കല്ലേറുകൊണ്ട് മുഴച്ച ശരീരമാണ് അയാളുടേത്, അയാള്‍ക്ക് പൂച്ചെണ്ടുകള്‍ നല്‍കിയേ മതിയാകൂ, പണ്ട് കൊണ്ട വെയിലിന് മെസ്സി ഈ തണല്‍ അര്‍ഹിക്കുന്നു

കോപ്പ അമേരിക്ക ഫൈനലില്‍ അര്‍ജന്റീന പരാജയപ്പെട്ടിരുന്നുവെങ്കില്‍ ലയണല്‍ മെസ്സി ക്രൂരമായി പരിഹസിക്കപ്പെടുമായിരുന്നു. കണ്ണുനീര്‍ പൊഴിക്കുന്ന മെസ്സിയുടെ ഫോട്ടോ ഒരു ട്രോള്‍ മെറ്റീരിയല്‍ ആയി മാറുമായിരുന്നു. അങ്ങനെ സംഭവിച്ചില്ല എന്നതാണ് കാലത്തിന്റെ കാവ്യനീതി.

ആരവങ്ങള്‍ അടങ്ങുമ്പോള്‍ മെസ്സിയുടെ വിരോധികള്‍ വീണ്ടും രംഗത്തിറങ്ങും. ”മറ്റുള്ളവരുടെ ചെലവില്‍ കോപ്പ ജയിച്ച മെസ്സി” എന്ന പരിഹാസം അവര്‍ ഉയര്‍ത്തും. അത്തരക്കാര്‍ ഒരു മറുപടി പോലും അര്‍ഹിക്കുന്നില്ല.
സാക്ഷാല്‍ ഡീഗോ മറഡോണയുടെ കാലത്ത് അര്‍ജന്റീന ഒരു ലോകകപ്പ് ജയിച്ചിരുന്നു. പിന്നീട് അവര്‍ക്ക് കഷ്ടകാലമായിരുന്നു. ഒരു മേജര്‍ ട്രോഫി ഇല്ലാതെ അര്‍ജന്റീന പതിറ്റാണ്ടുകള്‍ തള്ളിനീക്കി.

അതിന്റെ എല്ലാ പഴിയും ഏറ്റുവാങ്ങിയത് മെസ്സിയായിരുന്നു. ബോക്‌സിങ്ങിലെ പഞ്ചിങ്ങ് ബാഗ് പോലെയായിരുന്നു മെസ്സി! സ്വന്തം രാജ്യത്തിന് വേണ്ടി ആത്മാര്‍ത്ഥമായി കളിച്ചിട്ടും മെസ്സിയ്ക്ക് കിട്ടിയത് പ്രഹരങ്ങള്‍ മാത്രം!
ബ്രസീലിന്റെ മണ്ണില്‍ വെച്ച് മെസ്സി ആദ്യത്തെ മറുപടി നല്‍കി. അര്‍ജന്റീന കോപ്പ അമേരിക്ക ജയിച്ചു. അപ്പോഴും വിമര്‍ശകര്‍ അടങ്ങിയില്ല. ലോകകപ്പ് ഉയര്‍ത്തിക്കാണിക്കൂ എന്നായിരുന്നു അവരുടെ വെല്ലുവിളി! അതിനുശേഷം നടന്ന ഖത്തര്‍ ലോകകപ്പില്‍ മെസ്സി അര്‍ജന്റീനയെ ഒറ്റയ്ക്ക് തന്നെ ചുമലിലേറ്റി. ഫൈനലിലെ മെസ്സിയുടെ മുഖം ആര്‍ക്കെങ്കിലും മറക്കാനാവുമോ!?

ഒന്നിനുപുറകെ ഒന്ന് എന്ന കണക്കില്‍ കിലിയന്‍ എംബാപ്പെ അര്‍ജന്റീനയുടെ പോസ്റ്റില്‍ ഗോളുകള്‍ അടിച്ചുകയറ്റുകയായിരുന്നു. അപ്പോഴും പതറാത്ത ശരീരഭാഷയുമായി നിന്ന മെസ്സി തന്നെയായിരുന്നു അര്‍ജന്റീനയുടെ കരുത്ത്! പെനല്‍റ്റി ഷൂട്ടൗട്ടിലെ ആദ്യ കിക്ക് ലക്ഷ്യത്തിലെത്തിച്ച ശേഷം മെസ്സി നാവ് കടിച്ചുകൊണ്ട് ഒരു ആഘോഷം നടത്തിയിരുന്നു! ആത്മവിശ്വാസത്തിന്റെ പ്രതിരൂപമായിരുന്നു അയാള്‍ ആ മനോഭാവം തന്നെയാണ് ആത്യന്തികമായി അര്‍ജന്റീനയെ വിജയിപ്പിച്ചത്!

2024-ലെ കോപ്പ അമേരിക്കയില്‍ ബൂട്ട് കെട്ടുമ്പോള്‍ മെസ്സിയ്ക്ക് ഒന്നും തെളിയിക്കാന്‍ ബാക്കിയില്ലായിരുന്നു. എന്നിട്ടും പരിക്കിനെപ്പോലും വകവെയ്ക്കാതെ അയാള്‍ തകര്‍ത്തുകളിച്ചു. ഗ്രൂപ്പ് സ്റ്റേജിലെ അവസാന മത്സരത്തില്‍ മെസ്സി പങ്കെടുത്തില്ല എന്ന കാര്യം ഓര്‍മ്മിക്കണം. അയാള്‍ക്ക് ഭീഷണിയായി സദാസമയവും ലെഗ് ഇഞ്ച്വറി ഉണ്ടായിരുന്നു.

ഫൈനലിന്റെ ആദ്യ പകുതിയില്‍ മെസ്സിയ്ക്ക് ശക്തമായ ഒരു ചാലഞ്ച് നേരിടേണ്ടിവന്നിരുന്നു. ആ സമയത്ത് വേദനമൂലം അയാള്‍ പുളഞ്ഞതാണ്. പക്ഷേ മെസ്സി കളി തുടര്‍ന്നു. ഒടുവില്‍ അനങ്ങാന്‍ സാധിക്കാതെ വന്നപ്പോഴാണ് മെസ്സി മൈതാനം വിട്ടത്. അപ്പോഴേയ്ക്കും അയാളുടെ കണങ്കാല്‍ നീരുവന്ന് വീര്‍ത്തിരുന്നു. കാലില്‍ ഐസ്ബാഗ് വെച്ച് സൈഡ് ബെഞ്ചില്‍ ഇരുന്ന് മെസ്സി പൊട്ടിക്കരഞ്ഞു! ഒരു മനുഷ്യന് ജന്മനാടിനുവേണ്ടി ഇതില്‍ക്കൂടുതല്‍ എന്താണ് ചെയ്യാനാവുക!?

വിജയഗോള്‍ നേടിയതിനുശേഷം മാര്‍ട്ടിനെസ് ആദ്യം പോയത് മെസ്സിയുടെ അടുത്തേക്കായിരുന്നു. ഈ കപ്പിന് മെസ്സിയോളം അവകാശം മറ്റാര്‍ക്കുമില്ലെന്ന് മാര്‍ട്ടിനേസിന് അറിയാമായിരുന്നു! ഒരു സംശയവും വേണ്ട. ഈ കോപ്പ മെസ്സിയുടേതാണ്. കല്ലേറുകൊണ്ട് മുഴച്ച ശരീരമാണ് മെസ്സിയുടേത്. അയാള്‍ക്ക് പൂച്ചെണ്ടുകള്‍ നല്‍കിയേ മതിയാകൂ.
തന്റെ പ്രതാപകാലത്ത് മെസ്സി ചെയ്തുവെച്ചതിന്റെ പ്രതിഫലമാണ് ഈ ട്രോഫി. പണ്ട് കൊണ്ട വെയിലിന് മെസ്സി ഈ തണല്‍ അര്‍ഹിക്കുന്നു…!

Latest Stories

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി