ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനൊരു ആശ്വാസ വാര്‍ത്ത

മുംബൈ സിറ്റി എഫ്‌സിയുമായുള്ള മത്സരം പൂര്‍ത്തിയാക്കുന്നതിന് മുമ്പ തന്നെ കേരള ബ്ലാസ്റ്റേഴ്‌സിനൊരു ആശ്വാസ വാര്‍ത്ത. പോയിന്റ് പട്ടികയില്‍ മുമ്പന്മാരും ബ്ലാസ്റ്റേഴ്‌സിന്റെ ബദ്ധവൈരികളുമായ ബെംഗളൂരു എഫ്‌സിക്ക് അപ്രതീക്ഷിത തോല്‍വി. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ ഡല്‍ഹി ഡൈനാമോസാണ് മറുപടി ഇല്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബെംഗ്ളുരു എഫ്.സിയെ അട്ടിമറിച്ചത്.

പോയിന്റ് പട്ടികയില്‍ ഏറ്റവും പിന്നിലുള്ള ടീമിനോട് ബെംഗളൂരുവിന്റെ തോല്‍വി പ്ലേ ഓഫ് സാധ്യതയുള്ള മറ്റു ടീമുകള്‍ക്ക് ഗുണമാകും. കേരള ബ്ലാസ്റ്റേഴ്‌സിനെ അപേക്ഷിച്ച് ഇന്നത്തെ മത്സരം കൂടി ജയിച്ചാല്‍ പോയിന്റ് പട്ടികയില്‍ മുന്നേറാന്‍ സാധിക്കും.

ഗോള്‍ രഹിതമായ ആദ്യ പകുതിക്കു ശേഷം 72 ാം മിനിറ്റില്‍ ലാലിയന്‍സുവാല ചാങ്തെയും ഇഞ്ചുറി ടൈമിന്റെ എട്ടാം മിനിറ്റില്‍ പെനാല്‍്ട്ടി മുതലാക്കി ഗുയോണ്‍ ഫെര്‍ണാണ്ടസുമാണ് ഡല്‍ഹിയ്ക്ക് ഗോളുകള്‍ സമ്മാനിച്ചത്. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തു നിന്നിരുന്ന ബെംഗ്ളുരുവിനെതിരെ അവസാന സ്ഥാനത്തു നില്‍ക്കുന്ന ഡല്‍ഹിയുടെ അട്ടിമറി ജയം ആണിത്. ഈ സീസണില്‍ പ്രതീക്ഷ അവസാനിപ്പിച്ചു നിന്നിരുന്ന ഡര്‍ഹിക്ക് ഈ ജയം പുതുജീവന്‍ നല്‍കി. ഡല്‍ഹിയുടെ ആദ്യത്തെ സ്വന്തം തട്ടകത്തിലെ വിജയം ആണിത്. രണ്ടു ടീമുകളുടേയും പോയിന്റ് പട്ടികയിലെ സ്ഥാനത്തിനു മാറ്റമൊന്നും ഇല്ല.

ഇന്നലെ കളിക്കളം നിറഞ്ഞു നില്‍ക്കുകയും ഡല്‍ഹിയുടെ ഗോളുടമ കൂടിയായ ലാലിയന്‍സുവാല ചാങ്തെയാണ് ഹീറോ ഓഫ് ദി മാച്ച്.
ഒന്‍പതാം മിനിറ്റില്‍ ഡല്‍ഹിയുടെ കാലു ഉച്ചെയ്ക്കാണ് ആദ്യ അവസരം. ബോക്സിനു തൊട്ടു പുറത്തു നിന്നും കാലു ഉച്ചെയുടെ ലോങ് റേഞ്ചര്‍ ബെംഗ്ളുരു ഗോളി ക്രോസ് ബാറിനു മുകളിലൂടെ കുത്തിയകറ്റി. 14-ാം മിനിറ്റില്‍ ഡല്‍ഹിയുടെ റോമിയോ ഫെര്‍ണാണ്ടസിനാണ് അടുത്ത ചാന്‍സ്. ഒറ്റയ്ക്ക്് പന്തുമായി കുതിച്ച റോമിയോ കൂട്ടുകാര്‍ക്ക് പന്ത് എത്തിക്കാതെ നേരെ ഗോള്‍ മുഖത്തേക്കു ലക്ഷ്യമാക്കിയത് ബെംഗ്ളുരുവിന്റെ ഗോളി ഗൂര്‍പ്രീതിന്റെ കൈകളില്‍ സുരക്ഷിതമായി എത്തിച്ചേര്‍ന്നു.

18-ാം മിനിറ്റില്‍ ബെംഗ്ലുരുവിന്റെ ആദ്യ ശ്രമം കാബ്രയില്‍ നിന്നും വന്നു. ഡിമാസിന്റെ സ്പ്ലിറ്റ് ഡയഗണല്‍ പാസില്‍ നിന്നും പന്ത് സ്വീകരിച്ച കാബ്രയുടെ അടി അഡ്വാന്‍സ് ചെയ്തു വന്ന ഗോളി അര്‍ണാബ് കൃത്യസമയത്ത് തന്നെ എത്തി തടഞ്ഞു. മധ്യനിരയില്‍ നിന്നും മനോഹരമായ പാസുകളിലൂടെ ഡല്‍ഹി തുടരെ ബെംഗ്ളുരുവിന്റെ ഗോള്‍ മുഖത്ത് അപകടമണി മുഴക്കിക്കൊണ്ടിരുന്നു. പക്ഷേ, നിര്‍ഭാഗ്യം ഡല്‍ഹിയെ ഗോള്‍ നേടുന്നതില്‍ നിന്നും തടഞ്ഞു. 24-ാം മിനിറ്റില്‍ ചാങ്തെയുടെ ശ്രമം ഗോളി തടഞ്ഞു.

27-ാം മിനിറ്റില്‍ ചാങ്തെയ്ക്കു കിട്ടിയ അടുത്ത അവസരം ഗോളി സ്ഥാനം തെറ്റി നില്‍ക്കെ പുറത്തേക്കു അടിച്ചു കളഞ്ഞു. അടുത്ത മിനിറ്റില്‍ ബെംഗ്ളുരുവിന്റെ ക്യാപ്റ്റന്‍ സുനില്‍ ഛെത്രിയ്ക്ക്് കിട്ടിയ ഓപ്പണ്‍ ചാന്‍സും നഷ്ടമായി ബോക്സിനകത്ത് പന്തുമായി എത്തിയ സുനില്‍ ഛെത്രിയെ സൈഡ് ടാക്ളിങ്ങിലൂടെ പ്രീതം കോട്ടാല്‍ തടഞ്ഞു.

കഴിഞ്ഞ മത്സരങ്ങളില്‍ നിന്നും വ്യത്യസ്തമായി ഡല്‍ഹി ആദ്യപകുതിയില്‍ കളിക്കളം അടക്കിവാണു.. അഞ്ചോളം ചാന്‍സുകള്‍ ചാങ്തെയ്്ക്കു മാത്രം ലഭിച്ചു. പക്ഷേ ഗോളുകള്‍ ഒന്നും ആദ്യ പകുതിയില്‍ വന്നില്ല. രണ്ടാം പകുതിയില്‍ 55-ാം മിനിറ്റില്‍ ബ്രൗളിയോയെ ഫൗള്‍ ചെയ്തതിനു ബോക്സിനു 15 വാര അകലെ നിന്നും കിട്ടിയ ഫ്രീ കിക്കില്‍ ബെംഗ്ളുരുവിനാണ് ആദ്യ അവസരം. സുനില്‍ ഛെത്രി എടുത്ത കിക്ക് അര്‍ണാത അബ് ദാസ് കരങ്ങളിലൊതുക്കി രക്ഷപ്പെടുത്തി. 60-ാം മിനിറ്റില്‍ ബ്രൗളിയോയ്ക്ക് അടുത്ത അവസരം. ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ ബ്രൗളിയോയുടെ വോളി പുറത്തേക്കു പാഞ്ഞു.

നിര്‍ഭാഗ്യം ഡല്‍ഹിയെ രണ്ടാം പകുതിയിലും വിടാതെ പിന്തുടര്‍ന്നു. 68 ാം മിനിറ്റില്‍ ലുമുവില്‍ നിന്നും ചാങ്തെയിലേക്കു പിന്നെ നന്ദകുമാറിലേക്കം തുടര്‍ന്നു ലുമുവിലേക്കും വന്ന പാസ് ബോക്സില്‍ വെച്ചു ലൂമു രണ്ടാംപോസറ്റിനരികിലൂടെ പൂറത്തേക്കു അടിച്ചു തുലച്ചു. ടീമിനെയും തന്നെയും വിടാതെ പിടികൂടിയ നിര്‍ഭാഗ്യത്തിനെ ചാങ്തെ തന്നെ ഒടുവില്‍ മറികടന്നു 72-ാം മിനിറ്റില്‍ കൗണ്ടറിലാണ് ചാങ്തയുടെ ഗോള്‍ വന്നത്.

റോമിയോ ഫെര്‍ണാണ്ടസില്‍ നിന്നും പ്രീതം കോട്ടാലിലേക്കും തുടര്‍ന്നു ചാങ്തെയിലേക്കും വന്ന പന്ത് ചാങ്തെ ബെംഗ്ളുരു ഗോളിയെ നിസഹായനാക്കി പന്ത് വലയിലാക്കി (10). 88ാം മിനിറ്റില്‍ ബെംഗ്ളുരുവിനു സമനില കണ്ടെത്താന്‍ കനകാവസരം ലഭിച്ചു. ഡല്‍ഹി ബോക്സിനു വലത്തു വശത്തു കിട്ടിയ ഫ്രീ കിക്കില്‍ ജോണ്‍ ജോണ്‍സന്റെ ഹെഡ്ഡര്‍ കൃത്യമായി ഡല്‍ഹിയുടെ ഗോളിയുടെ കൈകളിലേക്കു വന്നു.
രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഡല്‍ഹിയുടെ രണ്ടു ഗോള്‍ ശ്രമങ്ങള്‍ കഷ്ടിച്ചു ലക്ഷ്യം തെറ്റി. ഇതില്‍ റോമിയോ ഫെര്‍ണാണ്ടസിന്റെ തകര്‍പ്പന്‍ ഷോട്ട് കഷ്ടിച്ചാണ് പോസ്റ്റിനരികിലൂടെ അകന്നുപോയത്. ബെംഗ്ളുരുവിന്റെ ആല്‍വിന്‍ ജോര്‍ജിന്റെ സമനില ഗോള്‍ ശ്രമം ഡല്‍ഹിയുടെ ഗോള്‍ കീപ്പര്‍ ഡൈവ് ചെയ്തു പന്തില്‍ വീണു രക്ഷപ്പെടുത്തി.

അവേശോജ്ജ്വലമായ മത്സരം അവസാന വിസിലിനു സെക്കന്റുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഡല്‍ഹിക്കു അനുകൂലമായി പെനാല്‍ട്ടിയും ലഭിച്ചത്. പന്തുമായി കുതിച്ച ഗുയോണ്‍ ഫെര്‍ണാണ്ടസിനെ പെനാല്‍ട്ടി ബോക്സിനകത്തു വെച്ചു സുഭാഷിഷ് ബോസ് പുറകില്‍ നിന്നും തള്ളി വീഴ്ത്തി. തുടര്‍ന്നു സുഭാഷിഷിനു ചുവപ്പ്. കാര്‍ഡും ഡല്‍ഹിക്ക്് അനുകൂലമായി പെനാല്‍്ട്ടിയും വിധിച്ചു. കിക്കെടുത്ത ഗുയോണ്‍ ഫെര്‍ണാണ്ടസ് കൃത്യമായി വലയിലാക്കി.

രണ്ട് ടീമുകളും മൂന്നു മാറ്റങ്ങളുമായാണ് ഇന്നലെ ആദ്യ ഇലവനെ പ്രഖ്യാപിച്ചത്. ഡല്‍ഹി ഡൈനാമോസിന്റെ സ്റ്റാര്‍ സ്ട്രൈക്കര്‍ കാലു ഉച്ചെ ഡേവിഡിനു പകരം ടീമില്‍ തിരിച്ചെത്തി. ഗോള്‍ കീപ്പര്‍ സാവിയറിനു പകരം അര്‍ണാബ് ദാസും റോവില്‍സണിനു പകരം വിനീത് റായിയും മടങ്ങിയെത്തി.

ബെംഗ്ളുരുവിന്റെ നിരയില്‍ ജോണ്‍ ജോണ്‍സണ്‍ ബ്രോളിയോ, ലെനി റോഡ്രിഗസ് എന്നിവരെ ഉള്‍പ്പെടുത്തിയപ്പോള്‍ യുവാനന്‍, എറിക് പാര്‍ത്താലു, ഉദാന്ത സിംഗ് എന്നിവരെ ഒഴിവാക്കി. ഡല്‍ഹി പരിശീലകന്‍ മിഗുവേല്‍ എഞ്ചല്‍ പോര്‍ച്ചുഗല്‍ 4-1-4-1 ഫോര്‍മേഷന്‍ പുറത്തെടുത്തു.ഡിഫന്‍സിവ് മിഡ്ഫീല്‍ഡില്‍ വിനിത് റായിയെ മാത്രം നിര്‍ത്തി ആക്രമണ ഫുട്ബോളിനാണ് ഡല്‍ഹി ഊന്നല്‍ കൊടുത്തത്. മറുവശത്ത് ആല്‍ബര്‍ട്ട് റോക്ക 4-2-3-1് ഫോര്‍മേഷനിലായിരുന്നു.

ആദ്യ പാദത്തില്‍ ഹോം ഗ്രൗണ്ടില്‍ ബെംഗ്ളുരു 4-1നു ഡല്‍ഹിക്കെതിരെ വിജയം നേടിയിരുന്നു. ഇതിനു പകരം വീട്ടാന്‍ ഡല്‍ഹിക്കു കഴിഞ്ഞു.
ബെംഗ്ളുരു ഇനി 18നു നടക്കുന്ന എവേ മത്സരത്തില്‍ മുംബൈ സിറ്റിയേയും ഡല്‍ഹി ഇനി 21നു അടുത്ത എവേ മത്സരത്തില്‍ ജാംഷെഡ്പൂര്‍ എഫ്.സി.യേയും നേരിടും.