സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ കടന്നു. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ നപ്പോളിയയെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ബാഴ്‌സ പരാജയപ്പെടുത്തിയത്. ഇരു പാദങ്ങളിലുമായി 4-2 ജയത്തോടെയാണ് സ്പാനിഷ് വമ്പന്‍മാരുടെ ക്വാര്‍ട്ടര്‍ പ്രവേശം. ആദ്യ പാദം 1-1 സമനിലയില്‍ പിരിഞ്ഞിരുന്നു.
10ാം മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ മനോഹരമായി ഹെഡ് ചെയ്ത് ലെന്‍ഗ്ലേ ബാഴ്സക്ക് ലീഡ് നല്‍കി. മത്സരത്തിന്റെ 23ാം മിനിറ്റിലായിരുന്നു മെസി മാജിക്. മൂന്ന് പ്രതിരോധ താരങ്ങളെ മറികടന്ന് പോസ്റ്റിന്റെ ഇടത്തേമൂലയില്‍ നിന്ന് എത്തിയ മെസിയുടെ ഷോട്ട് ലക്ഷ്യം കാണുകയായിരുന്നു.
ആദ്യപകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെയാണ് തുടര്‍ന്നുള്ള രണ്ട് ഗോളുകള്‍ പിറക്കുന്നത്. രണ്ടും പെനാല്‍റ്റി ഗോളുകള്‍. മെസിയെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി സുവാരസ് സുന്ദരമായി ഗോളാക്കിയപ്പോള്‍, തൊട്ടുടനെ മെര്‍ട്ടന്‍സിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ലോറന്‍സോയും ഗോളാക്കിമാറ്റി. ആദ്യപകുതി അവസാനിക്കുമ്പോള്‍ സകോര്‍ 3-1.
രണ്ടാം പകുതിയില്‍ വാശിയേറിയ മുന്നേറ്റങ്ങള്‍ക്ക് ക്യാമ്പ് നൗ സാക്ഷ്യം വഹിച്ചെങ്കിലും ഗോളുകളൊന്നും പിറന്നില്ല. ക്വാര്‍ട്ടറില്‍ ജര്‍മന്‍ ചാമ്പ്യന്‍മാരായ ബയേണാണ് ബാഴ്സയുടെ എതിരാളികള്‍.