രൂക്ഷവിമര്‍ശനം; ബ്ലാസ്‌റ്റേഴ്‌സിനെ പരിഹസിച്ച് ഡല്‍ഹി

ഐഎസ്എല്ലില്‍ ബ്ലാസ്‌റ്റേഴ്‌സിനോട് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്ന ഡല്‍ഹി ഡൈനാമോസ് പരിഭവം തുറന്ന് പ്രകടിപ്പിച്ചു. മത്സരം ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഡല്‍ഹി പരിശീലകന്‍ മിഗ്വല്‍ പോര്‍ച്ചുഗല്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ കളിശൈലിയ്‌ക്കെതിരെ ആഞ്ഞടിച്ചത്.

ഡല്‍ഹിയ്‌ക്കെതിരെ ബ്ലാസ്‌റ്റേഴ്‌സ് കാഴ്ച്ചവെച്ചത് ഫുട്‌ബോളല്ലെന്നാണ് കോച്ച് ആരോപിക്കുന്നത്. ഇന്നലത്തെ മത്സരത്തില്‍ ഒരു ടീം മാത്രമേ ഫുട്‌ബോള്‍ കളിച്ചുള്ളു. അതു ഡല്‍ഹിയാണ്. ഒരു ടീം മൂന്നു ഗോളടിച്ചു, മത്സരം ജയിച്ചു. എന്നാല്‍ മത്സരത്തില്‍ കൂടുതല്‍ മികച്ച അവസരമുണ്ടാക്കിയതും വിജയിക്കാന്‍ സാധ്യതയുണ്ടായിരുന്നതും ഡല്‍ഹിക്കായിരുന്നു. പോര്‍ച്ചുഗല്‍ അഭിപ്രായപ്പെട്ടു.

അതെസമയം തോല്‍വിയില്‍ റഫറീയിങ്ങിനെ കുറ്റപ്പെടുത്തി രക്ഷപ്പെടാനില്ലെന്നും പോര്‍ച്ചുഗല്‍ പറഞ്ഞു.

റെനെ മ്യൂളസ്റ്റീനിന്റെ കീഴില്‍ കളിച്ചിരുന്ന അതേ ലോംഗ് ബോള്‍ ഫുട്‌ബോള്‍ ശൈലിയാണ് ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴും പിന്തുടരുന്നതെന്ന് പോര്‍ച്ചുഗല്‍ വിമര്‍ശിച്ചു. റെനെയെ പുറത്താക്കി ജയിംസ് പരിശീലക സ്ഥാനമേറ്റെടുത്ത് ഒരാഴ്ച മാത്രം ആയതു കൊണ്ടായിരിക്കാം അങ്ങനെയെന്നും ഭാവിയില്‍ ബ്ലാസ്റ്റേഴ്‌സ് മെച്ചപ്പെടാന്‍ സാധ്യതയുണ്ടന്നും പോര്‍ച്ചുഗല്‍ പറഞ്ഞു.

മത്സരത്തില്‍ ഇയാന്‍ ഹ്യൂമിന്റെ ഹാട്രിക്കാണ് ഡല്‍ഹിയെ തകര്‍ക്കാന്‍ ബ്ലാസ്റ്റേഴ്‌സിനെ സഹായിച്ചത്. ജയത്തോടെ പതിനൊന്നു പോയിന്റോടെ ടേബിളില്‍ ആറാം സ്ഥാനത്തെത്താന്‍ ബ്ലാസ്റ്റേഴ്‌സിനായി. എന്നാല്‍ നാലു പോയിന്റ് മാത്രമുള്ള ഡെല്‍ഹി ടേബിളില്‍ അവസാന സ്ഥാനത്താണ്.