് പ്രകടനം നടത്തിയത്.

ഇതോടെ ക്രിക്കറ്റ് ലോകത്ത് അടുത്ത ദിവസങ്ങളിലായി വെടിക്കെട്ട് പ്രകടനം കാഴ്ച്ചവെക്കുന്ന നാലമാത്തെ ബാറ്റ്സ്മാനായി മാറി സ്റ്റോക്സ്. കഴിഞ്ഞ ദിവസം ക്രിസ് ഗെയ്ലും ഷെയ്ന്‍ വാട്സണും രോഹിത്ത് ശര്‍മ്മയുമെല്ലാം വെടിക്കെട്ട് സെഞ്ച്വറി നേടിയിരുന്നു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കാന്റര്‍ബറിക്ക് വേണ്ടി നാലാമനായി ബാറ്റിംഗിനിറങ്ങിയ സ്റ്റോക്ക്‌സ് 47 പന്തുകളില്‍ നിന്ന് ആറു ഫോറുകളും ഏഴ് സിക്‌സറുകളുമടക്കം 93 റണ്‍സാണ് അടിച്ചു കൂട്ടിയത്. സ്‌ട്രൈക്ക് റേറ്റ് 197.

സ്റ്റോക്ക്‌സിന്റെ കരുത്തില്‍ കാന്റര്‍ബറി ടീം 20 ഓവറില്‍ 217 റണ്‍സ് നേടിയപ്പോള്‍ ഒട്ടാഗോയുടെ മറുപടി 83 റണ്‍സിലൊതുങ്ങി. മത്സരത്തില്‍ രണ്ട് ഓവര്‍ എറിഞ്ഞ സ്റ്റോക്‌സ് 17 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റും സ്വന്തമാക്കി. ഇതോടെ മത്സരത്തില്‍ 134 റണ്‍സിന്റെ ജയമാണ് സ്റ്റോക്ക്‌സും ടീമും സ്വന്തമാക്കിയത്.

സെപ്റ്റംബറില്‍ ലണ്ടനിലെ നിശാക്ലബിലുണ്ടായ പ്രശ്നത്തെത്തുടര്‍ന്ന് സ്റ്റോക്സിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നിലെ നിയമനടപടികള്‍ ഉണ്ടായതോടെ സ്റ്റോക്സിനെ അഷസ് പരമ്പരയ്ക്കുളള ഇംഗ്ലണ്ട് ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന സഹതാരം അലക്സ് ഹെയില്‍സിനും പിന്നീട് ടീമില്‍ കളിക്കാനായിട്ടില്ല.

Read more

അതെസമയം ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പയ്ക്കുള്ള ഇംഗ്ലണ്ട് ടീമില്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്ലിനെ ഉള്‍പ്പെടുത്തി. ജനുവരിയില്‍ നടക്കുന്ന പരമ്പരയ്ക്കുള്ള പതിനാറംഗ ടീമിലാണ് സ്റ്റോക്സും അലക്സ് ഹെയില്‍സും ഇടം നേടിയത്.