അടുത്ത വര്‍ഷത്തെ കോപ്പ അമേരിക്കയില്‍ കളിക്കാന്‍ ബ്രസീല്‍ ഫോര്‍വേഡ് നെയ്മര്‍ ഉണ്ടാവില്ല. കാല്‍മുട്ടിനേറ്റ പരിക്കില്‍നിന്ന് സുഖം പ്രാപിക്കാന്‍ താരത്തിന് ഇനിയും സാധിച്ചിട്ടില്ലെന്നും അതിനാല്‍ കോപ്പ അമേരിക്കയില്‍ കളിക്കാന്‍ നെയ്മറിനാവില്ലെന്നും ദേശീയ ടീം ഡോക്ടര്‍ റോഡ്രിഗോ ലാസ്മര്‍ ചൊവ്വാഴ്ച പറഞ്ഞു.
കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഇടതു കാല്‍മുട്ടിലെ പരിക്ക് താരത്തെ വലയ്ക്കുകയാണ്. ഒക്ടോബര്‍ 17-ന് യുറഗ്വായുമായുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. പിന്നാലെ ശസ്ത്രക്രിയ നടത്തി. 2024 ജൂണ്‍ 20-നാണ് കോപ്പ അമേരിക്ക ആരംഭിക്കുക. ജൂലൈ 14-നാണ് ഫൈനല്‍.
ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ഡിയിലാണ് ബ്രസീല്‍. കൊളംബിയ, പരാഗ്വെ ടീമുകള്‍ക്കൊപ്പം കോസ്റ്റാറിക്ക, ഹോണ്ടുറാസ് എന്നിവരില്‍ ഒരു ടീമും ബ്രസീലിന്‍െ ഗ്രൂപ്പില്‍ വരും. കോപ്പ അമേരിക്കയ്ക്ക് തൊട്ടുമുമ്പ് 2024 ജൂണ്‍ എട്ടിന് മെക്സിക്കോയുമായി ബ്രസീലിന് സന്നാഹ മത്സരമുണ്ട്.
129 മത്സരങ്ങളില്‍ 79 ഗോളുകളുമായി ബ്രസീലിന്റെ എക്കാലത്തെയും ഗോള്‍വേട്ടക്കാരനാണ് നെയ്മര്‍. താരത്തിന്‍റെ അഭാവം ടീമിന് തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. അര്‍ജന്റീനയാണ് കോപ്പ അമേരിക്കയില്‍ നിലവിലെ ചാമ്പ്യന്‍മാര്‍.