അഖിലേന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ അച്ചടക്കനടപടികൾ പുറത്ത് വിട്ടതിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്‌സ് മാപ്പ് പറഞ്ഞ് രംഗത്ത് എത്തിയായിരുന്നു. ഇപ്പോഴിതാ ക്ലബിന് ശേഷം അത്തരത്തിൽ ക്ഷമാപണം നടത്തി രംഗത്ത് എത്തിയിരിക്കുകയാണ് പരിശീലകൻ ഇവാൻ വുകോമനോവിച്ചും. ബാംഗ്ളൂരിന്തിരായ മത്സരത്തിൽ നിന്ന് ഇറങ്ങി പോയതിന് പിന്നാലെ ഉണ്ടായ വിവാദത്തിൽ ഖേദപ്രകടനം നടത്തി എത്തിയ ബ്ലാസ്റ്റേഴ്‌സ് മേലിൽ ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കില്ല എന്ന ഉറപ്പും നൽകിയിരുന്നു. ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ക്ഷമ പറയാതെ പിഴ തുക കൂടുതൽ കൊടുക്കും എന്നാണ് ആരാധകർ കരുതിയതെങ്കിലും പ്രശ്‌നം വഷളാകുന്നതിന് മുമ്പ് അദ്ദേഹം ഖേദ പ്രകടനം നടത്തി എത്തുക ആയിരുന്നു.
ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറയുന്നതിന്റെ ചുരുക്കം ഇങ്ങനെ- ഇത്തരമൊരു സംഭവത്തിന് സാക്ഷ്യം വഹിക്കുകയും കാണുകയും ചെയ്യുന്നത് എല്ലാ ഫുട്ബോൾ പ്രേമികൾക്കും തീർച്ചയായും വിഷമം ഉണ്ടാക്കുന്ന കാര്യമാണ്. ആരാധകർ, കളിക്കാർ, സാങ്കേതിക & മെഡിക്കൽ സ്റ്റാഫ്, മീഡിയ തുടങ്ങിയവർ ഈ മനോഹരമായ ഗെയിമിലെ വികാരവും സ്നേഹവും നൽകുന്നു. ആ സ്നേഹമൊന്നും വിലമതിക്കാനാവാത്തതാണ്.
ലോകമെമ്പാടുമുള്ള കായിക വേദികളിൽ അച്ചടക്കവും മാന്യതയും പാലിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. സംഭവിച്ച ഈ കാര്യങ്ങൾ നടക്കാൻ പാടില്ലാത്തതാണ്, അത്തരമൊരു നിമിഷത്തിന്റെ ഭാഗമായതിൽ ഞാൻ ഖേദിക്കുന്നു. സഹാനുഭൂതിയോടെയും പുഞ്ചിരിയോടെയും നാമെല്ലാവരും നമ്മുടെ അടുത്ത വെല്ലുവിളികളെ സ്വീകരിക്കുകയും നല്ല ഭാവിക്കായി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുകയും വേണം.
എന്തായാലും പരിശീലകനും മാപ്പ് പറഞ്ഞതോട് കൂടി ഈ പ്രശ്‌നം അവസാനിക്കുകയാണ്. ഇനി പരിശീലകന്റെ 10 മത്സരങ്ങളിലെ വിലക്ക് നീക്കുമോ എന്ന കാര്യമാണ് കണ്ടറിയേണ്ടത്. ബ്ലാസ്‌റ്റേഴ്‌സിനെ കാത്തിരിക്കുന്ന അടുത്ത വെല്ലുവിളി കേരളത്തിന്റെ മണ്ണിൽ നടക്കുന്ന സൂപ്പർ കപ്പ് മത്സരമാണ്. അവിടെ ഏപ്രിൽ 16 ന് നടക്കുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ബാംഗ്ലൂരിനെ നേരിടുന്നുണ്ട്.