ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് വീണ്ടും വെട്ടില്‍?

മാര്‍ക്ക് സിഫ്‌നിയോസ് കൂടി ബ്ലാസ്‌റ്റേഴ്‌സ് വിട്ടതോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് വീണ്ടും വെട്ടിലായിരിക്കുകയാണ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സെമി പ്ലേ ഓഫിന് യോഗ്യത ലഭിക്കണമെങ്കില്‍ ഇനിയുള്ള എല്ലാ മത്സരങ്ങളിലും വിജയിക്കേണ്ടതായുണ്ട്. ബെര്‍ബറ്റോവ്, കിസീറ്റോ എന്നീ താരങ്ങള്‍ക്കുള്ള പരിക്കില്‍ നിന്നും ബ്ലാസ്റ്റേഴ്‌സ് ഇതുവരെ കരകയറിയിട്ടില്ല. ഇവരുടെ പരിക്ക് ഭേദമായി എന്ന് ടീമിനൊപ്പം ചേരുമെന്നും വ്യക്തമായ ധാരണ ഇതുവരെ കൈവന്നിട്ടില്ല.

അതേസമയം, സിഫ്‌നിയോസ് കൂടി പോയതോടെ മുന്നേറ്റ നിരയിലാകും ബ്ലാസ്റ്റേഴ്‌സിന് വീണ്ടും പ്രതിസന്ധി. വിനീത്, സിഫ്‌നിയോസ്, ഹ്യൂം എന്നിവരെയാണ് ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റ നിരയിലേക്ക് കണ്ടിരുന്നത്. ഇതില്‍ സിഫ്‌നിയോസ് പോകുന്നതോടെ റിസര്‍ താരമായിരുന്ന പ്രശാന്തിനെ ഉപയോഗിക്കേണ്ടി വരും.

ഈ സീസണിലെത്തിയ 20 കാരനായ ഡച്ച് താരം കേരള ബ്ലാസ്‌റ്റേഴ്‌സിലെത്തുന്നത്. ഇതുവരെ നാല് തവണ ലക്ഷ്യം കാണാന്‍ സാധിക്കുകയും ചെയ്തിട്ടുണ്ട്. താരം ടീം വിടാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സിഫ്‌നിയോസിന്റെ സംഭാവനകള്‍ക്ക് നന്ദിയെന്ന് മാത്രമാണ് ടീം മാനേജ്‌മെന്റിന്റെ പ്രതികരണം.

ടീം മാനേജ്‌മെന്റിനെതിരേ റെനെ മ്യൂലന്‍സ്റ്റീന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിന് ശേഷമാണ് സിഫ്‌നിയോസ് ടീം വിട്ടതെന്നാണ് ശ്രദ്ധേയം. ടീം മാനേജ്‌മെന്റിന്റെ പിടിപ്പുകേടാണ് തന്റെ കീഴില്‍ ബ്ലാസ്റ്റേഴ്‌സിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിക്കാതിരുന്നതെന്ന് റെനെ പ്രതികരിച്ചിരുന്നു.

ആരാധക പിന്തുണ കൂടുന്ന സാഹചര്യത്തില്‍ കളിയോടുള്ള ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റിന്റെ സമീപനം ദയനീയമാകുന്നുണ്ടെന്ന് ആരാധകര്‍ നേരത്തെ പരാതിപ്പെട്ടിരുന്നു. താരങ്ങളെ എത്തിച്ചതില്‍ മാനേജ്‌മെന്റ് പരാജയപ്പെട്ടുവെന്നും മ്യൂലന്‍സ്റ്റീന് പകരം ജെയിംസ് വന്നതും ആരാധകര്‍ക്ക് അത്ര പിടിച്ചിട്ടില്ല.