അടിയും ഇടിയും റെഡ് കാർഡും പതിവുപോലെ മോശം റഫറിയിങ്ങും, മുംബൈയിൽ ബ്ലാസ്റ്റേഴ്സിന് തോൽവി; അവസാനം വരെ പൊരുതി കളിച്ച് മഞ്ഞപ്പട

അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല. മുംബൈ സിറ്റിക്ക് എതിരെ അവരുടെ തട്ടകത്തിൽ സീസണിലെ മൂന്നാമത്തെ മത്സരം കളിച്ച ബാസ്റ്റേഴ്സിന് ഒന്നിനെതിരെ രണ്ട് ഗോളുകളുടെ തോൽവി. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ നിരയുടെ ഭാഗത്ത് നിന്ന് ഉണ്ടായ പിഴവ് തന്നെയാണ് ഗോളുകൾക്ക് കാരണമായത് എങ്കിൽ മനോഹരമായ ടീം പ്ലേയുടെ അടയാളം ആയിരുന്നു ബ്ലാസ്റ്റേഴ്‌സ് നേടിയ ഗോൾ. ആദ്യ പകുതിയുടെ അധിക സമയത്ത് പ്രീതം കോട്ടലിന്റെ പിഴവ് മുതലെടുത്ത് ജോർജെ പെരേര ഡയസ് പന്ത് വലയിലേക്ക് തൊടുത്ത് വിട്ട് ലാലാംഗ്മാവിയ റാൽറ്റെ രണ്ടാം ഗോൾ സ്വന്തമാക്കി. ബ്ലാസ്റ്റേഴ്സിനായി ഡാനിഷ് ഫാറൂഖ് ആശ്വാസ ഗോൾ കണ്ടെത്തി.

തുടക്കം മുതൽ ആവേശം സമ്മാനിച്ച മത്സരത്തിൽ ആദ്യ പകുതിയിൽ പൂർണ്ണ ആധിപത്യം മുംബൈക്ക് തന്നെ ആയിരുന്നു. തുടക്കം കിട്ടിയ ഒന്നോ രണ്ടോ അവസരങ്ങൾ ഒഴിച്ചുനിർത്തിയാൽ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ നിരയ്ക്ക് പിടിപ്പത് പണിയാണ് മുംബൈ മുന്നേറ്റ നിര കൊടുത്തത്. പ്രതിരോധം ചില സമയങ്ങളിൽ വളരെ ശ്രദ്ധിച്ചതുകൊണ്ട് മാത്രമാണ് കൂടുതൽ ഗോൾ ബ്ലാസ്റ്റേഴ്‌സ് പിടിച്ചുനിന്നത്. എന്നാൽ ഒന്നാം പകുതിയുടെ അധിക സമയത്തെ ഒരു ചെറിയ അലസത പ്രീതത്തിന്റെ പിഴവ് സ്വന്തം വലയിൽ എത്തുന്ന രീതിയിൽ കാര്യങ്ങൾ എത്തി. ഡയസിന്റെ തലോടൽ കൂടി ആയതോടെ അത് ഗോളായി.

രണ്ടാം പകുതിയിൽ കൂടുതൽ ഉണർന്ന് കളിച്ച ബ്ലാസ്റ്റേഴ്സിന് പ്രതിഫലം ആയി കിട്ടിയതായിരുന്നു ഡാനിഷിന്റെ ഗോൾ. സന്ദീപിന്റെ മികച്ച പാസ് ഹെഡർ ആയി തൊടുത്ത് വിടുമ്പോൾ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആറാടി. തുടർന്നും നന്നായി ബ്ലാസ്റ്റേഴ്‌സ് കളിച്ചെങ്കിലും പ്രീതവും ഗോളി സച്ചിനും തമ്മിൽ ഉള്ള ധാരണ ഇല്ലായ്മയുടെ ഫലം മുതലെടുത്ത് റാൽറ്റെ രണ്ടാം ഗോൾ നേടുക ആയിരുന്നു.

കളിയുടെ അവസാനം കാർഡുകളുടെ പേരിലും, റഫറിയുട പിഴവിന്റെ പേരിലും ഓർമിപ്പിക്കപ്പെടും.. ബ്ലാസ്റ്റേഴ്സിന്റെ മിലോസ് ഡ്രിങ്കിച്ചും മുംബൈയുടെ യോൽ വാൻ നിഫും ചുവപ്പുകാർഡ് കണ്ടു പുറത്തുപോയി. മുംബൈയുടെ ചില ഫൗളൊക്കെ റഫറി കണ്ടില്ലെന്ന് നടിച്ചു. സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ തോൽവിയാണിത്. മുംബൈയുടെ രണ്ടാം ജയവും. തോൽവിയോടെ ബ്ലാസ്‌റ്റേഴ്‌സ് നാലാം സ്ഥാനത്തേക്ക് വീണു. മുംബൈ രണ്ടാമതെത്തി. മൂന്ന് മത്സരങ്ങളിൽ രണ്ട് ജയമുള്ള ബ്ലാസ്‌റ്റേഴ്‌സ് ആറ് പോയിന്റുണ്ട്. രണ്ട് ജയവും ഒരു സമനിലയുമുള്ള മുംബൈ രണ്ടാമതാണ്. 21 ആം തിയതി സ്വന്തം മണ്ണിൽ ബ്ലാസ്റ്റേഴ്സിന് എതിരാളി നോർത്ത് ഈസ്റ്റ് യൂണൈറ്റഡാണ്.