ആ ഗോളിന് എതിര്‍ ടീം വരെ റൊണാള്‍ഡീഞ്ഞോയെ കെട്ടിപ്പിടിച്ചു അഭിനന്ദിച്ചു

റൊണാള്‍ഡീഞ്ഞോയുടെ കളിമികവിനെ കുറിച്ച് ഫുട്‌ബോള്‍ ആരാധകര്‍ക്ക് സംശയമേതുമില്ല. കളിച്ചും കളിപ്പിച്ചും ഗോളടിച്ചും ബ്രസീലിയന്‍ സൂപ്പര്‍ താരം ആരാധകരുടെ മനസിലേക്ക് കയറിയത് പെട്ടെന്നായിരുന്നു. പിന്നീട്, ബാഴ്‌സലോണ കുപ്പായത്തില്‍ നിറഞ്ഞാടിയ താരം ഫുട്‌ബോളിലെ കിരീടം വെക്കാത്ത രാജകുമാരനായി.

ഗോളടിക്കാനും ട്രിബ്ലിംങ്ങിലുമുള്ള കഴിവായിരുന്നു റൊണാള്‍ഡീഞ്ഞോയുടെ ഹൈ ലൈറ്റ്. 2002 ലോകകപ്പില്‍ ഇംഗ്ലീഷ് പടയ്‌ക്കെതിരേ നേടിയ കരിയിലകിക്കിന്റെ വിശേഷണം ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇന്നും ചര്‍ച്ചയാണ്. ആ ഗോളിനോട് കിടപിടിക്കുന്ന മറ്റൊരു ഗോളാണ് റൊണാള്‍ഡീഞ്ഞോ ബ്രസീലില്‍ നടന്നൊരു സൗഹൃദ മത്സരത്തില്‍ നേടിയത്. ഗ്രൗണ്ടിന്റെ സെന്‍ട്രല്‍ സര്‍ക്കിളില്‍ നിന്ന് തൂക്കിയിറക്കിയ പന്ത് വലയില്‍ ഉമ്മവെച്ചപ്പോള്‍ എതിര്‍ ടീം ഗോള്‍ കീപ്പര്‍ വരെ കയ്യടിച്ചു പോയി.

37ാം വയസിലും ഗോളടി മികവിന് കുറവ് കാണാത്ത റൊണാള്‍ഡോയെ എതിര്‍ ടീം താരങ്ങളും വന്ന് അഭിന്ദിച്ചു. ഏതായാലും റൊണാള്‍ഡീഞ്ഞോയുടെ ഗോള്‍ ആരാധകരെ വീണ്ടും പഴയകാലത്തേക്ക് കൂട്ടിക്കൊണ്ടുപോയെന്നൊക്കെയാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ചാരിറ്റിയുമായി ബന്ധപ്പെട്ട ഫുട്‌ബോള്‍ മത്സരമാണിതെന്നാണ് സൂചന.