ചാമ്പ്യന്‍സ് ലീഗില്‍ തീപാറും; റയലിന് എതിരാളി പി.എസ്.ജി ,ബാഴ്‌സ ചെല്‍സിക്കെതിരെ

ചാമ്പ്യന്‍സ് ലീഗ് മത്സരത്തിന്റെ പ്രീ ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പായി. നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ് ഫ്രഞ്ച് ചാമ്പ്യന്‍മാരായ പി.എസ്.ജിയെയാണ് നേരിടുക.ഇതോടെ റൊണാള്ഡോ-നെയ്മര്‍ പോരാട്ടത്തിന് വേദിയാവുകയാണ് ലീഗ്.

സ്പാനിഷ് സൂപ്പര്‍ ക്ലബ് ബാഴ്‌സലോണയുടെ എതിരാളി ഇംഗ്ലീഷ് ചാമ്പ്യന്‍മാരായ ചെല്‍സിയാണ്. 2012 ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ സെമിയില്‍ ബാഴ്‌സലോണയെ തകര്‍ത്തുകൊണ്ടാണ് ചെല്‍സി ഫൈനലില്‍ പ്രവേശിച്ചതും കിരീടം ചൂടിയതും.

പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ ഫോമിലുള്ള് മാഞ്ചസ്റ്റര്‍ സിറ്റിക്ക് താരതമ്യേന ദുര്‍ബലരായ ബാസേല്‍ ആണ് എതിരാളികള്‍. മറ്റൊരു ഇംഗ്ലീഷ് ക്ലബായ ലിവര്‍പൂളിന്റെ എതിരാളികള്‍ പോര്‍ച്ചുഗല്‍ ക്ലബായ പോര്‍ട്ടോയാണ്.

ചരിത്രത്തിലാദ്യമായാണ് അഞ്ച് ഇംഗ്ലീഷ് ക്ലബ്ബുകള്‍ ചാമ്പ്യന്‍സ് ലീഗിന്റെ അവസാന 16 ലേക്ക് പ്രവേശിക്കുന്നത് . ചെല്‍സി ഒഴികെ ബാക്കി നാസ് ടീമുകളുടം ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് പ്രീക്വാട്ടറില്‍ പ്രവേശിച്ചത്.

ടോട്ടന്‍ഹാമിന് എതിരാളികള്‍ ഇറ്റാലിയന്‍ ടീമായ യുവന്റസ് ആണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ എതിരാളികള്‍ സെവിയ്യയാണ്. ബയേണ്‍ മ്യൂണിക്കിന് ദുര്‍ബലരായ ബെസിക്റ്റസിനെ കിട്ടിയപ്പോള്‍ ഇറ്റാലിയന്‍ ടീമായ റോമയുടെ എതിരാളികള്‍ ഷാക്തര്‍ ഡോണെസ്റ്റ്ക് ആണ്. ചാമ്പ്യന്‍സ് ലീഗിന്റെ പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ തന്നെ ശക്തമായ മത്സരങ്ങളാണ് നടക്കുന്നത്.

2018 മെയ് 26ന് കീവില്‍ വെച്ചാണ് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍.