അഭ്യുഹങ്ങള്‍ക്ക് ഇടവേള: റൊണാള്‍ഡോയും മാഡ്രിഡും പുതിയ നേട്ടത്തിനരികെ

റയല്‍ മാഡ്രിഡില്‍ നിന്നും റൊണാള്‍ഡോ കൂടുമാറുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് തല്‍ക്കാലം ഇടവേള. ലോറേഴ്‌സ് വേള്‍ഡ് സ്‌പോര്‍ട്‌സ് അവാര്‍ഡിലെ ഏറ്റവും മികച്ച കായിക താരത്തിനുള്ള നാമനിര്‍ദേശം ചെയ്യപ്പെട്ടവരില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇടം നേടി. 2017ലെ ഏറ്റവും മികച്ച കായികതാരം എന്ന പുരസ്‌കാരത്തിനാണ് റൊണാള്‍ഡോ നാമനിര്‍ദേശം ചെയ്യപ്പെട്ടിരിക്കുന്നത്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച ടീമിനുള്ള പുരസ്‌ക്കാരത്തിന് റയല്‍ മാഡ്രിഡും നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.

റാഫേല്‍ നദാല്‍, ഗര്‍ബിന്‍ മുരുഗെസ, സെര്‍ജിയോ ഗാര്‍ഷ്യ എന്നിവരാണ് റൊണാള്‍ഡോയ്‌ക്കൊപ്പം നാമനിര്‍ദേശം ചെയ്യപ്പെട്ടവര്‍. അടുത്ത മാസം 27ന് മൊണോക്കോയില്‍ വെച്ചാണ് പുരസ്‌ക്കാരം പ്രഖ്യാപിക്കുക. അതേസമയം, നാമനിര്‍ദേശം ചെയ്യപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും റയല്‍ മാഡ്രിഡ് സഹതാരങ്ങളുടെ പിന്തുണയാണ് തന്നെ ഈ നേട്ടത്തിലേക്ക് എത്തിച്ചതെന്നും റൊണാള്‍ഡോ വ്യക്തമാക്കി.

ടീമിലെ സഹതാരങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നന്ദിയറിച്ച് റൊണാള്‍ഡോ ട്വീറ്റ് ചെയ്തു. ഏറ്റവും മികച്ച തിരിച്ചുവരവ് നടത്തിയ ടീമിനുള്ള പുരസ്‌ക്കാരത്തിന് ബാഴ്‌സലോണയും നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.