Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FOOTBALL

തോക്കുകള്‍ വാഴുന്ന കൊലക്കളമായി വീണ്ടും കൊളംബിയ: വെടിവെപ്പില്‍ നിന്ന് താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; എസ്‌കോബാറിന്റെ നാട്ടില്‍ നിന്നും വീണ്ടും ഞെട്ടിപ്പിക്കുന്ന വാര്‍ത്ത

, 6:31 pm

ഫുട്‌ബോളില്‍ ആരാധന പലപ്പോഴും അതിര് കടക്കാറുണ്ട്. എതിര്‍ടീം കളിക്കാരനെയോ ആരാധകരേയോ ഒത്തുകിട്ടിയാല്‍ രണ്ട് കൊടുക്കണമെന്നുള്ളവരാണ് ഇതില്‍ ഏറ്റവും കുറഞ്ഞ ‘ഇനം’. എന്നാല്‍, തോക്കുകളും മയക്കുമരുന്നും അരങ്ങുവാഴുന്ന ലാറ്റിനമേരിക്കന്‍ രാജ്യമായ കൊളംബിയയിലാണെങ്കില്‍ ഇത് വേറെ തലത്തിലെത്തും. അതിന് ഉദാഹരണാണ് സാക്ഷാല്‍ എസ്‌കോബാര്‍.

സെല്‍ഫ് ഗോള്‍ വഴങ്ങിയതിന് സ്വന്തം ടീമിലെ ആരാധകര്‍ എസ്‌കോബാറിന് നല്‍കിയത് മരണമെന്ന സമ്മാനമായിരുന്നു. ഇത്തരത്തിലുള്ള ഒരു വാര്‍ത്ത വീണ്ടും വന്നതാണ് കൊളംബിയന്‍ ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിപ്പിച്ചിരിക്കുന്നത്. ഭാഗ്യത്തിന് കളിക്കാരന്‍ തരനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.

കൊളംബിയന്‍ ലീഗ് താരമായ യുവന്‍ സെബാസ്റ്റ്യന്‍ ക്വിന്റെരേക്കു നേരെ ആരാധകര്‍ വെടിയുതിര്‍ത്തെങ്കിലും താരം തലനാരിഴക്കു രക്ഷപ്പെടുകയായിരുന്നു. മത്സരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴിയായിരുന്നു വെടിവെപ്പ്.

സംഭവത്തെ കുറിച്ച് ക്വിന്റെരോ പറയുന്നത് ഇങ്ങനെയാണ്. ”മത്സരം കഴിഞ്ഞതിനു ശേഷം വീട്ടിലേക്കുള്ള യാത്രക്കിടെ ക്ലബിന്റെ ലോഗോയുള്ള ഒരു വസ്ത്രം ധരിച്ച ഒരാള്‍ കാറിനടുത്തേക്കു വന്നു തോക്കു നീട്ടുകയായിരുന്നു. സംഗതി അപകടമാണെന്നു മനസിലായപ്പോള്‍ താന്‍ കാര്‍ അതിവേഗതയില്‍ എടുത്തു. അയാള്‍ എന്നെ കൊല്ലുമെന്നു പറഞ്ഞ് കാറിനു നേര്‍ക്കു വെടിയുതിര്‍ത്തു. ഭാഗ്യത്തിന് എനിക്കും കാറിലുണ്ടായിരുന്ന സഹോദരനും പരിക്കു പറ്റിയില്ല. പോലീസ് അന്വേഷണം നടത്തി കുറ്റവാളിയെ കണ്ടെത്തുമെന്നാണു പ്രതീക്ഷ.”

മത്സരത്തില്‍ ക്വിന്റേരയുടെ ടീമായ ഡിപോര്‍ടിവോ കാലി ഒരു ഗോളിനു ഡിപോര്‍ടിവോ പാസ്റ്റയോടു തോല്‍വി വഴങ്ങി ലീഗില്‍ നിന്നും തരം താഴ്ത്തപ്പെട്ടിരുന്നു. ഇതിനു ശേഷം കാണികള്‍ തന്നെ കളിക്കാര്‍ക്കു നേരെ ചീമുട്ടയെറിയുകയും ചെറിയ രീതിയില്‍ ‘കൈകാര്യം’ ചെയ്യുകയും ചെയ്തു. മത്സരത്തിനു ശേഷം താനുള്‍പ്പെടെ ഡിപോര്‍ടിവോ കാലിയുടെ ചില താരങ്ങള്‍ക്ക് സാമൂഹ്യമാധ്യമങ്ങള്‍ വഴി വധ ഭീഷണി വന്നിരുന്ന കാര്യവും ക്വിന്റെര വെളിപ്പെടുത്തി.

Advertisement