ഇന്ത്യന്‍ സൂപ്പര്‍ താരം സന്ദേഷ് ജിങ്കന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് വിട്ടതിന് പിന്നില്‍ പണമല്ലെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ മാര്‍ക്കസ് മെര്‍ഗുളാവൊ. പണമായിരുന്നു പ്രശ്‌നമെങ്കില്‍ വലിയ ഓഫറുകള്‍ ജിങ്കനെ തേടി ഇതിന് മുമ്പേ എത്തിയിരുന്നതായും അതൊന്നും സ്വീകരിക്കാതെയാണ് ജിങ്കന്‍ ബ്ലാസ്റ്റേഴ്‌സില്‍ തുടര്‍ന്നതെന്നും മെര്‍ഗുളാവോ പറയുന്നു
ജിങ്കന്‍ ബ്ലാസ്റ്റേഴ്‌സുമായി വഴിപിരിയുന്ന വാര്‍ത്ത ആദ്യമായി പുറത്ത് കൊണ്ട് വന്നത് മാര്‍ക്കസ് ആണ്. ടൈംസ് ഓഫ് ഇന്ത്യയുടെ സ്‌പോട്‌സ് എഡിറ്ററാണ് അദ്ദേഹം.
എന്ത് കൊണ്ടാണ് ജിങ്കന്‍ ബ്ലാസ്‌റ്റേഴ്‌സ് വിട്ടതെന്ന അദ്ദേഹം തന്നെ ഉടന്‍ വ്യക്തമാക്കുമെന്നും മാര്‍ക്കസ് പറയുന്നു. പ്രതിഫലം കുറയ്ക്കാന്‍ പുതിയ മാനേജ്മെന്റ് ആവശ്യപ്പെട്ടതാണ് ജിങ്കന്‍ ക്ലബ് വിടാന്‍ കാരണമെന്നാണ് പുറത്ത് വന്ന പ്രചാരണം ഇതാണ് മാര്‍ക്കസ് തള്ളിക്കളയുന്നത്. മാനേജുമെന്റുമായുളള പ്രശ്‌നങ്ങളാകാം ജിങ്കന്‍ കടുത്ത തീരുമാനമെടുത്തതിന് പിന്നിലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.
ഐ-ലീഗില്‍ ഒന്നിലധികം ടീമുകള്‍ക്ക് വേണ്ടി കളിച്ച ജിങ്കന്‍ 2014-ല്‍ 21-ാം വയസിലാണ് കേരള ബ്ലാസ്റ്റേഴിസിലെത്തുന്നത്. ആദ്യ സീസണില്‍ തന്നെ എമര്‍ജിംഗ് പ്ലെയറായി തിരഞ്ഞെടുക്കപ്പെട്ട താരം ക്ലബ്ബിനുവേണ്ടി മികച്ച പ്രകടനമാണ് പിന്നീടുള്ള സീസണുകളിലും പുറത്തെടുത്തത്. പ്രതിരോധത്തിലെ സൂപ്പര്‍ നായകനായിരുന്നു ബ്ലാസ്റ്റേഴ്സിന് ജിങ്കന്‍. പല നിര്‍ണായ ഘട്ടങ്ങളിലും അത്ഭുതകരമായി ബ്ലാസ്റ്റേഴ്സിനെ രക്ഷപ്പെടുത്തിയതും ജിങ്കനായിരുന്നു.
2005-ല്‍ ദേശീയ ടീം അംഗമായ ജിങ്കന്‍ ഇന്ത്യക്കു വേണ്ടി 36 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചു. ചണ്ഡീഗഡ് ജന്മനാടായ ജിങ്കന്‍ കേരളാ ബ്ലാസ്റ്റേഴ്സിനു വേണ്ടി 76 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. 2014-ലും 16-ലും ബ്ലാസ്റ്റേഴ്സിനെ ഐഎസ്എല്‍ ഫൈനലിലെത്തിക്കുന്നതില്‍ ജിങ്കന്‍ നിര്‍ണായക പങ്ക് വഹിച്ചു. ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ ബൂട്ടു കെട്ടിയ കളിക്കാരന്‍ എന്ന റെക്കോഡിനുമുടമയാണ് ജിങ്കന്‍.
ചുരുങ്ങിയ സീസണുകളില്‍ നിന്നു തന്നെ യുവതാരത്തില്‍ നിന്ന് നായകനിലേക്ക് വളരാന്‍ ജിങ്കന് സാധിച്ചു. കരാറില്‍ രണ്ട് വര്‍ഷം കൂടി ബാക്കി നില്‍ക്കെയാണ് താരം ക്ലബ്ബുമായി പിരിയുന്നത്. 2019- 20 സീസണില്‍ പരിക്കിനെ തുടര്‍ന്ന് ജിങ്കന് ബ്ലാസ്റ്റേഴ്സില്‍ നിന്ന് വിട്ടു നില്‍ക്കേണ്ടി വന്നിരുന്നു. ജിങ്കനില്ലാതെ ഇറങ്ങിയ ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ സീസണില്‍ ഏഴാം സ്ഥാനത്തേക്ക് പുറന്തള്ളപ്പെടുകയും ചെയ്തു.
ഐ ലീഗില്‍ മോഹന്‍ ബഗാനെ വിജയത്തിലേക്കെത്തിച്ച കിബു വിക്യൂണയെ അടുത്തിടെ ബ്ലാസ്റ്റേഴ്സ് പരിശീലകനായി നിയമിച്ചിരുന്നു. മുന്‍ പരിശീലകന്‍ ഇല്‍കോ ഷറ്റോരിക്ക് പകരക്കാരാനായാണ് പുതിയ നിയമനം.