ഉന്നാൽ മുടിയാത് ബ്രസീൽ; കാനറികളെ തകർത്ത് അർജന്റീന; മെസിയുടെ അഭാവത്തിലും ടീം വേറെ ലെവൽ

ഫുട്ബോൾ ആരാധകർ ഏറ്റവും കൂടുതൽ ആകാംഷയോടെ കണ്ട മത്സരമായിരുന്നു അർജന്റീന ബ്രസീൽ പോരാട്ടം. ഇപ്പോൾ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ഒന്നാം സ്ഥാനക്കാരായ അർജന്റീനയും, രണ്ടാം സ്ഥാനക്കാരായ ബ്രസീലും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ഒന്നിനെതിരെ നാല് ഗോളുകൾക്ക് വിജയിച്ച് അർജന്റീന. ഇതോടെ 2026 ഫുട്‌ബോൾ ലോകകപ്പ് യോഗ്യത സ്വന്തമാക്കി അർജന്റീന.

മത്സരത്തിൽ പൂർണാധിപത്യത്തിൽ നിന്നത് അർജന്റീന തന്നെയായിരുന്നു. പൊസഷൻ 56 ശതമാനവും അർജന്റീനയുടെ കൈയിലായിരുന്നു. തുടക്കം മുതൽ ഗോൾ നേടി മികച്ച സ്റ്റാർട്ട് ലഭിച്ചത് അർജന്റീനക്കായിരുന്നു. മത്സരത്തിന്റെ നാലാം മിനിറ്റിൽ അർജന്റീനക്കായി ജൂലിയൻ അൽവാരെസ് ഗോൾ നേടി. തുടർന്ന് 12 ആം മിനിറ്റിലും എൻസോ ഫെർണാണ്ടസിലൂടെയും ഗോൾ നേടി.

26 ആം മിനിറ്റിൽ ബ്രസീലിനായി മാത്യൂസ് കുൻഹ അവരുടെ ഗോൾ അക്കൗണ്ട് തുറന്നു. 37 ആം മിനിറ്റിൽ അർജന്റീനയുടെ അലക്‌സിസ് മാക് അലിസ്റ്റർ മൂന്നാമത്തെ ഗോൾ നേടി. ഒന്നാം പകുതി അവസാനിക്കുമ്പോൾ 3 -1 എന്ന നിലയിലായിരുന്നു മത്സരം.

രണ്ടാം പകുതിയിൽ മികച്ച മുന്നേറ്റങ്ങൾക്ക് ബ്രസീൽ ശ്രമിച്ചെങ്കിലും അർജന്റീനയുടെ മുൻപിൽ പിടിച്ച് നിൽക്കാൻ സാധിച്ചില്ല. തുടർന്ന് 71 ആം മിനിറ്റിൽ ഗിയൂലിയാനോ സിമിയോൺ അര്ജന്റീനയ്ക്കായി അവസാന ഗോൾ നേടി. ഇതോടെ ബ്രസീൽ പരാജയം ഉറപ്പിക്കുകയായിരുന്നു. ലയണൽ മെസി ഇല്ലെങ്കിലും അർജന്റീനയെ ഉന്നതിയിൽ എത്തിക്കാൻ സാധിക്കും എന്ന് പരിശീലകനായ ലയണൽ സ്‌കൈലോണി വീണ്ടും തെളിയിച്ചിരിക്കുകയാണ്.

Read more